പൂജയ്ക്കായി പൂക്കൾ പറിക്കുന്നതിനിടെ 23-ാം നിലയിൽ നിന്ന് വീണു; അച്ഛനും മകനും ദാരുണാന്ത്യം

നോയിഡ: ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വീണ് അച്ഛനും മകനും മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഗൗർ സിറ്റി 2-ലെ മഹാഗുൺ മൈവുഡ്സ് സൊസൈറ്റിയിൽ താമസിക്കുന്ന രൺദീപ് പത്ര (40), മകൻ ആരവ് (11) എന്നിവരാണ് മരിച്ചത്.
പൊലീസിന്റെ വിവരണം അനുസരിച്ച്, രാവിലെ പ്രാർഥനയ്ക്കായി പൂക്കൾ പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബാൽക്കണിയിലേക്ക് പടർന്നു കയറിയ ചെടിയിൽ നിന്ന് പൂക്കൾ പറിക്കാനായി മകൻ ആരവ് ഏണിയിൽ കയറുകയായിരുന്നു. ഏണിയിൽ നിന്ന് മകന്റെ കാലുതെറ്റി വീഴാൻ തുനിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന അച്ഛൻ രൺദീപ് മകനെ രക്ഷിക്കാൻ ശ്രമിക്കുകയും, തുടർന്ന് രണ്ടുപേരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയുമായിരുന്നു.
23-ാം നിലയിൽ നിന്ന് വീണ ഇരുവരും സൊസൈറ്റിയിലെ ക്ലബ്ബ് ഹൗസിന്റെ രണ്ടാം നിലയിലെ ടെറസിലേക്കാണ് പതിച്ചത്. വിവരം ലഭിച്ച പൊലീസ് ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശികളായ രൺദീപും ഭാര്യയും കേന്ദ്ര സർക്കാർ ജീവനക്കാരാണ്.
സംഭവത്തിൽ നിലവിൽ മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ പ്രവീൺ രഞ്ചൻ സിംഗ് അറിയിച്ചു.









0 comments