Deshabhimani

ജയിലിൽ കഴിയുന്ന ഭീകരർക്ക് സാമ്പത്തിക സഹായം; കശ്മീരിൽ 10 പേർ അറസ്റ്റിൽ

terrorist funding

ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ 10 ഭീകര സഹായികളെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്ക്

Published on Oct 30, 2026, 09:07 PM | 1 min read

ജമ്മു: ലഷ്‌കർ-ഇ-തൊയ്ബ , അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവയുമായി ബന്ധമുള്ള ഭീകരവാദ ധനസഹായ ശൃംഖല തകർത്ത് ജമ്മു കശ്മീർ പൊലീസ്. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ 10 ഭീകര സഹായികളെ അറസ്റ്റ് ചെയ്തു.


വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ വഴി നടന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ശൃംഖലയുടെ പ്രവർത്തനം പുറത്തുവന്നത്. വിവിധ ജയിലുകളിൽ കഴിയുന്ന ഭീകരർക്കും അവരുടെ സഹായികൾക്കും സാമ്പത്തിക സഹായം എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.


പൊതുജനങ്ങളിൽനിന്ന് ചെറിയ സംഭാവനകൾ മുതൽ വലിയ തുകകൾ വരെ വ്യാജ ആവശ്യങ്ങൾ ഉന്നയിച്ച് സംഘം പിരിച്ചെടുത്തിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലൂടെ ഈ പണം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾക്കായി കൈമാറുകയായിരുന്നു.


ജയിലുകളിൽ കഴിയുന്ന ഭീകര കമാൻഡർമാർക്ക് പുറത്തുള്ള സഹായികളുമായി ബന്ധം തുടരുന്നതിനായി സ്മാർട്ട്ഫോണുകൾ വാങ്ങി രഹസ്യമായി ജയിലുകളിൽ എത്തിക്കാനും പണം ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ ജയിലിനുള്ളിൽനിന്നുതന്നെ ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.


അറസ്റ്റിലായ 10 പേരും ഷോപിയാൻ, പുൽവാമ, കത്വ ജില്ലകളിൽ നിന്നുള്ളവരാണ്. ശൃംഖലയുടെ കൂടുതൽ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുമുള്ള അന്വേഷണം തുടരുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home