ജെഎസ്കെ ജൂലൈ 17ന് തീയറ്ററുകളിലെത്തും; പുതിയ പതിപ്പിൽ എട്ട് മാറ്റങ്ങൾ

തിരുവനന്തപുരം: സെൻസർ ബോർഡ് പേര് വെട്ടിയ സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ 'ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള' ജൂലൈ 17ന് തിയറ്ററുകളിലെത്തും. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം പുറത്തുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ ഒന്നിച്ച് റിലീസ് ചെയ്യും. സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ജെ ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
ജൂൺ മാസം 27ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന് ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. ജാനകി എന്ന പേര് മാറ്റി ജാനകി വി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെൻസർബോർഡ് അംഗീകരിച്ചത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ വി ജാനകി എന്നോ ഉപയോഗിക്കാനായിരുന്നു സെൻസർ ബോർഡിന്റെ നിർദേശം. സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ചാണ് പ്രദർശനാനുമതി തടഞ്ഞത്.
സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റിയതിനൊപ്പം കോടതി വിചാരണ രംഗങ്ങളിൽ പേരുകൾ മ്യൂട്ട് ചെയ്തതാണ് പുതിയ പതിപ്പ്. രണ്ടര മിനിറ്റിനുള്ളിലെ സീനുകളിൽ ആറിടത്താണ് മ്യൂട്ട്. ഇത് ചിത്രത്തെയും അതിന്റെ ആസ്വാദനത്തെയും ബാധിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സബ്ടൈറ്റിലുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.









0 comments