ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ്
നിർമാണ അഴിമതി വിജിലൻസ് അന്വേഷിക്കണം

കാലടി പഞ്ചായത്തിന്റെ നിർമാണം നിലച്ച ബസ് സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്
കാലടി
ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തെക്കുറിച്ചും പഞ്ചായത്ത് പ്രവർത്തനങ്ങളെ സംബന്ധിച്ചും വിജിലൻസ് അന്വേഷണം വേണമെന്ന് കാലടി പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 കോടി രൂപ നിർമാണ ചെലവ് വരുന്ന ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് പ്ലാൻ ദീർഘകാല കാഴ്ചപ്പാടില്ലാതെയാണ് രൂപകൽപ്പന ചെയ്‌തിരി്ക്കുന്നത്. റോഡിന് അഭിമുഖമായി 100 മീറ്റർ നീളത്തിൽ മതിയായ ദൂരപരിധി പാലിക്കാതെ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നല്ലൊരു ഭാഗം എംസി റോഡ് നാലുവരി പാതയാക്കുമ്പോൾ പൊളിക്കേണ്ടിവരും.
പദ്ധതിക്ക് സാങ്കേതിക അനുമതി നൽകേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയർ ആണെന്നിരിക്കെ ഇപ്പോൾ അക്രഡിറ്റഡ് ഏജൻസിയുടെ ചീഫ് എൻജിനീയറാണ് സാങ്കേതിക അനുമതി നൽകിയിരിക്കുന്നത്. അക്രഡിറ്റഡ് ഏജൻസി നൽകിയ വിശദമായ പദ്ധതി രേഖ, സാങ്കേതിക അനുമതി എന്നിവ തദ്ദേശവകുപ്പ് ചീഫ് എൻജിനീയറോ എൻജിനീയറിങ് വിഭാഗമോ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ടെണ്ടർ വിളിച്ച് അക്രഡിറ്റഡ് ഏജൻസിയായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർമാണ ചുമതല നൽകിരുന്നു.
എന്നാൽ ഉപകരാറിൽ എഎവൈകെഎവൈ കൺസ്ട്രക്ഷൻസും ഉപകരാർ ഒപ്പിട്ടിരിക്കുന്നു. 4. 5 കോടി രൂപ സ്ഥിര നിക്ഷേപമായി പഞ്ചായത്തിന്റെ പക്കൽ ഉള്ളപ്പോഴാണ് പ്രോജക്ടിന് മൂന്ന്കോടിരൂപ കെയുആർഡിഎഫ്സി യിൽ നിന്ന് 11 ശതമാനം പലിശ നിരക്കിൽ വായ്പ എടുത്തിരിക്കുന്നത്. ബസ് ടെർമിനൽ ഷോപ്പിങ്‌കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനങ്ങളും നടപടിക്രമങ്ങളും അഴിമതി നടത്തുക എന്ന ഉദ്ദേശത്തോടെയും സാമ്പത്തികം നഷ്ടം വരുത്തുന്നതുമാണ്. അനാസ്ഥയെ സംബന്ധിച്ച് അന്വേഷിച്ച് അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് അംഗങ്ങളായ എം ടി വർഗീസ്, ഷിൻ മാത്യു, പീറ്റർ ഇത്താപ്പിരി, പി എം അരുൺദാസ്, ബേബി കാക്കശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments