ad
Deshabhimani

print edition മന്ത്രിപദവിക്ക്‌ 3 കോടി; കോൺഗ്രസിൽ പുതിയ വിവാദം

Vidya Balakrishnan
വെബ് ഡെസ്ക്

Published on Jul 16, 2026, 12:45 AM | 2 min read

കോഴിക്കോട്‌: മന്ത്രി പദവി വാഗ്ദാനംചെയ്ത്‌ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച്‌ എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണൻ നൽകിയ പരാതി കോൺഗ്രസിനുള്ളിൽ പുതിയ വിവാദത്തിന്‌ തിരികൊളുത്തി. പരാതിക്കിടയാക്കിയ സംഭവം പാർടി നേതൃത്വത്തെയോ സർക്കാർ സംവിധാനങ്ങളെയോ അറിയിക്കാതെ മൂടിവെച്ചതിൽ ദുരൂഹതയുണ്ട്‌. സംഭവം നടന്ന്‌ ആറുദിവസത്തിനുശേഷമാണ്‌ എംഎൽഎ സിറ്റി പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌. ‌


എംഎൽഎയുടെ പരാതി പ്രകാരം ജൂലൈ ആറിന്‌ രാത്രിയാണ്‌ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന പേരിൽ വാട്‌സാപ്പിൽ വിളിച്ചത്‌.

ജില്ലയിലെ ഒരു എംപിയാണ്‌ ഫോൺ നമ്പർ നൽകിയതെന്ന്‌ പറഞ്ഞു. പണം നൽകിയാൽ മന്ത്രിപദം നൽകാമെന്നും അറിയിച്ചു. സംസാരം തുടർന്നപ്പോൾ എംഎൽഎ ഇവർക്ക്‌ പണം നൽകാമെന്ന്‌ സമ്മതിച്ചു. ഇക്കാര്യം എംപിയെ വിളിച്ച്‌ അറിയിച്ചുവെന്നും ഹൈക്കമാൻഡിൽനിന്ന്‌ വിളിച്ചയാൾക്ക്‌ രണ്ട്‌ എംഎൽഎമാരുടെ നമ്പർ നൽകിയെന്ന്‌ എംപി പറഞ്ഞതായും വിദ്യ പറയുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽനിന്ന്‌ ഇത്തരമൊരു ഫോൺകോൾ ഉണ്ടായിട്ടില്ലെന്ന്‌ സ്ഥിരീകരിച്ചശേഷമാണ്‌ പരാതി നൽകിയതെന്നാണ്‌ വാദം.


എന്നാൽ, ഇ‍ൗ വിവരം ജില്ല, സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിട്ടില്ല. വിഷയം പത്രത്തിൽ വായിച്ചാണ്‌ അറിഞ്ഞതെന്ന്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ പ്രതികരിച്ചു. പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ ഭാഗത്തുനിന്ന്‌ വീഴ്ചയുണ്ടായെന്നാണ്‌ കോൺഗ്രസിനുള്ളിലെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന ജില്ലയിലെ നേതാവായിട്ടും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാത്തതും ചർച്ചയായി. വിദ്യയുടെ പരാതിയിൽ സൈബർ പൊലീസ്‌ അന്വേഷണം തുടങ്ങി. ഡൽഹി കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.


‘പെട്ടി കൈയിലുണ്ടോ, 
എന്തുമാക്കാം’


തിരുവനന്തപുരം: ‘‘ഹലോ, മൂന്ന് കോടി രൂപയുണ്ടോ... മന്ത്രിയാക്കാം’’–എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനാണ്‌ കോൾ വന്നത്‌. പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിൽനിന്നാണത്രേ. പണത്തിന്റെ കാര്യമല്ലേ, പ്രിയങ്ക വാധ്രെ എന്ന്‌ പറയണം. ‘‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും. മൂന്ന്‌ കോടി രൂപ തന്നാൽ മതി, ഒരു വകുപ്പെടുത്ത്‌ കൈയിൽ തരും. വേണോ’’– ഒറ്റച്ചോദ്യം. ഒരു എംപി തന്ന നമ്പരാണെന്നാണ്‌ ഫോൺ വിളിച്ച രാജ്കുമാർ അവകാശപ്പെട്ടത്.


എംപി ആരാണെന്ന് വിദ്യക്ക് മനസ്സിലായി. പ്രിയങ്കയുടെ ഓഫീസ്‌, എംപി നമ്പർ കൊടുക്കുന്നു, എംഎൽഎയെ മന്ത്രിയാക്കാമെന്ന്‌ ഓഫർ വരുന്നു. കോൺഗ്രസിൽ ഇതല്ല ഇതിനപ്പുറം നടക്കും. മാധ്യമപ്രവർത്തകർ ഇക്കാര്യം മുഖ്യമന്ത്രിയോടുതന്നെ ചോദിച്ചു. പുനഃസംഘടനയിൽ വിദ്യയെ മന്ത്രിയാക്കുന്നുണ്ടോ? പൂക്കിച്ചിരിയോടെ ‘ഞാൻ അറിഞ്ഞില്ലല്ലോ’ എന്ന്‌ മറുപടി. എന്താല്ലേ...!


യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതുമുതൽ സെക്രട്ടറിയറ്റിലും നിയമസഭയിലും മന്ത്രിമാരുടെ ഓഫീസിലും ഇതുതന്നെയാണ് സ്ഥിതി.

കൈയിൽ പണമുണ്ടെങ്കിൽ ട്രാൻസ്‌ഫർ വേണോ, പ്ലീഡറാകണോ, സ്ഥാനക്കയറ്റം വേണോ, ബോർഡിലോ കോർപറേഷനിലോ കേറണോ, ചുളുവിൽ വിമാനത്താവളം വേണോ.. എന്തും നടക്കും. ഏത്‌ ലോ കോളേജിലെ കെഎസ്‌യു ആയാലും അതാണ്‌ അവസ്ഥ. പെട്ടിയുടെ കനവും നോട്ടിന്റെ എണ്ണവുമനുസരിച്ച്‌ സ്ഥാനം കിട്ടും. പവർക്കട്ടിൽ ഇരുത്തിയാലും ജനം ഇതൊക്കെ കാണുന്നുണ്ടെന്ന്‌ ഓർക്കുമോ ആവോ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home