കൊല്ലം –കോട്ടയം മെമു എറണാകുളം വരെ നീട്ടും


സ്വന്തം ലേഖകൻ
Published on Oct 30, 2026, 09:45 PM | 1 min read
കൊല്ലം: കൊല്ലം– എറണാകുളം റൂട്ടിൽ കോട്ടയം വഴിയുള്ള ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരമായി. കൊല്ലം– കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിലെ രൂക്ഷമായ തിരക്ക് കുറയ്‌ക്കാൻ സഹായിക്കും. പുതിയ മെമു സർവീസ് തിങ്കളാഴ്ച പ്രഖ്യാപിക്കും. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പകൽ 1.40ന് പുറപ്പെടും. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വൈകിട്ട് 5.25ന് യാത്ര തിരിക്കും.
വൈകുന്നേരങ്ങളിൽ എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, കൊല്ലം മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിനു സ്ഥിരം യാത്രക്കാർ വേണാട് എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. വേണാടിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പുതിയ സർവീസ് ആരംഭിക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും റെയിൽവേ മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവർ നേരിടുന്ന നരകയാത്രയുടെ ചിത്രങ്ങളും വീഡിയോകളും കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ചിരുന്നു. വേണാടിന് മുമ്പ് പുതിയ സർവീസ് എറണാകുളത്തുനിന്ന് ആരംഭിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും ആവശ്യപ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോതുരുത്ത്, പെരിനാട് സ്‌റ്റേഷനുകളിൽ പുതിയ സർവീസിന് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.









0 comments