പതിനായിരം രൂപ ശമ്പളം; അക്കൗണ്ടിൽ പെട്ടെന്ന് 10,000 കോടി രൂപ; പരിഭ്രാന്തിയിലായി മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ

സിക്കർ: പതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഇരുപത്തിരണ്ടുകാരന്റെ ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് 10,000 കോടി രൂപ. രാജസ്ഥാനിലെ സിക്കറിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ സമീർ ഖാനാണ് ഞെട്ടിക്കുന്ന ഈ അനുഭവമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ വേണ്ടി ബാങ്ക് ആപ്പ് തുറന്ന് ബാലൻസ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 10,000 കോടി രൂപയുടെ ലിയൻ (Lien) രേഖപ്പെടുത്തിയിരിക്കുന്നതായി സമീർ കണ്ടത്. ഇതോടെ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി.
തുടർന്ന് സമീർ തന്റെ തൊഴിലുടമയായ ധീരജ് ശർമ്മയോടൊപ്പം സിക്കർ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനാണ് പൊലീസ് നിർദ്ദേശിച്ചത്. ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് ഇതൊരു സാങ്കേതിക തകരാറാണെന്ന് അറിയാൻ കഴിഞ്ഞത്. പിന്നീട് ബാങ്ക് അധികൃതർ ഈ സാങ്കേതിക തകരാർ പരിഹരിക്കുകയും അക്കൗണ്ട് സാധാരണ നിലയിലാക്കുകയും ചെയ്തു.
തന്റെ കൈവശം 55,000 രൂപയോളമുണ്ടായിരുന്നെന്നും എന്നാൽ 10,000 കോടി രൂപയുടെ ലിയൻ വന്നതോടെ സ്വന്തം പണം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും സമീർ ഖാൻ പറഞ്ഞു. പൊലീസിനെയും ബാങ്കിനെയും സമീപിച്ചതിനെത്തുടർന്ന് പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.








0 comments