ad
Deshabhimani

ചന്ദർകുഞ്ജ് ഫ്ലാറ്റ് പൊളിക്കാൻ അനുമതി; ഹര്‍ജി തള്ളി ഹൈക്കോടതി

chandarkunju
വെബ് ഡെസ്ക്

Published on Sep 11, 2026, 07:53 PM | 1 min read

കൊച്ചി: നിർമാണപ്പിഴവുമൂലം തകർന്ന എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ്‌ സൈനിക ഫ്ലാറ്റ്‌ സമുച്ചയം പൊളിക്കല്‍ ടെന്‍ഡറിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. ദുര്‍ബലാവസ്ഥയിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അധികൃതർ മരടിലെ ഫ്ലാറ്റ് പൊളിച്ച കമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാൽ ഈ നടപടിയെ ചോദ്യം ചെയ്ത് രണ്ട് കമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


മരടിൽ മുൻപ് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയ എഡിഫിസ് എൻജിനീയറിങ് എന്ന കമ്പനിക്ക് കരാർ നൽകിയ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജികളാണ് കോടതി തള്ളിയത്. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചുകൊണ്ടാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നായിരുന്നു കമ്പനികളുടെ ആരോപണം. തുടർന്ന് വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.


ഏറ്റവും കുറഞ്ഞ നിരക്ക് കോട്ട് ചെയ്തത് തങ്ങളാണെന്നും ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എഡിഫിസ് എൻജിനീയറിങ്ങിന് അനർഹമായി കരാർ നൽകിയെന്നുമാണ് ഹർജികളിലെ ആരോപണം. എന്നാൽ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കെട്ടിടങ്ങൾ സുരക്ഷിതമായി തകർത്ത പരിചയസമ്പത്തുള്ള കമ്പനിയാണ് എഡിഫിസ് എൻജിനീയറിങ് എന്ന് അധികൃതർ കോടതിയെ അറിയിച്ചു.

പൊതുതാല്‍പ്പര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് എഡിഫൈസ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതെന്ന് അധികൃതർ കോടതിയില്‍ പറഞ്ഞു.


നിർമാണപ്പിഴവുമൂലം തകർന്ന ഇരട്ട ടവറുകൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്‌ പൊളിക്കുന്നത്‌. 29 നിലകൾ വീതമുള്ള രണ്ട് വലിയ ടവറുകളാണ് പൊളിച്ചുനീക്കേണ്ടിവരുന്നത്. 204 അപാർട്ട്‌മെന്റുകളുള്ള ഇവിടെ വിമുക്തഭടന്മാരുടെ 152 കുടുംബങ്ങളാണ്‌ താമസിച്ചിരുന്നത്‌. എല്ലാവരെയും മറ്റിടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചുകഴിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home