എംഡിഎംഎ മോഷണം: എസ്‌ഐ റിമാൻഡിൽ; അടുത്തയാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും

കൊച്ചി: പൊലീസ് സ്‌റ്റേഷനിൽ സീൽ ചെയ്‌ത് സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച ‘തൂഫാൻ പോരാളി’യായ എസ്‌ഐയെ റിമാൻഡ് ചെയ്‌തു. എറണാകുളം സെൻട്രൽ എസ്‌ഐ കാട്ടാക്കട സ്വദേശി അനസ് എസ് തൗഫീഖിനെയാണ് ജില്ലാ കോടതി റിമാൻഡ് ചെയ്‌തത്. അടുത്തയാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.
അനസിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. കേസ് നടപടികൾക്കുശേഷം നശിപ്പിക്കാൻ സൂക്ഷിച്ച എംഡിഎംഎയാണ് എസ്‌ഐ മോഷ്ടിച്ചത്. എളമക്കര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്തതാണിത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അലമാരയിൽ സീൽ ചെയ്‌ത കവറിലാണ് 87.370 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 18ന് ഇൗ കവർ അനസ് മോഷ്ടിക്കുകയും തിരികെ 26ന് സീൽ ചെയ്യാത്ത മറ്റൊരു കവർ കൊണ്ടുവയ്‌ക്കുകയും ചെയ്‌തു. ഇതിന് 202 ഗ്രാം തൂക്കമുണ്ടായിരുന്നു.









0 comments