print edition കബനീനദി ചുവന്നപ്പോൾ @50: നവഭാവുകത്വത്തിന്റെ ചുവപ്പുരാശി പടർത്തിയ രാഷ്‌ട്രീയ സിനിമ

പി വി ജീജോ
Published on Jul 16, 2026, 12:01 AM | 1 min read
കോഴിക്കോട്: മലയാള വെള്ളിത്തിരയിൽ നവഭാവുകത്വത്തിന്റെ ചുവപ്പുരാശി പടർത്തിയ രാഷ്‌ട്രീയസിനിമ ‘കബനീനദി ചുവന്നപ്പോൾ’ അമ്പതാണ്ടിന്റെ തിളക്കത്തിൽ. ഭരണകൂട ഭീകരതക്കെതിരെ രാഷ്‌ട്രീയചോദ്യങ്ങളുയർത്തിയ കബനിയുടെ ആദ്യ പ്രദർശനം 1976 ജൂലൈ 16നായിരുന്നു. വയനാട്ടിലെ ആദിവാസി ചൂഷണവും ജന്മിത്വത്തിന്റെ ക്രൂരതകളും അതിനെതിരായ സായുധ പോരാട്ടവുമായിരുന്നു പ്രമേയം. അടിയന്തരാവസ്ഥയുടെ അന്തരീക്ഷത്തിൽ ഭരണകൂട ഭീകരതയ്ക്കും ചൂഷണത്തിനുമെതിരെ ശബ്ദമുയർത്തുന്ന ഇടതുപക്ഷ രാഷ്ട്രീയാനുഭാവം പുലർത്തുന്ന സിനിമയായിത് ചർച്ചചെയ്യപ്പെട്ടു. യുവ വിപ്ലവകാരിയായ ഗോപിയെ പൊലീസ് വേട്ടയാടുന്നതും വെടിവച്ചുകൊല്ലുന്നതുമാണ് കഥ.
പൊലീസ് വേട്ടയാൽ നാടുവിട്ട ഗോപി നഗരത്തിലെത്തി കാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയുമായുള്ള സംഭാഷണത്തിലൂടെയാണ് സിനിമയുടെ രാഷ്‌ട്രീയം പ്രകാശിതമാകുന്നത്. പ്രണയവും വിമോചനസ്വപ്‌നങ്ങളും വ്യക്തിജീവിതസംഘർഷങ്ങളും അധികാര ആസുരതയും ഇതിൽ കടന്നുവരുന്നു. 1970–ൽ തിരുനെല്ലിയിൽ നക്‌സൽ നേതാവ് വർഗീസിനെ പൊലീസ് വെടിവച്ചുകൊന്നതിനോട് ചേർത്തുവായിക്കാവുന്നതായിരുന്നു ചിത്രം. വിഖ്യാത സംവിധായകൻ ടി വി ചന്ദ്രനാണ് നായകനായ ഗോപിയായി അഭിനയിച്ചത്. ചിന്ത രവി, ശാലിനി മർഡോൽക്കർ, ജെ സിദ്ദിഖി, സലാം കാരശേരി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
പി എ ബക്കർ ആദ്യമായി സംവിധാനം ചെയ്ത "കബനീനദി ചുവന്നപ്പോൾ' അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂൺ 25നാണ് ചിത്രീകരണം തുടങ്ങിയത്. ബംഗളൂരുവിന്റെ പരിസരത്തും വയനാട്ടിലുമായിരുന്നു ഷൂട്ടിങ്. ഭയത്തിന്റെയും നിശ്ശബ്ദതയുടെയും രാഷ്‌ട്രീയ കാലാവസ്ഥയോട് ചേർത്തുവായിച്ച സിനിമ ഫിലിം സൊസൈറ്റികൾ മുഖേനയാണ് പ്രദർശിപ്പിച്ചത്. ഭീഷണികൾ അതിജീവിച്ചായിരുന്നു ബക്കറും നിർമാതാവ് പവിത്രനും സിനിമ പൂർത്തീകരിച്ചത്. ചിത്രീകരണത്തിനിടയിൽ ഇരുവരെയും രണ്ടുതവണ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ചിത്രത്തില്‍നിന്ന് ആയിരത്തി എണ്ണൂറ് അടി വെട്ടിമാറ്റിയതടക്കം അധികാരത്തിന്റെ ക്രൂരത വേറേയും നേരിട്ടു. തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പൊലീസ് ഇടപെട്ടും തോന്നിയതെല്ലാം മുറിച്ചുനീക്കി. ചിത്രത്തിന്റെ സർഗാത്മകതക്കും വിഷയതീവ്രതക്കും ഇതുമൂലം അംഗഭംഗം വന്നെങ്കിലും പുരോഗമന സമൂഹത്തിൽ സിനിമ ചർച്ചയായി. 1976ൽ സംസ്ഥാനത്തെ നല്ല രണ്ടാമത്തെ സിനിമക്കും മികച്ച സംവിധായകനുമുള്ള അവാർഡുകളും ലഭിച്ചു. നായകനായ ടി വി ചന്ദ്രൻ, ആദം അയൂബ്, സേനൻ എന്നിവർ മാത്രമേ കബനിയുടെ ഓർമകളുമായി അന്പതാം വാർഷികവേളയിൽ ജീവിച്ചിരിപ്പുള്ളു.











0 comments