print edition ഇരുണ്ടകാലം തുടരും: 600 മെഗാവാട്ട് വരെ കുറവ്

തിരുവനന്തപുരം: മഴ പെയ്യുകയും ആളുകൾ എസിയും ഫാനും ഉപയോഗിക്കാതെ ഉപഭോഗം കുറയ്‌ക്കുകയും ചെയ്‌താൽ സംസ്ഥാനം ഇരുട്ടിലാകില്ലെന്നാണ് യുഡിഎഫ് സർക്കാരിലെ വൈദ്യുതി മന്ത്രി പറയുന്നത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ ലോഡ്‌ഷെഡ്ഡിങ്ങാണ് യുഡിഎഫ് സർക്കാരിന്റെ പരിഹാരമാർഗം.
ദിവസം 300 മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടെന്നാണ് അവകാശപ്പെടുന്നത്. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഹ്രസ്വകാല കരാറിലൂടെ ജൂലൈയിൽ 150 മെഗാവാട്ട് മാത്രമാണ് വാങ്ങിയത്. വലിയ പ്രതിസന്ധി പ്രതീക്ഷിച്ചില്ലെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറയുന്നത്.
സംസ്ഥാന വ്യാപകമായി ചൊവ്വയും ബുധനും രാത്രി 7.15 മുതൽ 12.15 വരെ പലതവണ വൈദ്യുതി മുടങ്ങി. ചൊവ്വാഴ്‌ച ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 19.82 ദശലക്ഷം യൂണിറ്റാണ്. ഉപഭോഗം 88.64 ദശലക്ഷം യൂണിറ്റും. 300 മെഗാവാട്ട് വൈദ്യുതിക്ക് പുതിയ ടെൻഡറിന് അനുമതിക്കായി റെഗുലേറ്ററി കമീഷന് കഴിഞ്ഞ ദിവസം കെഎസ്‌ഇബി അപേക്ഷ സമർപ്പിച്ചു.
അഞ്ച് വർഷത്തേക്കുള്ള കരാർ ജനുവരിയോടെയേ പ്രാബല്യത്തിൽ വരൂ. സോളാർ എനർജി കോർപറേഷനിൽ (സെകി)നിന്ന് പുനരുപയോഗ ഊർജം വാങ്ങാനും നീക്കമുണ്ട്. 25 വർഷത്തേക്കുള്ള കരാർ നിലവിൽവരാൻ രണ്ടുവർഷം കഴിയും.വൈദ്യുതി ലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാൻ ലാഭകരമായ ദീർഘകാല കരാറുകളാണ് വേണ്ടത്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, ബെസ് തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. ഇതൊന്നും ചെയ്യാതെ സംസ്ഥാനത്തെ വീണ്ടും ഇരുണ്ടകാലത്തേക്ക് കൊണ്ടുപോകുകയാണ് സർക്കാർ.











0 comments