ad
Deshabhimani

തോട്ടപ്പള്ളിയിൽനിന്ന് ധാതുമണൽ എത്തുന്നില്ല

കെഎംഎംഎൽ പ്രതിസന്ധിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എം അനിൽ

Published on Jul 16, 2026, 12:39 AM | 3 min read

കൊല്ലം

ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്നും ധാതുമണൽ എത്താത്തതിനെ തുടർന്ന്‌ ചവറ കെഎംഎംഎല്ലിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്‌. കന്പനിയിൽ ധാതുമണൽ വേർതിരിക്കുന്ന എംഎസ്‌ യൂണിറ്റ്‌ പ്രവർത്തിപ്പിക്കാൻ അവശേഷിക്കുന്നത്‌ മൂന്നുമാസത്തേക്കുള്ള മണ്ണുമാത്രം. ധാതുമണൽ ലഭിച്ചില്ലെങ്കിൽ എംഎസ്‌ യൂണിറ്റ്‌ അടച്ചിടേണ്ടിവരും. ഇ‍ൗവർഷം ഇതുവരെ തോട്ടപ്പള്ളിയിൽനിന്നും മണ്ണ്‌ എത്തിയിട്ടില്ല. തോട്ടപ്പള്ളിയിൽനിന്നും ധാതുമണൽ കെഎംഎംഎല്ലിലേക്കും ചവറ ഐആർഇയിലേക്കും കൊണ്ടുപോകുന്നതിന്‌ ഇപ്പോൾ തടസ്സം നിൽക്കുന്നത്‌ യുഡിഎഫാണ്‌. വിഷയം അറിഞ്ഞിട്ടും കെഎംഎംഎല്ലിൽ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ്‌ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്‌തിട്ടില്ല. ഐഎൻടിയുസി യൂണിയൻ ഓഫീസ്‌ ഉദ്‌ഘാടനംചെയ്യാൻ എത്തുന്ന മുഖ്യമന്ത്രി തോട്ടപ്പള്ളി വിഷയത്തിൽ പ്രതികരിക്കുമെന്നാണ്‌ തൊഴിലാളികളുടെ പ്രതീക്ഷ. എംഎസ്‌ യൂണിറ്റിന്റെ പ്രവർത്തനത്തിന്‌ ഒരു വർഷം ആറ്‌ ലക്ഷം ടൺ ധാതുമണലും ഒരുമാസം 50000 ടൺ ധാതുമണലും (റാസാന്റ്‌) ആവശ്യമാണ്‌. കുറെക്കാലമായി പൊന്മനയിലെയും തോട്ടപ്പള്ളിയിലെയും ധാതുമണൽ ശേഖരമാണ്‌ കെഎംഎംഎല്ലിനെ പിടിച്ചുനിർത്തിയിരുന്നത്‌. ഇനി പൊന്മനയിൽ മാത്രം ഖനനംനടത്തി കെഎംഎംഎല്ലിന്‌ അധികം മുന്നോട്ടുപോകാനാകില്ല. ഡിസാസ്‌റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായാണ്‌ തോട്ടപ്പള്ളി സ്‌പിൽവേയിലെ പൊഴിയിൽനിന്നും മണ്ണ്‌ നീക്കംചെയ്യാൻ മുൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. മണ്ണിൽനിന്നും ധാതുക്കൾ വേർതിരിക്കാനുള്ള അവകാശം കേന്ദ്ര നിയമപ്രകാരം കെഎംഎംഎല്ലിനും ഐആർഇക്കും മാത്രമാണ്‌. ഇതിന്റെ അടിസ്ഥാനത്തിൽ 2020–25 കാലത്ത്‌ ഏകദേശം 15 ലക്ഷം ടൺ മണ്ണാണ്‌ തോട്ടപ്പള്ളിയിൽ നിന്നും കെഎംഎംഎൽ, ഐആർഇ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുള്ളത്‌. ഇറിഗേഷൻ വകുപ്പ്‌ വഴി 
സംസ്ഥാന സർക്കാരിന്‌ ഏകദേശം 62 കോടി രൂപയും ലഭിച്ചിട്ടുണ്ട്‌. തോട്ടപ്പള്ളിയിൽ ഒരു എംക്യൂ‍ബ്‌ മണ്ണിന്‌ 2020ൽ ഇറിഗേഷൻ വകുപ്പ്‌ നിശ്‌ചയിച്ച വില 464 രൂപയും 2025ൽ 956 രൂപയും ആണ്‌.


പൊതുമേഖലയെ കൈവിടരുത്‌

കൊല്ലം

നീണ്ടകര മുതൽ ആലപ്പാടു വരെ എട്ട്‌ ബ്ലോക്കായി തിരിച്ചാണ്‌ കെഎംഎംഎല്ലിനും ഐആർഇക്കും ധാതുമണൽ ഖനനം നടത്താൻ അവകാശമുള്ളത്‌. ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌ ബ്ലോക്കുകൾ കെഎംഎംഎല്ലിനും രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ ബ്ലോക്കുകൾ ഐആർഇക്കും ആണ്‌. കെഎംഎംഎൽ പിടിച്ചുനിന്നത്‌ തോട്ടപ്പള്ളിയിലെ ധാതുമണലിനെ ആശ്രയിച്ചാണ്‌. അതിനാണ്‌ യുഡിഎഫ്‌ തടസ്സമൊരുക്കിയത്‌. ധാതുമണലിൽനിന്നും എംഎസ്‌ യൂണിറ്റിൽ വേർതിരിക്കുന്നത്‌ ഇൽമനൈറ്റ്‌, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ്‌ എന്നിവയാണ്‌. ഇതിൽ ഇൽമനൈറ്റ്‌ കെഎംഎംഎല്ലിലെ ടിപി യൂണിറ്റിന്‌ നൽകുന്നു. ബാക്കിയുള്ള ധാതുക്കൾ പുറത്ത്‌ കെഎംഎംഎൽ വിൽക്കുന്നു. ഇൽമനൈറ്റിൽ നിന്നാണ്‌ ടിപി യൂണിറ്റ്‌ ടൈറ്റാനിയം പിഗ്‌മെന്റ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ഒരുവർഷം 75000 ടൺ ഇൽമനൈറ്റ്‌ ടിപി യൂണിറ്റിന്‌ ആവശ്യമാണ്‌. എന്നാൽ, എംഎസ്‌ യൂണിറ്റിൽ നിന്നും നൽകുന്നത്‌ 50000 ടൺ മാത്രം. ബാക്കി 25,000 ടൺ 75 കോടി രൂപ നൽകി കെഎംഎംഎൽ ഐആർഇയിൽനിന്നും വാങ്ങുകയാണ്‌. നീണ്ടകര പരിമണത്തുനിന്നും ഖനനത്തിന്‌ ഭൂമി ഏറ്റെടുക്കാനുള്ള തുടർ നടപടി വൈകുന്നതും കെഎംഎംഎല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. ധാതുമണലിൽനിന്നും ഇൽമനൈറ്റ്‌, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ്‌ എന്നിവ വേർതിരിക്കുന്നതിലൂടയും മൈനിങ്‌ ജിയോളജി വഴി സർക്കാരിന്‌ റോയൽറ്റിയായി ഒരുവർഷം മൂന്നുകോടി രൂപ ലഭിക്കുന്നുണ്ട്‌. ധാതുമണൽ വേർതിരിക്കുന്നതിലൂടെ പുറത്തുവരുന്ന മോണോസൈറ്റ്‌ പ്രയോജനപ്പെടുത്തി ക്രാക്കിങ്ങിലൂടെ ഓക്‌സൈഡ്‌ ഉൽപ്പാദിപ്പിക്കാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറാക്കിയ പദ്ധതിക്കും പുതിയ സർക്കാർ പച്ചക്കൊടി കാട്ടുന്നില്ല.


നാടിനെ ഇരുട്ടിലാക്കി വിസ്‌മയം

കൊല്ലം

നാടിനെ ഇരുട്ടിലാക്കി ജില്ലയിൽ വീണ്ടും ലോഡ്‌ഷെഡിങ്. കഴിഞ്ഞ പത്തുവർഷം നാട്ടുകാർക്ക്‌ പരിചിതമല്ലാതിരുന്ന ലോഡ്‌ഷെഡിങ് പൂർവാധികം ഭംഗിയായി തിരിച്ചുവന്നു. തിങ്കൾ മുതൽ ജില്ലയിൽ എല്ലായിടത്തും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായി. മുഖ്യമന്ത്രിയായ ശേഷം വ്യാഴാഴ്‌ച ആദ്യമായി ജില്ലയിലെത്തുന്ന വി ഡി സതീശനോട്‌ നാട്ടുകാർ ചോദിക്കുന്നൂ, ഇതാണോ വിസ്‌മയ ഭരണമെന്ന്‌. ഉപഭോഗം കൂടിയതിനനുസരിച്ച്‌ വൈദ്യുതി ഉറപ്പാക്കാനാകാതെ വന്നതാണ്‌ നിയന്ത്രണത്തിന്‌ നിർബന്ധിതമാക്കുന്നതെന്ന്‌ കെഎസ്‌ഇബി അധികൃതർ പറയുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഡിസംബർ വരെ പ്രതിസന്ധി നീളും. എന്നാൽ, സാഹചര്യം മുൻകൂട്ടിക്കണ്ട്‌ മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ്‌ യഥാർഥ കാരണം. രാത്രികാല കച്ചവടക്കാർക്ക്‌ മൂന്നു ദിവസത്തെ വൈദ്യുതി മുടക്കം ഇരുട്ടടിയായി. വീട്ടമ്മമാർ പരസ്യമായി രോഷം പ്രകടിപ്പിക്കുന്നു. ലോകകപ്പ്‌ ഫുട്‌ബോൾ സെമി ഫൈനലിന്റെ തുടക്കത്തിൽ കളിതുടങ്ങും മുമ്പേ പബ്ലിക്‌ സ്‌ക്രീൻ ഒരുക്കി പരിപാടികൾ സജ്ജമാക്കിയ യുവജനക്കൂട്ടായ്‌മകളും രോഷത്തിലാണ്‌. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 30 മിനിട്ട്ു മുതൽ 45 മിനിട്ടുവരെ രണ്ടും മൂന്നും തവണ വൈദ്യുതി മുടങ്ങിയിരുന്നു.


മുഖ്യമന്ത്രി ഇന്ന്‌ 
ജില്ലയിൽ

കൊല്ലം

മുഖ്യമന്ത്രി വി ഡി സതീശൻ വ്യാഴാഴ്‌ച ജില്ലയിൽ മൂന്ന്‌ പരിപാടികളിൽ പങ്കെടുക്കും. പകൽ മൂന്നിന്‌ ചവറ ടിസിഇസിയുടെ നവീകരിച്ച ഐഎൻടിയുസി ഭവൻ ഉദ്ഘാടനം ചെയ്യും. 3. 30ന്‌ കെഎഫ്‌പിഎസ്‌എ സുവർണ ജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളനം സിഎസ്ഐ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനംചെയ്യും. വൈകിട്ട്‌ നാലിന്‌ ആനന്ദവല്ലീശ്വരം എൻഎസ്‌എസ്‌ ആഡിറ്റോറിയത്തിൽ സി വി പത്മരാജൻ ഫ‍ൗണ്ടേഷന്റെ പുരസ്‌കാരം സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home