'ഹൃദയപൂർവ്വം' 100 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് മോഹൻലാൽ

കൊച്ചി: 100 കോടി ക്ലബ്ബ് നേട്ടം തുടർന്ന് മോഹൻലാൽ. സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. 2025ൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവ്വം. എംപുരാൻ, തുടരും സിനിമകളാണ് മറ്റ് ചിത്രങ്ങൾ. 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ് വരുമാനവും ചേർന്നുള്ള തുകയാണിത്.
തന്റെ പുതിയ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയ സന്തോഷം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പങ്കുവച്ചത്. " 'ഹൃദയപൂർവ്വം' നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും, പുഞ്ചിരിക്കുന്നതും, ചിരിക്കുന്നതും, ഞങ്ങളോടൊപ്പം കുറച്ച് കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ അയച്ച ഓരോ സന്ദേശത്തിൽ നിന്നും ഞങ്ങളും അത് അനുഭവിച്ചറിഞ്ഞു. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദി".- മോഹൻലാൽ കുറിച്ചു.
മോഹൻലാലും സത്യൻ അന്തിക്കാടും പത്ത് വർഷങ്ങൾക്കുശേഷം ഒന്നിച്ച സിനിമ കൂടിയായിരുന്നു ഹൃദയപൂർവം. സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിരയായിരുന്നു ചിത്രത്തിന്റേത്. ആശിര്‍വാദ് സിനിമാസ് നിര്‍മ്മാണം നിർവഹിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് അഖിൽ സത്യനാണ്.








0 comments