പ്രിൻസിപ്പൽ മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

കൽപ്പറ്റ: വിനോദയാത്രക്കിടെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമായി. പൊലീസ് ഇടപെട്ട് രണ്ട് ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഷിവി കൃഷ്‌ണൻ മദ്യപിച്ചില്ലെന്ന് തെളിഞ്ഞത്.
വ്യാഴം രാവിലെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മദ്യപിച്ചതായി ആരോപിച്ച് ഒരുസംഘം പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ തടഞ്ഞുവച്ച് അപമാനിച്ചത്. മദ്യപിച്ചില്ലെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടും അംഗീകരിച്ചില്ല. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ ഷിവി കൃഷ്‌ണന്റെ ആവശ്യപ്രകാരം രക്തസാന്പിൾ പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. ഇതിന്റെ ഫലമാണ് വെള്ളി വൈകിട്ട് പുറത്തുവന്നത്. ഇരുലാബുകളിലെ പരിശോധനയിലും ഷിവി കൃഷ്‌ണൻ മദ്യപിച്ചതായി കണ്ടെത്താനായില്ല.
വിഷയം അന്വേഷിക്കാൻ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ സുധ സ്‌കൂളിലെത്തി. ഉച്ചയോടെ സ്‌കൂളിലെത്തിയ ഡയറക്ടർ വിനോദയാത്രയ്‌ക്ക് പോയ വിദ്യാർഥികൾ, അധ്യാപകർ, പ്രിൻസിപ്പൽ, രക്ഷിതാക്കൾ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.









0 comments