ad
Deshabhimani

നാപാം ബോംബിനെ തോൽപ്പിച്ച വിയറ്റ്‌നാം: കൺട്രി ഫോക്കസിൽ നവസിനിമകളുടെ കാഴ്‌ചവിരുന്ന്‌

vietnam movies
avatar
Anjali Ganga

Published on Dec 12, 2025, 09:59 PM | 3 min read

തിരുവനന്തപുരം: വിയറ്റ്‌നാം യുദ്ധം. ആ വാക്കുകൾ കേൾക്കുമ്പോൾ ലോകമെങ്ങുമുള്ള മനുഷ്യർ നടുക്കത്തോടെ ഓർമിക്കുന്നത് ഒരൊറ്റ ചിത്രമാണ്. നഗ്നയായി, നിലവിളിച്ച് ഓടുന്ന ഒരു ഒൻപത് വയസ്സുകാരിയുടെ ആ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫ്‌. അമേരിക്കയുടെ നാപാം ബോംബ് വർഷത്തിൽ നിന്ന് തന്റെ പ്രാണന്‌ വേണ്ടി നിലവിളിച്ച്‌ ഓടിയ ഫാൻ ടീ കിം ഫൂക്ക് എന്ന പിഞ്ചുബാലികയുടെ ചിത്രം, പിന്നീട്‌ ലോകമെന്പാടും യുദ്ധവിരുദ്ധ ആശയങ്ങൾക്ക്‌ തിരി പകർന്ന ഒന്നായി തീർന്നത്‌ ചരിത്രം.

അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഊട്ടിന്റെ "ടെറർ ഓഫ്‌ വാർ' (യുദ്ധത്തിന്റെ ഭീകരത) എന്ന ചിത്രം പിന്നീട്‌ പുലിറ്റ്സർ സമ്മാനത്തിനും അർഹമായി. ചിത്രം മറ്റാരോ ആണ്‌ എടുത്തതെന്ന തർക്കങ്ങൾ അടുത്തിടെ ഉയർന്നുവന്നെങ്കിലും, ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ കൂട്ടായ്മകളിലും ചർച്ചകളിലും "നാപാം പെൺകുട്ടി' എന്നറിയപ്പെട്ട ആ ചിത്രത്തിന്റെ രാഷ്‌ട്രീയം തുടരെ ചർച്ച ചെയ്യപ്പെട്ടു.

Vietnam


ലോകത്തെ സ്വന്തം കാൽച്ചുവട്ടിൽ അമർത്തി ഭരിക്കാൻ കോപ്പുകൂട്ടിയ അമേരിക്കൻ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച കൊച്ചുരാജ്യമായ വിയറ്റ്‌നാം, ചെറുത്തുനിൽപ്പിന്റെയും ദേശസ്നേഹത്തിന്റെയും പാഠപുസ്‌തകമാണ്. വിയറ്റ്‌നാമിന്‌ മുന്നിൽ അമേരിക്ക അടിയറവ്‌ പറഞ്ഞ ആ യുദ്ധം അവസാനിച്ചിട്ട് 2025ൽ അമ്പത് വർഷം തികയുകയാണ്‌. ഇക്കുറി ഐഎഫ്‌എഫ്‌കെയിലെ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്‌ അഞ്ച്‌ വിയറ്റ്‌നാം സിനിമകളാണ്. പ്രമുഖ വിയറ്റ്‌നാമീസ് ചലച്ചിത്രകാരൻ ബുയി താക് ചുയനെ ഐഎഫ്‌എഫ്‌കെ വേദിയിൽ ആദരിക്കും. അമേരിക്കൻ അധിനിവേശത്തിന് എതിരെ പൊരുതി നിന്ന വിയറ്റ്‌നാം ജനതയോടുള്ള കേരളത്തിന്റ ഐക്യദാർഢ്യം കൂടിയാകുമിത്‌.


വിയറ്റ്‌നാമിന്റെ ചരിത്രത്തെ രണ്ടായി തിരിക്കാം: യുദ്ധത്തിന് മുൻപും ശേഷവും. എന്നാൽ ഇ‍ൗ രണ്ട്‌ കാലഘട്ടത്തിലും വിയറ്റ്‌നാമിന്റെ ആത്മാവിനെ, അതിന്റെ സാംസ്കാരിക അസ്തിത്വത്തെ നിർവചിക്കാൻ സിനിമ ഒരു അവിഭാജ്യ ഘടകമായി എന്ന്‌ പറയാനാകും.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവും, പിന്നീട് ശീതയുദ്ധകാലത്ത് യുദ്ധവും ആയിരുന്നു വിയറ്റ്‌നാം സിനിമയുടെ പ്രധാന പ്രമേയങ്ങൾ. കേവലമായ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം മാത്രമായിരുന്നില്ല, മറിച്ച് ഒരു ചരിത്രപരമായ കാലഘട്ടത്തിന്റെ തീവ്രമായ വേദനകളെയും ചെറുത്തുനിൽപ്പുകളെയും മറവിയുടെ ഇരുട്ടിലേക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ഒരു ശ്രമം കൂടിയായിരുന്നു ആദ്യകാലഘട്ടത്തിലെ വിയറ്റ്‌നാമീസ്‌ സിനിമകൾ.


വിയറ്റ്‌നാം യുദ്ധകാലത്ത്‌ അമേരിക്കൻ സൈനികർ


ബാക്‌ യിപ്‌, വീൻ ലിൻ എന്നിവരെപ്പോലുള്ള സംവിധായകർ സമൂഹത്തിന്റെ ചെറുത്തുനിൽപ്പും, മനുഷ്യജീവിതത്തിലെ പോരാട്ടങ്ങളും സിനിമകളിലൂടെ കൈകാര്യം ചെയ്തു. സാധാരണക്കാരുടെ ജീവിതാനുഭവങ്ങളെ പ്രതിഫലിപ്പിച്ച അവരുടെ ചിത്രങ്ങൾ, വിയറ്റ്നാമീസ് സമൂഹത്തിന്റെ സാംസ്കാരിക കണ്ണാടിയായി സിനിമയെ സ്ഥാപിക്കാൻ സഹായിച്ചു.


1990-കളിൽ ഡ്രോൺ ആൻ ഹുങ് എന്ന സംവിധായകൻ ദി സെന്റ്‌ ഓഫ് ഗ്രീൻ പപ്പായ', 'സൈക്ലോ' തുടങ്ങിയ ചിത്രങ്ങളിലൂടെ വിയറ്റ്നാം സിനിമയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. യുദ്ധത്തിൽ നിന്ന് മാറി മനുഷ്യന്റെ കാഴ്‌ചപ്പാടുകളിലേക്കും കുടുംബജീവിതത്തിലേക്കും, ദൈനംദിന സംഭവങ്ങളിലേക്കും ഡ്രോൺ ആൻ ഹുങ് ക്യാമറക്കണ്ണുകൾ തിരിച്ചു. യുദ്ധത്തിന് അതീതമായ ഒരു രാജ്യത്തെ കാണാൻ അദ്ദേഹം ആഗോള പ്രേക്ഷകരെ വെല്ലുവിളിച്ചു. ഇത് വിദേശരാജ്യങ്ങളിൽ വിയറ്റ്നാമീസ് സംസ്കാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റിയെഴുതുന്നതിനും വഴിതെളിച്ചു.

വിയറ്റ്നാം ആധുനികവൽക്കരിക്കപ്പെട്ടപ്പോൾ, ചാർലി നവിൻ, വിക്ടർ വൂ, വിൻ ക്വാങ് സുങ് തുടങ്ങിയ സംവിധായകർ യുവ പ്രേക്ഷകരെ ആകർഷിക്കുന്ന പ്രണയകഥകളിലേക്കും കോമഡികളിലേക്കും ത്രില്ലർ ആക്ഷൻ സിനിമകളിലേക്കും തിരിഞ്ഞു. അവരുടെ പ്രവർത്തനങ്ങൾ വിദേശ സിനിമകളോട് മത്സരിക്കാൻ കഴിവുള്ള ഒരു ആഭ്യന്തര ചലച്ചിത്ര വ്യവസായം കെട്ടിപ്പടുക്കുന്നതിനും സജീവമായ ഒരു സിനിമാ സംസ്കാരം വളർത്തിയെടുക്കുന്നതിനും വിയറ്റ്‌നാമിനെ സഹായിച്ചു.


ഈ സംവിധായകർ ഒക്കെയും വിയറ്റ്നാമീസ് സിനിമയെ കലാപരമായ ആവിഷ്കാരത്തിന്റെയും, സാംസ്കാരിക പ്രതിഫലനത്തിന്റെയും, ജനപ്രിയ വിനോദത്തിന്റെയും മാധ്യമമാക്കി സിനിമയെ മാറ്റി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ പ്രദർശനങ്ങൾ വിയറ്റ്നാമിൻ്റെ കലാപരമായ മികവ് ആഗോള പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഇക്കുറി ഐഎഫ്‌എഫ്‌കെയിൽ പ്രദർശിപ്പിക്കുന്നത്‌ അഞ്ച്‌ വിയറ്റ്‌നാം സിനിമകളാണ്‌


ഫാം ങോക് ലാന്റെ "കു ലി നെവർ ക്രൈസ് ' (Cu Li Never Cries)

പണ്ടെങ്ങോ ഉപേക്ഷിച്ചു പോയ ഭർത്താവിൽ നിന്ന് കിട്ടിയ ഒരു കുട്ടിത്തേവാങ്കുമായി ഭൂതകാലത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ. അവരുടെ മരുമകൾ വിവാഹത്തിന് തയ്യാറെടുക്കുകയാണ്. അവൾക്കും പ്രതിശ്രുത വരനും ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. വിയറ്റ്നാമിന്റെ വർത്തമാനകാല ചരിത്രത്തിന്റെ സങ്കീർണത വെളിവാക്കുന്ന ചിത്രമാണിത്‌.


Cu LI Never Cries


ഡുവോങ് ഡിയോ ലിന്റെ "ഡോണ്ട് ക്രൈ ബട്ടർഫ്‌ലൈ' (Don't Cry Butterfly)

മുപ്പതുകളിലുള്ള വിയറ്റ് നാമീ വനിതയാണ് ടാം. വിവാഹമണ്ഡപത്തിലാണ് ടാമിൻറെ ജോലി. ഓൺലൈനിൽ ചോർന്നു കിട്ടിയ ഒരു വീഡിയോ വഴി ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് ടാമിന് മനസ്സിലാകുന്നു. അയാളോട് ദേഷ്യപ്പെടുന്നതിന് പകരം അവൾ മറ്റൊരു വഴിയാണ് തെരഞ്ഞെടുക്കുന്നത്. പഴയ വിയറ്റ് നാമീ ആചാരങ്ങളിലുള്ള ബന്ധനകല എന്ന മന്ത്രവാദ പരീക്ഷണം.


Don't Cry Butterfly


ബൂയി താക് ചുയെൻ സംവിധാനം ചെയ്ത "ഗ്ലോറിയസ് ആഷസ്' (Glorious Ashes)

തോം റോമിലെ തീരദേശഗ്രാമമായ മെകോങ്ങിൽ ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ അസാധാരണമായ പ്രണയജീവിതമാണ് സിനിമയിൽ. ഹവുവിന്റെ കാഴ്ച്ചപ്പാടിലാണ് കഥ നടക്കുന്നത്. അവളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയോടാണ് അടുപ്പം. അവരുമായി ഹവു ചങ്ങാത്തത്തിലാകുന്നു.


Glorious Ashes


ട്രിൻ ദിൻ ലെ മിന്റിന്റെ "വൺസ് അപ്പോൺ എ ലവ് സ്റ്റോറി' (Once upon a Love Story)

ചെറുപ്പം തൊട്ട് പ്രായപൂർത്തിയാകുന്നതുവരെയുള്ള കാലത്തിനിടയിൽ രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും ഇടയിൽ സംഭവിക്കുന്ന സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം. 1987 മുതൽ 2000 വരെയും സുഹൃത്തുക്കളായി തുടരുന്ന ഇവരുടെ ജീവിതം, നിഷ്കളങ്ക സ്നേഹത്തിലും വ്യക്തിപരമായ വെല്ലുവിളികൾക്കിടയിലൂടെ മുന്നോട്ടു നീങ്ങുന്നു.


Once upon a love story


ട്രുങ് മിൻ ക്വി സംവിധാനം ചെയ്ത "ദി ട്രീ ഹൗസ്' (The Tree House)

ഒരു ചലച്ചിത്രകാരൻ, 2045ൽ ചൊവ്വയിൽ ഇറങ്ങി ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു. നാടും വീടുമൊക്കെ ഒരുപാട് ദൂരത്താണ്. അയാളുടെ ഓർമയിൽ ആളുകളുടെ മുഖങ്ങൾ നിറയുന്നു. ജീവനുള്ള ചിത്രങ്ങളുടെ ഒരു ശേഖരം തന്നെ അയാളുടെ മുന്നിലെത്തുന്നു.


The tree house ചരിത്രപരമായ ചെറുത്തുനിൽപ്പ്, സാംസ്‌കാരിക അതിജീവനം, യുദ്ധം മനുഷ്യരിൽ വരുത്തി വെയ്ക്കുന്ന ആഴത്തിലുള്ള നഷ്ട്ടം എന്നിങ്ങനെ വൈവിധ്യമാർന്ന നേർകാഴ്ചകളുടെ അഞ്ച്‌ വ്യത്യസ്‌ത കഥ പറയുന്ന വിയറ്റ്‌നാമീസ് ചിത്രങ്ങൾ ഇക്കുറി ചലച്ചിത്രാസ്വാദകർക്ക് നവ്യാനുഭവമാകും സമ്മാനിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home