ഉലകനായകനിലേക്കുള്ള ദശാവതാരപ്പിറവിയുടെ അത്ഭുതയാത്ര

KAMAL HAASAN
avatar
ഹർഷിദ ബത്താലി

Published on Nov 07, 2025, 10:48 AM | 3 min read

സകലകലാവല്ലഭനിൽ നിന്നും ഉലകനായകനിലേക്ക്. കമൽ ഹാസന്റെ സിനിമാ യാത്ര അത്ഭുതമാണ്. വെള്ളിത്തിരയിൽ ആറ് പതിറ്റാണ്ടിലേറെയായി അത്ഭുതങ്ങൾ മാത്രം ബാക്കിവെച്ചുകൊണ്ടാണ് ഉലകനായകൻ ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്. ഒരു നടനെന്നതിനപ്പുറം ഒരു സിനിമാ എൻസൈക്ലോപീഡിയയായി അദ്ദേഹം നിലകൊള്ളുന്നു. അഭിനയ ജീവിതത്തിൽ അദ്ദേഹം സഞ്ചരിച്ച ദൂരം കേവലം കഥാപാത്രങ്ങളുടെ എണ്ണത്തിൽ ഒതുങ്ങുന്നില്ല. അത് കലയുടെ വിവിധ തലങ്ങളെ സ്പർശിച്ചുള്ള ഒരു തീർത്ഥാടനമായിരുന്നു.


ഉയരം കുറഞ്ഞവനായും, വൃദ്ധനായും, സ്ത്രീയായും, വില്ലനായും ഒരേസമയം പത്ത് രൂപങ്ങളിലായും ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയ ഒരു മാന്ത്രികനാണ്. സിനിമയെ കലയായി മാത്രം കാണാതെ, ശാസ്ത്രമായും പരീക്ഷണശാലയായും കണ്ട ഈ 'സകലകലാവല്ലഭന്റെ' ജീവിതം തന്നെ ഇന്ത്യൻ സിനിമയുടെ ഒരു പാഠപുസ്തകമാണ്.


അഞ്ചാം വയസ്സിൽ തുടങ്ങി, ഇതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഒരു കാവ്യശില്പം പോലെയാണ്. നൃത്തത്തിലും പ്രണയത്തിലും വിരഹത്തിലും ഊന്നിയ ആദ്യകാല ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളെ സ്പർശിച്ച അതേ കമൽ പിന്നീട് വിരൂപനും, വൃദ്ധനും, നിശ്ശബ്ദനുമായ കഥാപാത്രങ്ങളായി വന്ന് അമ്പരപ്പിച്ചു.

kamal as dwarf

കമലിന്റെ സിനിമാ ജിവിതം മൂന്ന് ഭാ​ഗങ്ങളായി തിരിക്കാം. നൃത്തവും പ്രണയവും വിരഹവും പ്രമേയമാക്കിയ ആദ്യകാല സിനിമകൾ. പിന്നീട്, വൃദ്ധനും വിരൂപനും കുഞ്ഞനും നിശ്ശബ്ദനുമായി അദ്ദേഹം നിറഞ്ഞാടി. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ അദ്ദേഹം സ്വയം ഉരുകിച്ചേർന്നു. ഈ പരീക്ഷണ സിനിമകളായിരുന്നു രണ്ടാം ഘട്ടം. ഒടുവിൽ, മാസ് ആക്ഷൻ സ്വഭാവങ്ങളോടെ, ഒറ്റ സിനിമയിൽത്തന്നെ ദശാവതാരം പൂണ്ട മൂന്നാം അധ്യായം. സിനിമയുടെ അതിരുകൾ അദ്ദേഹം നിഷ്പ്രയാസം മായ്ച്ചുകളഞ്ഞു.


1960-ൽ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിൽ അഞ്ചാം വയസ്സിലാണ് കമൽ ഹാസൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. മലയാള സിനിമയുമായി കമലിന് ആഴത്തിലുള്ള ബന്ധമുണ്ട്. 'കണ്ണും കരളും' എന്ന ചിത്രത്തിൽ ബാലതാരമായെത്തിയ അദ്ദേഹം, 1974-ലെ 'കന്യാകുമാരി'യിലൂടെ നായകനായി മാറിയതും മലയാളത്തിലാണ്. തനിക്ക് ആദ്യമായി നായകസ്ഥാനം നൽകി പ്രോത്സാഹിപ്പിച്ചത് മലയാള സിനിമയാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും സ്നേഹത്തോടെ ഓർക്കാറുണ്ട്.

KALATHURKANNAMMAKAMAL


പകർന്നാട്ടങ്ങളുടെ ദശാവതാരം


കമൽ ഹാസന്റെ സിനിമാജീവിതം പലപ്പോഴും പരീക്ഷണങ്ങളുടെ വിളനിലമായിരുന്നു. രൂപത്തിലും ഭാവത്തിലും അദ്ദേഹം കൊണ്ടുവന്ന വൈവിധ്യങ്ങൾ ഇന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിച്ചു. 'അപൂർവ സഹോദരങ്ങൾ' എന്ന ചിത്രത്തിലെ മൂന്നടി മാത്രം ഉയരമുള്ള 'അപ്പു' എന്ന കഥാപാത്രമായാലും, 'ഇന്ത്യൻ' എന്ന സിനിമയിലെ സേനാപതിയായാലും, ഒരു സിനിമയിൽ പത്ത് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട 'ദശാവതാരം' ആയാലും, ഓരോ കഥാപാത്രവും മറ്റൊന്നിൽ നിന്ന് വേറിട്ടു നിന്നു. മേക്കപ്പിന്റെ സാധ്യതകൾ ഇത്രയധികം ഉപയോഗപ്പെടുത്തിയ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാകില്ല. കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം സ്വീകരിക്കുന്ന കഠിനമായ പരീക്ഷണങ്ങളാണ് കമലിനെ ലോകോത്തര താരമാക്കുന്നതും.

KAMAL HAASAN DASHAVATHARAM

സിനിമയുടെ പിന്നണിയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, നൃത്തസംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങി. ഒരു ചിത്രത്തിൽത്തന്നെ പത്ത് വേഷങ്ങൾ വരെ അനായാസം കൈകാര്യം ചെയ്യുന്ന കമലിലെ പ്രതിഭ, ഇന്ത്യൻ സിനിമയിലെ തന്നെ അവിശ്വസനീയമായ ഒരധ്യായമാണ്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ അദ്ദേഹത്തെ 'ഉലകനായകൻ' എന്ന പദവിയിലേക്ക് ഉയർത്തി.


സാങ്കേതിക മേഖലയിലും കമൽ ഹാസൻ നിരവധി പുതുമകൾ കൊണ്ടുവന്നു. ശബ്ദമില്ലാത്ത സിനിമയായ 'പുഷ്പക വിമാനം', ലൈവ് സൗണ്ട് റെക്കോർഡിംഗ് ഉപയോഗിച്ച 'വിരുമാണ്ടി', ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമകളിലൊന്നായ 'മുംബൈ എക്സ്പ്രസ്' എന്നിവയൊക്കെ കമൽ ഹാസന്റെ പരീക്ഷണാത്മകമായ സമീപനത്തിന് ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ തിരക്കഥകളും സംവിധാന സംരംഭങ്ങളും ഇന്ത്യൻ സിനിമയ്ക്ക് മുതൽക്കൂട്ടാണ്.


വ്യക്തിജീവിതം


1978-ലാണ് അദ്ദേഹം നർത്തകിയായ വാണി ഗണപതിയെ ആദ്യമായി വിവാഹം ചെയ്തത്. ഈ ബന്ധം പത്ത് വർഷത്തിനുശേഷം വേർപിരിയുകയായിരുന്നു. പിന്നീട് 1988-ൽ നടി സരികയെ വിവാഹം കഴിച്ചു. പ്രമുഖ നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും ഇവരുടെ മക്കളാണ്. 2004-ൽ ഈ ബന്ധം വേർപെടുത്തി.

kamaldaughters

സരികയുമായി പിരിഞ്ഞതിനുശേഷം നടി ഗൗതമിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയും ദീർഘകാലത്തിനുശേഷം ഇരുവരും പിരിയുകയും ചെയ്തു.


ബോധ്യങ്ങളിൽ ഉറച്ച കലാകാരൻ


തന്റെ രാഷ്ട്രീയ, ജീവിത കാഴ്ച്ചപ്പാടുകളെ കുറിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ബോധ്യമുള്ളയാളായിരുന്നു കമൽ ഹാസൻ. പതിനെട്ടാമത്തെ വയസ്സിൽ കമൽഹാസൻ കുറിച്ച 'മഴൈ' എന്ന കവിതയിൽത്തന്നെ ഒരു പ്രതിഷേധമുണ്ടായിരുന്നു. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ ആകാശം നോക്കി പറഞ്ഞാൽ മഴ പെയ്യുമെന്ന തമിഴ്‌നാടിന്റെ പഴമയെ ധിക്കരിച്ചായിരുന്നു ആ കവിത പിറന്നത്. അന്ന് തൊട്ടേ തന്റെ ബോധ്യങ്ങളെ തൃപ്തിപ്പെടുത്താത്തതൊന്നും അദ്ദേഹം ചെയ്യാറില്ലായിരുന്നു.


രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലും കമൽ ഹാസൻ തൻ്റേതായ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. 'മക്കൾ നീതി മയ്യം' എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ അദ്ദേഹം, സാമൂഹിക വിഷയങ്ങളിൽ എന്നും ശക്തമായ ശബ്ദമുയർത്തി. പക്ഷേ രാഷ്ട്രീയത്തിൽ കമലിന് പിഴച്ചു. മക്കൾ നീതി മയ്യം വാണില്ല.


ഇതുവരെ നാല് ദേശീയ പുരസ്കാരങ്ങൾ, പത്തൊമ്പതോളം ഫിലിംഫെയർ അവാർഡുകൾ, പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ എന്നിവ അദ്ദേഹത്തെ തേടിയെത്തി. എങ്കിലും, അദ്ദേഹത്തെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തുന്നത്, തന്റെ കലയിലൂടെ അദ്ദേഹം സമൂഹത്തോടും രാഷ്ട്രീയത്തോടും നടത്തിയ തുറന്ന സംവാദങ്ങളാണ്.


സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇന്നും തിളങ്ങുന്നുണ്ട്. 'വിക്രം' പോലുള്ള ഇൻഡസ്ട്രി ഹിറ്റുകളിലൂടെയുള്ള ശക്തമായ തിരിച്ചുവരവ്, കമൽ ഹാസൻ എന്ന 'ആണ്ടവർക്ക്' ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് തെളിയിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home