ഒമാൻ മലയാളി ഡയറക്ടറിയുടെ പ്രവർത്തനം സലാലയിൽ തുടങ്ങി

സലാല : ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ഒക്ടോബർ 23ന് വൈകിട്ട് നാലിന് മസ്കത്തിലെ ഷെറേട്ടൺ ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഡയറക്ടറി പ്രകാശനം ചെയ്യും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 2000 ഒമാൻ മലയാളികളുടെ വിവരങ്ങളാണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡോ. പി മുഹമ്മദ് അലി മുഖ്യ രക്ഷാധികാരിയും അബ-്‌ദുൾ ലത്തീഫ് ഉപ്പള, പി എൻ സി മേനോൻ, എം എ മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ആമീൻ സേട്ട്, മമ്മൂട്ടി, അബ്ദുൾ വാഹിദ്, എ കെ എബ്രഹാം രാജു, ഡോ തോമസ് അലക്സാണ്ടർ, ഡോ. ഡേവിസ് കല്ലൂക്കാരൻ, ഡോ. രഞ്ചി മാത്യു കുര്യൻ, രാജു മേനോൻ, രാജൻ പോൾ എന്നിവർ രക്ഷാധികാരികളും, നജീബ് ചാലിക്കണ്ടി മുഖ്യ ഉപദേഷ്ടാവുമായ സമിതിയുടെ നേതൃത്വത്തിലാണ് ഡയറക-്‌ടറിയുടെ പ്രവർത്തനം.
സലാലയിലെ മലയാളി പ്രമുഖരുടെ വിവരങ്ങൾ ചേർക്കാനായി കൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ പി സുകുമാരൻ ഡയറക്ടറിയുടെ പ്രവർത്തനം വിശദീകരിച്ചു. അസോസിയേറ്റ് എഡിറ്റർ അമീനയുടെ നേതൃത്വത്തിൽ പ്രമുഖ മലയാളികളുടെ വിവരങ്ങൾ ശേഖരിച്ചു. ലോക കേരള സഭാഗം ഗംഗാധരൻ അയ്യപ്പൻ, കെഎംസിസി പ്രസിഡന്റ് വി പി അബ്ദുൾ സലാം, ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ, കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ, പ്രസിഡന്റ് മൻസൂർ പട്ടാമ്പി, ടിസ പ്രസിഡന്റ് സജീർ ഖാൻ, പ്രവാസി വെൽഫയർ അബ്ദുള്ള തുടങ്ങിയവരും സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. എക്ളെൻസ് ഗ്ലോബൽ ആണ് പ്രസാധകർ. ഡയറക്ടറി സലാല കോ ഓർഡിനേറ്റർ മുഹമ്മദ് റസൽ സ്വാഗതവും രാജൻ കോക്കൂരി നന്ദിയും പറഞ്ഞു.









0 comments