സൗദിയിലേക്കുള്ള വിമാന സർവീസ് നിയന്ത്രണം നവംബർ 14 വരെ നീട്ടി എയർ ഇന്ത്യ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
റിയാദ്, ദമ്മാം സർവീസുകൾ നവംബർ ഏഴ് വരെയും ജിദ്ദ സർവീസുകൾ ഒക്ടോബർ 31 വരെയുമാണ് നേരത്തെ നിർത്തിവെച്ചിരുന്നത്. ഒക്ടോബർ 30നോ അതിന് മുമ്പോ ടിക്കറ്റ് എടുത്ത് നവംബർ 14 വരെ യാത്ര നിശ്ചയിച്ചവർക്ക് ഒരുതവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. പുനഃക്രമീകരിച്ച യാത്ര നവംബർ 29 നകം പൂർത്തിയാക്കണം.
അതേസമയം, ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും റദ്ദാക്കി. ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ ഇൻഡിഗോയും നിർത്തിവെച്ചിട്ടുണ്ട്.
സൗദിയിലെ വ്യോമയാന അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ആക്രമണ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.









0 comments