കാർത്തിക് സുബ്ബരാജിന്റെ 'ഡൊറോത്തി' ടൊറണ്ടോ ചലച്ചിത്ര മേളയിൽ
ഒട്ടാവ: കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഡൊറോത്തി ടൊറണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നുവെന്ന കുറിപ്പോടെ കാർത്തിക് സുബ്ബരാജ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കാനഡയിലെ ഫെസ്റ്റിവൽ വേദിയിൽ ഇന്ന് ചിത്രത്തിന്റെ ആഗോള പ്രീമിയർ നടക്കും. ഋഷികാന്ത്, സനന്ത്, ജീവ സുബ്രഹ്മണ്യൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജാതിയുടെയും വേട്ടയാടലുകളുടെയും വേരുകളാഴ്ന്ന ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, ഒരേ മണ്ണിൽ ഒന്നിച്ച് വേരുറച്ചു വളർന്ന രണ്ടു ബാല്യകാല സുഹൃത്തുക്കളുടെ കഥയാണിത്. ചുറ്റുമുള്ള ലോകത്തിന്റെ ക്രൂരമായ നിയമങ്ങളെ അവർ ചോദ്യം ചെയ്യാതെ അനുസരിച്ചുപോകുമ്പോൾ, ആ ഗ്രാമത്തിലേക്ക് ഒരു വിദേശ വനിത കടന്നുവരുന്നു—ഡൊറോത്തി.
അവരുടെ ഏകാന്തവും പരുക്കനുമായ ലോകത്തേക്ക് പ്രതീക്ഷയുടെ ഒരു വെളിച്ചമായി ഡൊറോത്തി കടന്നുവരുമ്പോൾ അവിടെയെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ, തികഞ്ഞ കരുണയോടെ അവർ ചുറ്റുമുള്ള അടിച്ചമർത്തലുകളെയും ഹിംസയെയും നിശബ്ദമായി ചോദ്യം ചെയ്യുന്നു. അവളുടെ സാന്നിധ്യം ആ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെയും നിലനിൽപ്പിന്റെയും അർത്ഥങ്ങളെ പൂർണ്ണമായി മാറ്റിമറിക്കുകയാണ്.
പുരുഷാധിപത്യ സമൂഹത്തിന്റെ വിഷലിപ്തമായ വശങ്ങളെയും ജാതിവ്യവസ്ഥയുടെ ഭീകരതയെയും ഡൊറോത്തി എങ്ങനെ പ്രതിരോധിക്കുന്നു എന്നതാണ് ഈ കഥയുടെ കാതൽ. കാർത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, അച്ചിൻ ജെയിൻ, ഗുനീത് മോംഗ കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.










0 comments