ജനജീവിതം ദുരിതത്തിലാക്കി യുഡിഎഫ് കെടുകാര്യസ്ഥത; ശക്തമായ പ്രതിഷേധമുയർത്തും: സിപിഐ എം

തിരുവനന്തപുരം : കേരള ജനതയുടെ ജീവിതമാകെ ദുരിതകയത്തിലാക്കുന്ന പവർക്കെട്ടിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. വൈദ്യുത മേഖലയിൽ യുഡിഎഫ് സർക്കാർ കാണിക്കുന്ന കെടുകാര്യസ്ഥതയ്‌ക്കെതിരെ ശനിയാഴ്ച ബ്രാഞ്ച് തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഐ എം ആഹ്വാനം ചെയ്‌തു.
എൽഡിഎഫ് സർക്കാർ ഭരണത്തിലിരുന്ന പത്ത് വർഷക്കാലം പവർകട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ദീർഘ വീക്ഷണത്തോടെ നടത്തിയ ഇടപെടലുകളായിരുന്നു ഇതിന് കാരണം. 2017 ലും 2023 ലും ദേശീയ തലത്തിൽതന്നെ ഗുരുതരമായ പ്രതിസന്ധികളുണ്ടായി. കൽക്കരി ക്ഷാമം, മഴക്കുറവ്, ജലവൈദ്യുത ഉൽപാദനത്തിലെ കുറവ്, ഉപഭോഗത്തിലെ വർധനവ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഈ ഘട്ടത്തിലും ഉയർന്നുവന്നിരുന്നു. ലഭ്യമായ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്തി വ്യക്തമായ ആസൂത്രണത്തോടെ ഇടപെട്ടതുകൊണ്ടാണ് പവർകട്ട് ഇല്ലാതെ പ്രതിസന്ധി ഘട്ടത്തിലും കേരളം മുന്നോട്ടുപോയത്.
കേരളത്തിന്റെ വൈദ്യുതി പ്രശ്‌നങ്ങളെ മനസ്സിലാക്കി ഇടപെടുന്നതിൽവന്ന കെടുകാര്യസ്ഥത എൽഡിഎഫ് സർക്കാരിന്റെ മേൽ കെട്ടിവയ്ക്കുന്നതിനായി കള്ളക്കഥകളും ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. 2015 ൽ ഒപ്പിട്ട 765 മെഗാവാട്ടിന്റെ പദ്ധതി ഇല്ലാതാക്കി എന്നതാണ് ആരോപണം. വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി ഇല്ലാതെ നടപടിയിലേക്ക് കടന്നതിനാൽ അവർ എതിർപ്പ് അറിയിച്ചു. എന്നാൽ ഈ ഘട്ടത്തിലും നടപടി ക്രമങ്ങൾ പൂർത്തിയാവുന്നത് വരെ കരാർ പ്രകാരമുള്ള വൈദ്യുതി കേരളം വാങ്ങിയിരുന്നു. എന്നാൽ, നടപടികൾ പരിശോധിച്ച് റെഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കിയതോടെയാണ് അതിന് തടസ്സം നേരിട്ടത്.
എൽഡിഎഫ് സർക്കാർ ഈ അവസരത്തിൽ കരാർ പുനഃസ്ഥാപിക്കാനുള്ള നടപടിയിലേക്ക് കടന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ വസ്‌തുതകളെല്ലാം മറച്ചുവെച്ച് കള്ളക്കഥകളാണ് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. പ്രതിസന്ധി ന്യായീകരിക്കുന്നതിന് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിന് പകരം പ്രായോഗിക നടപടികളിലേക്കാണ് സംസ്ഥാന സർക്കാർ കടക്കേണ്ടത്. സ്വയം സൃഷ്‌ടിച്ച പ്രതിസന്ധി അവസരമാക്കി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന വൈദ്യുതി സ്വകാര്യവൽക്കരണത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടാനുള്ള ഗൂഢശ്രമങ്ങളും ഒപ്പം നടക്കുന്നുണ്ട്. ഇത് പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുകയേയുള്ളുവെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി.








0 comments