ഹൈലോ ഓപ്പൺ ബാഡ്മിന്റൺ; പിവി സിന്ധു സെമിയിൽ

പിവി സിന്ധു| Photo: AFP
സാർബ്രൂക്കൻ : ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പിവി സിന്ധു സെമിഫൈനലിൽ. വനിതാ സിംഗിൾസ് ക്വാർട്ടറിൽ ജർമനിയുടെ അമാലി ഷുൾട്സിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു അവസാന നാലിൽ ഇടം നേടിയത്. സ്കോർ: 21–12, 21–10.
വെറും 27 മിനിറ്റിലാണ് ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിന്ധുവിന് മുന്നിൽ ജർമൻ താരത്തിന് വെല്ലുവിളി ഉയർത്താനായില്ല. 64 പോയിന്റുകളിൽ 42 എണ്ണവും താരം നേടി. ആറു പോയിന്റുകൾ തുടർച്ചയായി നേടുന്ന നേട്ടം രണ്ട് തവണയും സിന്ധു സ്വന്തമാക്കി.
സെമിഫൈനലിൽ ഇന്ത്യയുടെ അൻമോൾ ഖർബാണ് സിന്ധുവിന്റെ എതിരാളി. ഇതോടെ വനിതാ സിംഗിൾസ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ സാന്നിധ്യം ഉറപ്പായി. ആറാം സീഡ് ഉന്നതി ഹൂഡയെ ഒരു മണിക്കൂറും എട്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–17, 18–21, 21–16ന് തോൽപ്പിച്ചാണ് അൻമോൾ സെമിയിലെത്തിയത്. ഫ്രഞ്ച് ഓപ്പണിൽ റണ്ണറപ്പായ സിന്ധു തുടർച്ചയായ രണ്ടാം ടൂർണമെന്റിലും ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണ്.








0 comments