അവാർഡ് തിളക്കത്തിൽ മഞ്ഞുമ്മൽ ബോയ്സും ബോഗയ്‌ന്‍വില്ലയും

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സും ബോഗയ്‌ന്‍വില്ലയും. ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ ആസ്പദമാക്കിയാണ് അമല്‍ നീരദ് 'ബോഗയ്ന്‍വില്ല' ഒരുക്കിയിരിക്കുന്നത്. ലാജോ ജോസിനൊപ്പം അമല്‍ നീരദ് കൂടി ചേര്‍ന്നാണ് തിരക്കഥ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരമാണ് ഇവർക്ക് ലഭിച്ചത്. സുഷിന്‍ ശ്യാം തന്റെ കരിയർ ബെസ്റ്റ് ഗാനങ്ങളുമായി എത്തിയ വർഷം കൂടിയാണ് 2024.
ബോഗയ്‌ന്‍വില്ലയിലെ മറവികളേ പറയൂ.., ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി എന്ന ഗാനങ്ങൾ സുഷിനെ മികച്ച സംഗീത സംവിധായകന് അർഹനാക്കി. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ റോണക്സ് സേവ്യർ സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരം സമീറ സനീഷിനാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾക്കനുസരിച്ച് വസ്ത്രങ്ങളൊരുക്കി എന്നതാണ് സമീറയെ അവാർഡിന് അർഹയാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് ജ്യോതിർമയിക്ക് പ്രത്യക ജൂറി പരാമർശവും ലഭിച്ചു.
2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് അവാര്‍ഡുകള്‍ വാരിക്കൂട്ടി എന്നു പറയാം. മികച്ച ചിത്രം, മികച്ച സംവിധായകന്‍, തിരക്കഥ അടക്കം 10 അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കി.'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രമായും മികച്ച സംവിധായകനായി ചിദംബരവും തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള അവാർഡ് സൗബിൻ ഷാഹിറും മികച്ച ഛായാഗ്രാഹകനായി ഷൈജു ഖാലിദും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ വേടൻ മികച്ച ഗാനരചയിതാവ് ആയി.
ഒറിജിനലിനെ വെല്ലുന്ന പശ്ചാത്തലമൊരുക്കിയ അജയൻ ചാലിശ്ശേരി മികച്ച കലാസംവിധായകനുള്ള അവാർഡിനർഹനായി. മികച്ച കളറിസ്റ്റിനുള്ള അവാർഡ് ശ്രീക് വാര്യർ സ്വന്തമാക്കി. ഷിജിൻ മെൽവിൻ ഹട്ടന് ശബ്ദരൂപകൽപ്പന, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്. ഇത് ഇരട്ടി മധുരമായി. കഥയുടെ ആഖ്യാനശൈലിക്ക് അനുസൃതമായി നിർവഹിച്ച ശബ്ദരൂപകൽപ്പനയ്ക്ക് അഭിഷേക് നായർക്കും ശബ്ദമിശ്രണത്തിന് ഫസൽ എ ബക്കറും പുരസ്കാരങ്ങൾ ലഭിച്ചു.










0 comments