ad
Deshabhimani

രൂപയുടെ മൂല്യം ഇടിയുമ്പോൾ എന്താണ് സംഭവിക്കുക? അറിയേണ്ട കാര്യങ്ങൾ

Indian Rupee Reuters
വെബ് ഡെസ്ക്

Published on Sep 11, 2026, 07:24 PM | 2 min read

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഓരോ ചലനവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഫലിക്കും. രൂപയുടെ മൂല്യം ഇടിയുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും നിലപാട്. എന്നാൽ ഡോളറിന് മുന്നിൽ രൂപ കൂപ്പുകുത്തുമ്പോൾ രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.


ഡോളർ-രൂപ വിനിമയ നിരക്ക് സാമ്പത്തിക സ്ഥിതിയുടെ ഏക അളവുകോലല്ല. എന്നാൽ ഇന്ത്യ പോലെ ഇറക്കുമതിയെ ആശ്രയിച്ച് മുന്നോട്ടു പോകുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇറക്കുമതി ചെലവ്, പണപ്പെരുപ്പം, ഇന്ധനവില, വിദേശവായ്പ ബാധ്യത തുടങ്ങിയ ഘടകങ്ങൾ ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളാണ്. ആ​ഗോളതലത്തിൽ തുടരുന്ന അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലക്കയറ്റവും മാത്രമല്ല കേന്ദ്രസർക്കാരിന്റെ വ്യക്തതയില്ലാത്ത നയങ്ങളും ഇതിന് കാരണമായിട്ടുണ്ട്.


ഇന്ന് രൂപ ഡോളറിനെതിരെ 95.55 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചക്കിടെ രൂപയുടെ മൂല്യം 1.1 ശതമാനം വരെ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ രാജ്യത്തെ ഇറക്കുമതി ബിൽ വർധിച്ചു. ഇതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്ന പ്രധാന ഘടകങ്ങളിലൊന്ന്.


ഇന്നും അവശ്യവസ്തുക്കൾക്കും ഇന്ധനത്തിനും വിദേശ വിപണികളെ അമിതമായി ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഡോളർ കരുത്താർജിക്കുകയും രൂപയുടെ മൂല്യം ദുർബലമാവുകയും ചെയ്യുമ്പോൾ ഡോളറിൽ പണം നൽകേണ്ട ഇറക്കുമതിക്ക് വർധിക്കും. ഈ ചെലവ് ഭാരമാകുന്നത് സാധാരണക്കാർക്കായിരിക്കും. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയിലാണ്. കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റഷ്യയിൽ നിന്നായിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ട്രംപ് വിലക്കിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് വർധിച്ചു.


രൂപയുടെ മൂല്യം ഇടിയുന്നത് എണ്ണ ഇറക്കുമതിയെ മാത്രമല്ല അസംസ്കൃത വസ്തുക്കൾ, ഇലക്ട്രോണിക് ഘടകങ്ങൾ, യന്ത്രസാമ​ഗ്രികൾ, രാസവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങളെയും ബാധിക്കും. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ചെലവ് ഉയരുന്നത് ഉല്പാദനച്ചെലവിലും പ്രതിഫലിക്കും. ഇറക്കുമതിച്ചെലവ് വർധിച്ചാൽ അതിന്റെ ഒരു ഭാ​ഗം ഉപഭോക്താക്കളിലേക്ക് കൈമാറും. ഇന്ധച്ചെലവ് ഉയർന്നാൽ ​ഗതാ​ഗതച്ചെലവും ഉയരും. ഉല്പാദനവും ചരക്കുനീക്കവും ചെലവേറിയതാകുമ്പോൾ ഉല്പന്നങ്ങളുടെ വില ഉയരാൻ കാരണമാകും. ഇത്തരത്തിൽ രൂപയുടെ മൂല്യത്തകർച്ച വിനിമയ വിപണിയെ മാത്രമല്ല, സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും ബാധിക്കുമെന്ന് ചുരുക്കം. എണ്ണയടക്കം എല്ലാ മേഖലയിലും കോർപ്പറേറ്റുകൾ പിടിമുറുക്കിയതിനാൽ തന്നെ രൂപയുടെ തകർച്ചയെ കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് അംഗീകരിക്കാതെ ഇതൊന്നും ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടിലാണ് കേന്ദ്രവും കേന്ദ്ര ബാങ്കും. ജനങ്ങളെ മറന്ന് കോർപ്പറേറ്റുകളൾക്ക് തടിച്ചു കൊഴുക്കാനുള്ള അവസരമൊരുക്കുന്ന ഈ നയം രാജ്യത്തെ കൂടുതൽ സാമ്പത്തിക അസമത്വത്തിലേക്കും തകർച്ചയിലേക്കുമാണ് നയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home