"ട്രംപിന്റെയും നെതന്യാഹുവിന്റെയും ഗുണ്ടായിസം"; ഇറാൻ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ

മുംബൈ: ഇറാനിലെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നടപടികൾ വെറും 'ഗുണ്ടായിസം' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തവണ ട്രംപും ഇസ്രയേലും തങ്ങളുടെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് ജാവേദ് അക്തർ പറഞ്ഞു. ഇറാഖിനെ തകർത്തതുപോലെ ഇറാനെതിരെയും ഇത്തരത്തിലുള്ള ധിക്കാരം കാണിക്കാൻ അവരെ അനുവദിച്ചാൽ ലോകത്തിന് മുന്നിൽ അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടും.
മറ്റെല്ലാ ഗുണ്ടകളെയും പോലെ നെതന്യാഹുവും ട്രംപും മറ്റുള്ളവരെ ചുവരിലേക്ക് ചേർത്തുനിർത്തുകയാണ്. ഒടുവിൽ തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലേക്ക് അവർ രാജ്യങ്ങളെ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. ദുബായ്, ദോഹ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ മേഖല കനത്ത സംഘർഷഭരിതമാണ്. ഈ സാഹചര്യത്തിലാണ് ലോകനേതാക്കളുടെ ഏകപക്ഷീയമായ നടപടികളെ വിമർശിച്ച് ജാവേദ് അക്തർ രംഗത്തെത്തിയത്.










0 comments