ഇനി ദുൽഖർ ഷോ; 'ഐ ആം ഗെയിം' ചിത്രീകരണം പൂർത്തിയായി

ഐആം ഗെയിം പാക്ക് അപ്പ് ചിത്രം (ഇടത്), പോസ്റ്റർ (ഇടത്)
കൊച്ചി : നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ഐ ആം ഗെയിം' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റായാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു ദുൽഖർ ചിത്രം മലയാളത്തിൽ റിലീസിനെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഷൂട്ടിങ് പൂർത്തിയായ വിവരം ദുൽഖർ സൽമാൻ ഉൾപ്പെട്ട ഒരു പാക്കപ്പ് വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഓഗസ്റ്റ് 20ന് ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ താൻ വളരെ മോഡേൺ ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുകയെന്നും റെട്രോ സ്റ്റൈലിലല്ലെന്നും ദുൽഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു. സംഗീതം-ജേക്സ് ബിജോയ്. ആക്ഷന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്‌സ് ആണ്.
ആന്റണി വർഗീസ്, തമിഴ് താരം മിഷ്‍കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിൽ മാസ്സ് സ്റ്റൈലിഷ് ലുക്കിലായിരിക്കും ദുൽഖറിനെ അവതരിപ്പിക്കുക.










0 comments