യൂട്യൂബിൽ 10 കോടി കടന്ന് മിന്നൽവള

തിരുവനന്തപുരം : യൂട്യൂബിൽ 10 കോടി കടന്ന് നരിവേട്ട സിനിമയിലെ മിന്നൽവള ഗാനം. ജേക്സ് ബിജോയ്‌യുടെ സംഗീതത്തിൽ സിദ് ശ്രീറാം പാടി ഹിറ്റായ ഗാനത്തിൽ ടൊവിനോ തോമസ് നായകനായ പ്രിയംവദയുമാണ് അഭിനയിച്ചിരിക്കുന്നത്.
'മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. യൂട്യൂബിൽ 100 മില്യൺ കടന്നു. മലയാളം അറിയാത്തവർ പോലും ലിപ് സിങ്ക് ചെയ്ത് മിന്നൽവള പാടി. സിനിമയിലെ സീൻ പോലെ വിഡിയോ ഷൂട്ട് ചെയ്ത് റീലുകളും ഇറക്കി. ഈ പാട്ട് വന്നതിന് ശേഷമാണ് പലരും എന്റെ മുൻപത്തെ സിനിമകൾ പോലും കണ്ടുതുടങ്ങിയത്. ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകുന്നില്ല', നൃത്തം തന്റെ രക്തത്തിലുള്ളതാണെന്നും ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ടെന്നും അമ്മയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രിയംവദ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അനുരാജ് മനോഹർ സംവിധാനം ചെയ്ത സിനിമയാണ് 'നരിവേട്ട. 2003ലെ മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി കഥ പറഞ്ഞ ചിത്രം, റിലീസ് സമയത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പോലീസ് കോൺസ്റ്റബിളായി ടൊവിനോ തോമസും, ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദായി സുരാജ് വെഞ്ഞാറമൂടും, ഡിഐജി രഘുറാം കേശവായി ചേരനും വേഷമിടുന്നു. തമിഴ് സംവിധായകനും നടനുമായ ചേരൻ്റെ ആദ്യ മലയാള സിനിമയാണ് 'നരിവേട്ട'. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.










0 comments