print edition കേരളം, മലയാളം, മലയാള സിനിമ

ജിപി രാമചന്ദ്രൻ
Published on Nov 01, 2026, 01:30 AM | 5 min read
ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്ന അമ്പതുകളിലെയും അറുപതുകളിലെയും സിനിമകളിൽ മലയാള സാഹിത്യത്തിന്റെ തുടിപ്പും ചൈതന്യവും നിറഞ്ഞുനിന്നിരുന്നു. സാമൂഹ്യ നവോത്ഥാനത്തിന്റെ പാതയിലൂടെ മലയാളി നടന്നുവന്ന വഴികളെ അന്നത്തെ സിനിമ സ്വാംശീകരിച്ചു. സമ്പന്നനും ദരിദ്രനും തമ്മിലുള്ള സംഘർഷത്തിൽ ദരിദ്രന്റെ പക്ഷത്തും ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യത്തിൽ കുടിയാന്റെ ഭാഗത്തും സവർണനും അവർണനും തമ്മിലുള്ള പോരിൽ അവർണന്റെ ഒപ്പവുമാണ് അന്നത്തെ സിനിമ നിലകൊണ്ടത്.
മറ്റ് ഇന്ത്യൻ ഭാഷാസിനിമകളിൽനിന്ന് വ്യത്യസ്തമായി ആദ്യകാലത്തുതന്നെ മലയാള സിനിമ, പുരാണ കഥകളേക്കാൾ സാമൂഹ്യകഥകൾക്കാണ് പ്രാധാന്യം നൽകിയത്. സാമൂഹ്യ നാടകമാ (സോഷ്യൽ ഡ്രാമ)യാണ് ജെ സി ഡാനിയേൽ വിഗതകുമാരന്റെ (1928) കഥ ആലോചിച്ചെടുക്കുന്നത്. സസ്പെൻസും കായിക പോരാട്ടവും പ്രണയവും അതിലെല്ലാമുപരിയായി അന്നത്തെ തിരുവിതാംകൂറിന്റെ ഏകദേശ സ്പർശവും തന്റെ കഥയിൽ അദ്ദേഹം വിലയിപ്പിച്ചു.
ആദ്യകാല സിനിമകളായ മാർത്താണ്ഡവർമയും ജ്ഞാനാംബികയും സ്ത്രീയും സാഹിത്യകൃതികളെ അവലംബിച്ചെടുത്തവയായിരുന്നു. മാനുഷികമൂല്യങ്ങളെ വിഗണിക്കുന്ന പുതിയ പണാധിപത്യത്തെ തുറന്നുകാട്ടാനുള്ള ഒരു ശ്രമമായിരുന്നു, ഇതേത്തുടർന്നിറങ്ങിയ ജീവിതനൗക (1951)യുടെ സവിശേഷത.
മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി, നിണമണിഞ്ഞ കാൽപ്പാടുകൾ, ഭാർഗവീനിലയം, ഓടയിൽ നിന്ന്, മുറപ്പെണ്ണ്, ചെമ്മീൻ, രമണൻ, ഇരുട്ടിന്റെ ആത്മാവ്, അശ്വമേധം, പരീക്ഷ, അസുരവിത്ത്, യക്ഷി, തുലാഭാരം, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, ഡോക്ടർ, മൂടുപടം, അമ്മയെ കാണാൻ, ആദ്യകിരണങ്ങൾ, റോസി, പകൽക്കിനാവ്, റൗഡി, കരുണ, ഇന്ദുലേഖ, ബാല്യകാലസഖി, അന്വേഷിച്ചു കണ്ടെത്തിയില്ല, കടൽപ്പാലം എന്നീ സിനിമകളൊക്കെ അറുപതുകളിലിറങ്ങിയവയാണ്. മലയാള സാഹിത്യവും സിനിമയും തമ്മിൽ അക്കാലത്തുണ്ടായിരുന്ന അഭേദ്യബന്ധത്തിന്റെ തെളിവാണിത്.
അയിത്തത്തിനും ജാതി അസമത്വത്തിനും ദാരിദ്ര്യത്തിനും കീഴാളവർഗത്തിന്റെ അധഃസ്ഥിതാവസ്ഥയ്ക്കുമെതിരെയുള്ള സമൂഹ മനസ്സാക്ഷി പ്രതിഫലിപ്പിച്ചവയാണ് നവലോകം (1951), നീലക്കുയിൽ (1954), ന്യൂസ് പേപ്പർ ബോയ് (1955), രാരിച്ചൻ എന്ന പൗരൻ (1956), മുടിയനായ പുത്രൻ (1961)പോലുള്ള സിനിമകൾ. ജന്മിവർഗത്തിൽപ്പെട്ട നായകൻ, നിഷ്കളങ്കയും താഴ്ന്ന ജാതി/വർഗത്തിൽപ്പെട്ടവളുമായ നായികയെ പ്രലോഭിപ്പിച്ച് വശത്താക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്യുന്ന നീലക്കുയിലിലെ ഇതിവൃത്തം ജാതി, വർഗം, ലിംഗം എന്നീ മൂന്നു ഘടനയിലെയും ചൂഷക/ചൂഷിത വിഭാഗങ്ങളെ നിർണയിക്കുകയും എളുപ്പത്തിൽ ക്രോഡീകരിക്കുകയും ചെയ്തു. ഐക്യ കേരളത്തിന്റെ ചലച്ചിത്ര പ്രതിനിധാനമെന്ന് അതിനെ വിളിക്കാം.
കെ രാഘവൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ആ ചിത്രത്തിലുൾച്ചേർത്തിട്ടുള്ള ഗാനങ്ങൾ കേരളീയതയുടെയും കേരളത്തിന്റെയും അംശങ്ങളെങ്കിലും നിലനിൽക്കുന്ന അത്രയും കാലം നിലനിൽക്കും എന്നതുറപ്പാണ്. പുലയന്റെയും പാണന്റെയും മാപ്പിളയുടെയും നായരുടെയും പാട്ടുകൾ അതതു സമുദായത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ച് മുഴുവൻ മലയാളിയെക്കൊണ്ടും പാടിപ്പിച്ചു എന്ന ചരിത്രപരമായ കടമ നിർവഹിക്കാൻ നീലക്കുയിലിന്റെ സംഘാടകർക്ക് സാധിച്ചു. കേരളത്തെ മതനിരപേക്ഷവൽക്കരിക്കുന്നതിലും ജനാധിപത്യവൽക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും നാടോടിവഴക്കങ്ങളുടെ സംഗീത പാരമ്പര്യത്തെ പൊതുസ്ഥലത്തേക്ക് സാമാന്യവൽക്കരിച്ച ചലച്ചിത്രഗാനശാഖ ചെയ്ത സംഭാവന വളരെ വലുതാണ്. അതിന് തുടക്കം കുറിച്ചത് നീലക്കുയിലാണ്.
പി രാമദാസിന്റെ രചന എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത‘ന്യൂസ് പേപ്പർ ബോയ്’ (1955) മലയാള സിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. കാലം തെറ്റിപ്പിറന്നതും തികച്ചും യഥാതഥമായ സമീപനം സ്വീകരിച്ചതും അതേസമയം അന്നത്തെ കാലത്തിനനുസരിച്ച് സാധ്യമായത്ര ചലച്ചിത്രാത്മകമായിരുന്നതുമായ ഒരു സിനിമയാണത്. രാമുകാര്യാട്ട് നിർവഹിച്ച അത്ഭുതകരമായ സംഘാടനമാണ് ചെമ്മീനെ (1966) മികവുറ്റതാക്കിയത്.
തകഴിയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ ഈ സിനിമയിലൂടെ കാര്യാട്ട് കേരളീയ ചലച്ചിത്രഭാവനയെ ദേശീയമായി വ്യാപിപ്പിക്കുകയും രാഷ്ട്രപതിയുടെ സ്വർണകമലമടക്കമുള്ള പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഭാർഗവീനിലയം (1964– വൈക്കം മുഹമ്മദ് ബഷീർ/ എ വിൻസന്റ്) മലയാള സിനിമയുടെ ചരിത്രം; അത് വിശദീകരിക്കാൻ കഴിയാതെ പോയ നിരൂപണത്തിന്റെ പരാജയ ചരിത്രം; സാഹിത്യത്തിന്റെ അനുബന്ധവും നിറവും എല്ലാം ഒത്തുചേർന്ന വിസ്മയകരമായ ഈ സിനിമ, ജീവിക്കാൻ നിങ്ങളെ വീണ്ടും പ്രേരിപ്പിക്കുന്ന പ്രിയങ്കരിയായ പ്രേതത്തിന്റെ പ്രണയകഥയാണ്.
പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും (1970) - സാഹിത്യകൃതികളിൽനിന്നാർജിച്ച സാമൂഹ്യചരിത്രബോധവും കേരളത്തിലെ ചലച്ചിത്രപ്രവർത്തനത്തിന്റെ പരാജയ-വിജയങ്ങളിൽനിന്നു ലഭിച്ച പാകതയും സമ്മേളിക്കുന്ന അപൂർവമായ ഒരു സിനിമയാണ്. അടിസ്ഥാന വർഗത്തിന്റെ രാഷ്ട്രീയ പ്രസക്തിയെ ആധുനിക നാഗരിക സമൂഹം അനിശ്ചിതത്വത്തിലാക്കുന്നതാണ് അനുഭവങ്ങൾ പാളിച്ചകൾ (1971 തകഴി/കെ എസ് സേതുമാധവൻ)സിനിമയുടെ കാലിക പശ്ചാത്തലം.
മാറിയ കാലത്തിന്റെ നെടുകെ ഓടാൻ കഴിയാത്ത ഗ്രാമീണ ജീവിതങ്ങളുടെ നിസ്സഹായതയുടെയും അരക്ഷിതത്വത്തിന്റെയും വ്യവഹാര പാഠങ്ങളാണ് എം ടിയുടെ നിർമാല്യം (1973). ഈ ചിത്രം ഒരു അന്തരാള കാലത്തിന്റെ നേർമുറിയാണ്. ജന്മിത്തത്തിൽനിന്ന് ജനായത്തത്തിലേക്കുള്ള പ്രയാണത്തിലെ രക്തസാക്ഷിയാണ് വെളിച്ചപ്പാട്. ജി അരവിന്ദന്റെ ഉത്തരായനം (1975) സ്വതന്ത്ര ഭാരതത്തിലെ യുവതലമുറ നേരിട്ട മോഹഭംഗങ്ങളെയും തൊഴിലില്ലായ്മയെയും അങ്ങേയറ്റം യാഥാർഥ്യബോധത്തോടെ വരച്ചുകാട്ടുന്നു. അരവിന്ദന്റെ മറ്റു സിനിമകളും ചരിത്രവുമായി കലാത്മകത നടത്തുന്ന അഭിമുഖങ്ങളായിരുന്നു.
ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങളും അത് ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിലും പ്രണയത്തിലും ഉണ്ടാക്കുന്ന വലിയ പ്രതിസന്ധികളും പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ (1976) ആഴത്തിൽ ചർച്ച ചെയ്യുന്നു. വ്യക്തിയുടെ ആന്തരിക സംഘർഷങ്ങളെയും സാമൂഹിക അധികാരബന്ധങ്ങളെയും കേരളീയ ജീവിതത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളെയും സവിശേഷമായ ദൃശ്യഭാഷയിലൂടെ ആവിഷ്കരിച്ച അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ മലയാളിയുടെ ആത്മപരിശോധനയ്ക്കുള്ള അസാധാരണമായ ഇടങ്ങളായി മാറി. എഴുപതുകളിൽ മലയാള സിനിമയിൽ സംഭാവ്യമായ ഭാവുകത്വ പരിണാമത്തിന്റെ ആദ്യ പഥികരിലൊരാളും വഴികാട്ടിയുമായിരുന്നു കെ പി കുമാരൻ.
സ്ഫോടനാത്മകമായ ഗ്രാമത്തെയാണ് കെ ജി ജോർജ് ഇരകൾ (1986), കോലങ്ങൾ (1981) പോലുള്ള സിനിമകളിൽ സധൈര്യം അവതരിപ്പിച്ചത്. ആവർത്തിക്കപ്പെട്ടതിനാൽ സത്യമെന്നുതന്നെ തോന്നിപ്പിച്ച ഗ്രാമ-നഗര വൈരുധ്യത്തിന്റെ വാർപ്പുമാതൃകകൾതന്നെയായിരുന്നു മലയാളിയുടെ സ്വപ്നോപഭോഗത്തിന്റെ കാൽപ്പനികച്ചന്തകളിൽ പ്രിയമേറിയിരുന്ന ചരക്ക്. കേരളത്തിന്റെ പ്രശ്നങ്ങൾ; രാഷ്ട്രീയ പ്രതിസന്ധി, തൊഴിലില്ലായ്മ, പരിസ്ഥിതി നാശം, ദേശീയ സ്വത്വ പ്രതിസന്ധി, വർഗീയത, സ്ത്രീ പ്രശ്നം, ദളിത് പ്രശ്നം എന്നിവയൊക്കെ സമഗ്രമായോ അല്ലാതെയോ വിലയിരുത്താനുള്ള രാഷ്ട്രീയ ശ്രമമാണ് ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ (1986).
കേരള ചരിത്രത്തിലെ പ്രോജ്വലവും ഇതിഹാസ സമാനവുമായ ഒരു വിപ്ലവമുന്നേറ്റത്തെ അതീവ ശ്രദ്ധയോടെയും അതിലേറെ പോരാളികളോടും അവർ ഉയർത്തിപ്പിടിച്ച സൈദ്ധാന്തിക -പ്രായോഗിക ശരിമയോടും തീർത്തും പ്രകടമായ ചായ്വ് ഉയർത്തിപ്പിടിക്കുന്ന രീതിയിലുമാണ് ലെനിൻ രാജേന്ദ്രൻ മീനമാസത്തിലെ സൂര്യൻ (1986) ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഗോള മൂലധനത്തിന്റെയും അതിന്റെ കൊളോണിയൽ ബാന്ധവത്തിന്റെയും പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സ്വത്വം, അവകാശം, കൂലി, സ്വാതന്ത്ര്യം, വിമോചനം തുടങ്ങിയ രാഷ്ട്രീയ ആശയങ്ങൾ ഉണ്ടാക്കുന്ന അനുരണനങ്ങളാണ് രവീന്ദ്രന്റെ ഒരേ തൂവൽപക്ഷികളുടെ (1988) പ്രതിപാദ്യം.
ഐക്യ കേരള പരിസരത്തിൽ സ്വാതന്ത്ര്യം, വ്യക്തി, അധികാരം തുടങ്ങിയവ സസൂക്ഷ്മം വിശകലനം ചെയ്യുകയും സമൂഹത്തിൽ രൂപപ്പെട്ട അധികാരരൂപങ്ങൾ വെളിപ്പെടുത്തുകയുമാണ് ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി (1988) ചെയ്യുന്നത്. ജാതി മത വർഗീയ ശക്തികളും യാഥാസ്ഥിതികരും എല്ലാം ചേർന്ന് 1957ലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുന്നതും അത് കേന്ദ്രസർക്കാർ സാധ്യമാക്കിക്കൊടുക്കുന്നതുമായ പിന്തിരിഞ്ഞു നടത്തത്തിന്റെ കഥയാണ് ടി വി ചന്ദ്രന്റെ ഓർമകളുണ്ടായിരിക്കണം (1995). അദ്ദേഹത്തിന്റെ മറ്റു സിനിമകളും കേരളം എന്ന തീക്ഷ്ണ യാഥാർഥ്യത്തെ അഭിമുഖീകരിച്ചു.
ചരിത്രബോധം നഷ്ടമായ ഒരു രാഷ്ട്രീയ സമുദായത്തെക്കുറിച്ചും അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു കുടുംബകത്തെക്കുറിച്ചുമുള്ള വേവലാതികളാണ് പ്രിയനന്ദനൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ (2002) എന്ന സിനിമയുടെ സത്യസന്ധത. സംഘടിതമായ ഒരു തൊഴിലാളിവർഗ മനോഭാവം രൂപപ്പെടാനുള്ള സാമൂഹിക സാഹചര്യം ഇല്ലാതിരുന്ന കാലത്തെ തൊഴിലാളികളുടെ യാതനകളെ ആഴത്തിൽ സന്നിവേശിപ്പിക്കുന്നുണ്ട് രാജീവ് രവി തുറമുഖം (2023) എന്ന സിനിമയിൽ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം (2022) തമിഴ്നാടിന്റെ ദേശ പശ്ചാത്തലത്തിൽ ഒരുക്കപ്പെട്ട ഒരു സമ്പൂർണ മലയാള സിനിമയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (2021) എന്ന ജിയോ ബേബിയുടെ സിനിമ ജനപ്രിയ കമ്പോളം ചരിത്രം മാറ്റിമറിച്ചു. മീടു ക്യാമ്പയിൻ, വിമൻ ഇൻ സിനിമ കലക്റ്റീവിന്റെ രൂപീകരണം എന്നീ ചരിത്ര മുന്നേറ്റങ്ങൾ, സ്ത്രീ എന്നത് വശീകരണക്കാരിക്കും കുലസ്ത്രീയ്ക്കുമിടയിൽ പിളർത്തേണ്ട തിന്മ/നന്മ മരമാണെന്ന സാമ്പ്രദായിക വീക്ഷണത്തെയും കടലിലൊഴുക്കിയിരിക്കുന്നു.
ശരീരത്തിന്റെയും ലിംഗപരതയുടെയും സമകാലികവും ചരിത്രപരവുമായ രാഷ്ട്രീയമാണ് ബി 32 മുതൽ 44 വരെ (2023) എന്ന സിനിമയിൽ സംവിധായക ശ്രുതി ശരണ്യം ചർച്ച ചെയ്യുന്നത്. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് (if on a winter's night/2025) ആചാരം, സദാചാരം, കുടുംബം, ജാതി, ഭാഷ, ദാരിദ്ര്യം, നിസ്സഹായത എന്നിങ്ങനെ വ്യക്തിജീവിതങ്ങളെയും മനുഷ്യബന്ധങ്ങളെയും അസാധ്യവും ദുസ്സഹവുമാക്കുന്ന ഡൽഹി എന്ന ഇന്ത്യൻ തലസ്ഥാന നഗരം പശ്ചാത്തലസാന്നിധ്യത്തിലൂടെയും യാഥാർഥ്യവിശകലനത്തിലൂടെയും രേഖപ്പെടുത്തപ്പെടുന്ന അസാധാരണമായ ഊർജമുള്ള സിനിമയാണ്.
ഡോ. രേഖാരാജിന്റെ തിരക്കഥ, സങ്കൽപ്പനത്തിലും രാഷ്ട്രീയ ഭാവനയിലും മികവ് പുലർത്തി. കൃഷാന്തിന്റെ മസ്തിഷ്കമരണം(2026) എന്ന സിനിമ, ഭാവിയുടെ വിമർശമാണ്. അതുകൊണ്ടുതന്നെ ഭാവനയുടെ വിമർശവുമാണ്. ഏറ്റവും നിർണായകമായ പ്രശ്നം മലയാള സിനിമ ആവിഷ്കരിക്കുന്ന കേരളം, മലയാളം, മലയാളി ഏതാണ് എന്നുള്ളതുതന്നെയാണ്. വർഗീയവാദിയും ആഭാസനുമായ ഒരു കച്ചവട സിനിമാ മലയാളിയെയല്ല സമാന്തര സിനിമ പ്രതിനിധാനം ചെയ്യുന്നത് എന്നത് തീർച്ചയാണ്.
എന്നാൽ പ്രവാസവും അഭയാർഥിത്വവും ലൈംഗികഭയങ്ങളും മുതലാളിത്തത്തിന്റെ കൊള്ളനീതികളും നാടുവാഴിത്തത്തിന്റെ ഇനിയും വിട്ടുമാറാത്ത സാംസ്കാരിക അവശേഷിപ്പുകളും ചേർന്ന് കലുഷമാക്കിയ കേരളീയ ജീവിതത്തിന്റെ അനാഥത്വങ്ങളെ ഏതു സിനിമയിലാണ് സത്യസന്ധമായി ആത്മാർഥമായി നമുക്ക് നേരിൽ കാണാൻ കഴിയുന്നത് എന്ന അന്വേഷണമാണ് അനുവാചകൻ ഉയർത്തുന്നത്. അഥവാ ഉയർത്തേണ്ടത്. ഈ അന്വേഷണത്തെ അഭിമുഖീകരിക്കാൻ മലയാള ചലച്ചിത്രകാരൻ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.









0 comments