ad
Deshabhimani

പാഠമായി
തഴവയുടെ 
ഹൃദയതാളം

നെയ്തെടുത്ത ജീവിതങ്ങൾ ഡോക്യുമെന്ററിയിൽ നിന്നുള്ള രംഗം

നെയ്തെടുത്ത ജീവിതങ്ങൾ ഡോക്യുമെന്ററിയിൽ നിന്നുള്ള രംഗം

avatar
സുരേഷ് വെട്ടുകാട്

Published on Jul 16, 2026, 12:39 AM | 2 min read

കരുനാഗപ്പള്ളി

" കീറിച്ചുറ്റി നെയ്തെടുത്തൊരു കനവു കണ്ടടി പെണ്ണേ ..’ തഴനാമ്പുകൾ അതിരു പങ്കിടുന്ന തഴവയുടെ ഹൃദയതാളം ഇനി പാഠപുസ്തകത്തിലും. ഇ‍ൗ ഗ്രാമത്തിന്റെ യശസ്സ് ലോകമെമ്പാടും എത്തിച്ചത് തഴപ്പായ്കളിലൂടെയായിരുന്നു. ഒരു തലമുറ സ്വപ്നം കണ്ടതും ചിന്തിച്ചതും ജീവിച്ചതുമെല്ലാം തഴവയിൽ നെയ്തെടുത്ത തഴപ്പായകളിൽ ഉണ്ടുറങ്ങിയാണ്‌. അഞ്ചുവർഷം മുമ്പ് തഴവയെക്കുറിച്ച്‌ പ്രവാസിയായ എ ബി ഷാഹുൽ ഹമീദ് നിർമിച്ച് അനി മങ്ക് രചനയും സംവിധാനവും നിർവഹിച്ച "നെയ്തെടുത്ത ജീവിതങ്ങൾ " എന്ന ഡോക്യുമെന്ററിയിലെ ആമുഖ ഗാനമാണ്‌ പ്ലസ്‌ വൺ പാഠപുസ്തകത്തിൽ ഇടംപിടിച്ചത്‌. ഭാഷാ പഠനത്തിൽ സാംസ്കാരിക വിനിമയം എന്ന ഭാഗത്ത് തഴപ്പാട്ട് എന്ന പേരിലാണ് വരികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രചയിതാവിന്റെ പേരും തഴപ്പാട്ടിന്റെ പശ്ചാത്തലത്തിൽ ജീവിതാവസ്ഥയെക്കുറിച്ച് വിവരിക്കുക എന്ന അനുബന്ധപ്രവർത്തനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് തഴവയുടെ നാട്ടിൻപുറങ്ങളിൽ സമൃദ്ധമായിരുന്ന കൈതോലകൾ കൊണ്ടാണ്‌ പഴയ തലമുറ തഴപ്പായ നെയ്‌തിരുന്നത്‌. വിവിധ രൂപങ്ങളിൽ അവ ലഭിച്ചിരുന്നു. പഴയ കാലത്ത് കുതിരപ്പന്തി, ചൂനാട്, താമരക്കുളം, മണപ്പള്ളി, കടേക്കചന്ത തുടങ്ങിയ വിവിധ മാർക്കറ്റുകളിലെ പ്രധാനപ്പെട്ട ഉൽപ്പന്നമായിരുന്നു ഇത്‌. ആ പായയുടെ പ്രശസ്തി മലയാളിയെ വീണ്ടും ഓർമിപ്പിക്കുകയായിരുന്നു അന്ന്‌ ഗാനമൊരുക്കുമ്പോഴുള്ള ലക്ഷ്യം. ഡോക്യുമെന്ററിയുടെ തുടക്കത്തിൽ ഒരു ഗാനം ഉൾപ്പെടുത്താം എന്ന് സംവിധായകൻ കൂടിയായ അനി മങ്ക് തീരുമാനിക്കുകയായിരുന്നു. പലരെയും സമീപിച്ചെങ്കിലും പാട്ടായില്ല. ഒടുവിൽ സ്വയം എഴുതി. "കുളക്കരയിലെ കൈത പൂത്തപ്പോൾ എന്ന് തുടങ്ങിയ വരികൾ "പാകം വന്നൊരു പായതുമ്പേൽ പാട്ടുംകേട്ടു ഞാനിരുന്നേ..’ എന്നാണ്‌ അവസാനിക്കുന്നത്. അടുത്തിടെ അന്തരിച്ച സാവത്രിയമ്മയാണ്‌ പാടിയത്‌. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും പാട്ട് ഏറ്റുപാടി. ചൂട്ടു മോഹനന്റെ നേതൃത്വത്തിൽ ഇ‍ൗ പാട്ട് നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടു. പതിനാലോളം ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അനി മങ്കിന്റെ ഏറ്റവും ശ്രദ്ധേയമായ ഡോക്യുമെന്ററിയായി ഇത് മാറി. പത്താം ക്ലാസിൽ വിജയിക്കാത്ത തന്റെ പാട്ട്‌ പ്ലസ്‌വൺ വിദ്യാർഥികൾ പഠിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന്‌ അനി മങ്ക്‌ പറയുന്നു. കുട്ടനാട്ടിലെ ഹൗസ് ബോട്ടുകൾ ജലാശയങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചും ചെട്ടികുളങ്ങര കുംഭഭരണി, നമ്മുടെ കായംകുളം, വെളിച്ചം തുടങ്ങി വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്‌. ഭാര്യ: ജസിയ മക്കൾ: ആദിൽ, അജു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home