ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; അനുകുമാരി ജിഎസ്ടി സ്പെഷ്യൽ കമീഷണൽ, ശ്രീധന്യ കാസർകോട് കലക്ടർ

അർജുൻ പാണ്ഡ്യൻ, ശ്രീധന്യ സുരേഷ്, അനുകുമാരി
തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 36 സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മാറ്റി. ശബരിമലയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എന്ന എക്സ് കേഡർ തസ്തികയും പുതുതായി സൃഷ്ടിച്ചു.
മൂന്ന് ജില്ലകളിലെ കലക്ടർമാർരെ സ്ഥലംമാറ്റി. അനു കുമാരിയെ തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും ജിഎസ്ടി (GST) സ്പെഷ്യൽ കമീഷണറായി മാറ്റി നിയമിച്ചു. സംസ്ഥാന ലോട്ടറി ഡയറക്ടറായിരുന്ന അഞ്ജു കെ എസ് ആണ് പുതിയ കലക്ടർ. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിയുടെ ചെയർപേഴ്സന്റെ അധിക ചുമതലയും നൽകി. കാസർകോട് ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കൃഷി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേര അഡീഷണൽ പ്രോജക്ട് ഡയറക്ടർ, സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ അധിക ചുമതലകളും നൽകി.
ഭക്ഷ്യ സുരക്ഷ കമീഷണൽ ശ്രീധന്യ സുരേഷാണ് കാസർകോട് കലക്ടർ. ഫിഷറീസ് വകുപ്പ് ഡയറക്ടർ ചെൽസ സിനിയെ വയനാട് കലക്ടറായി മാറ്റി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വനം-വന്യജീവി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി നിയമിച്ചു. തൊഴിൽ നൈപുണ്യ, കശുവണ്ടി വികസന വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ പൂർണ അധിക ചുമതലയും നൽകി.
ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രേണു രാജിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി. ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എംഡി എന്നീ അധിക ചുമതലകളും നൽകിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി എംഡി ചുമതലകളിൽ നിന്ന് രേണു രാജിനെ ഒഴിവാക്കി.









0 comments