ad
Deshabhimani

കാൻസ് മുതൽ തിരുവനന്തപുരം വരെ നിലയ്ക്കാത്ത കൈയ്യടി; വീടോർമകളുമായി 'സെന്റിമെന്റൽ വാല്യൂ'

sentimental value
avatar
Anjali Ganga

Published on Dec 14, 2025, 11:43 PM | 2 min read

തിരുവനന്തപുരം: കാൻസിലെ പ്രീമിയറിന്‌ "സെന്റിമെന്റൽ വാല്യൂ'വിന്‌ ലഭിച്ച കൈയ്യടിയും ഇങ്ങ്‌ തിരുവനന്തപുരത്ത്‌ ഐഎഫ്‌എഫ്‌കെയിൽ നിറഞ്ഞു നിന്ന സദസ്‌ നൽകിയ കൈയ്യടിയും ഒന്ന്‌ തന്നെയാണ്‌. അത്‌ സിനിമ ജീവനായി കൊണ്ട്‌ നടക്കുന്ന ഒരുകൂട്ടം മനുഷ്യരുടേതാണ്‌. രണ്ടിലും വ്യത്യസ്‌തമാകുന്നത്‌ ക്ലാസാണ്‌. കാൻസിലത്‌ പ്രിവിലേജ്ഡ്‌ ആണെങ്കിൽ ഇവിടത്‌ സാധാരണക്കാരന്റേതാണ്‌.

കാൻസിൽ ഗ്രാൻഡ്‌ പ്രീ കരസ്ഥമാക്കിയ യോകിം ട്രിയറിന്റെ "സെന്റിമെന്റൽ വാല്യൂ' മനുഷ്യ മനസിനെ പിടിച്ചുലയ്ക്കുന്ന ഒരു സിനിമ അനുഭവമാണ്‌.അച്ഛനായ ഗുസ്താവ് ബോർഗ്, തന്റെ മുൻഭാര്യയുടെ മരണശേഷം മക്കളായ നോറയുടെയും ആഗ്നസിന്റെയും അടുത്തേക്ക് എത്തുന്നതും, തുടർന്നുണ്ടാകുന്ന ബന്ധങ്ങളുമാണ് കഥയുടെ കാതൽ. ഭാര്യയുമായി പിരിഞ്ഞതിന്‌ ശേഷം വർഷങ്ങൾക്ക്‌ ശേഷം തിരിച്ചു വരുന്ന തന്നെ മക്കൾ എല്ലാം മറന്ന്‌ സ്വീകരിക്കുമെന്നാണ്‌ ഗുസ്‌താവ്‌ കരുതുന്നത്‌. പ്രശസ്‌ത സംവിധായകനായ അദ്ദേഹം കാലങ്ങൾക്ക്‌ ശേഷം മക്കളുടെ ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതും അയാളുടെ അടുത്ത സിനിമയ്ക്കായാണ്‌.

എന്നാൽ ചെറുപ്പകാലത്തിലെ അരക്ഷിതാവസ്ഥയിൽ വളർന്ന മൂത്ത മകൾ അച്ഛനെ ഉൾക്കൊള്ളുന്നില്ല. ഇളയമകൾ അച്ഛനെ അപ്പാടെ തള്ളിക്കളയുന്നില്ലെങ്കിലും അവളും അച്ഛന്റെ സ്വാർഥതയെ എതിർക്കുന്നുണ്ട്‌. പക്ഷേ താൻ ഒരിക്കലും ആ വീട്ടിലേക്ക്‌ തിരിച്ചു വരാഞ്ഞതിന്‌ ഗുസ്‌താവിനും ഒരു കാരണമുണ്ട്‌. അത്‌ ഗുസ്‌താവിന്റെ അമ്മയുടെ ഭൂതകാലമാണ്‌. അവിടെയാണ്‌ ഭൂതകാലത്തിലുണ്ടായ അനുഭവങ്ങൾ പോലും തലമുറകൾക്കിപ്പുറം സ്വാധീനിക്കപ്പെടാൻ കാരണമാകുന്നതെന്ന്‌ പ്രേക്ഷകനെ ബോധ്യപ്പെടുന്നത്‌.

കലുഷിത അന്തരീക്ഷത്തിൽ വളർന്നു വന്ന രണ്ട്‌ സഹോദരിമാർ രണ്ട്‌ തരത്തിൽ ജീവിതം കെട്ടിപ്പടുക്കുന്നതും ചിത്രത്തിൽ ഹൃദയസ്‌പർശിയായി ആവിഷ്‌കരിച്ചിട്ടുണ്ട്‌.

ഈ സിനിമയിൽ, ബോർഗ് കുടുംബത്തിന്റെ വീടും ഒരു പ്രധാന കഥാപാത്രമായി മാറുന്നു. ചുമരുകൾക്കുള്ളിൽ ഒളിച്ചുവെച്ച തർക്കങ്ങളും, വർഷങ്ങളുടെ നിശബ്ദതയും പേറിനിൽക്കുന്ന ആ വീട്, അവരുടെ ശിഥിലമായ ബന്ധത്തിന്റെ ഒരു പ്രതീകമാണ്‌. ഗുസ്താവ് തന്റെ സിനിമയുടെ ചിത്രീകരണം അതേ വീട്ടിൽ നടത്തുന്നതോടെ, യാഥാർത്ഥ്യവും ഭാവനയും കൂടിക്കലരുന്ന ഒരു മാജിക്കൽ സ്‌പേസായി ആ വീട് രൂപാന്തരപ്പെടുന്നു.


ഗുസ്താവ് തന്റെ മക്കൾക്ക് നിഷേധിച്ച വാത്സല്യവും പ്രോത്സാഹനവും, മറ്റൊരു അഭിനേത്രിയായ റേച്ചലിന് (എല്ലെ ഫാനിങ്) നൽകുന്ന രംഗങ്ങൾ മനുഷ്യ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ കൂടി തുറന്നുകാണിക്കുന്ന രംഗമാണ്‌. സിനിമയ്ക്കകത്തെ സിനിമ എന്ന്‌ പറയാവുന്ന ഒറ്റ ഷോട്ടിലെ ക്ലൈമാക്‌സും വേറിട്ട അനുഭവമാണ്‌. മനുഷ്യ മനസിന്റെ സങ്കീർണതകളെ അവതരിപ്പിക്കുന്ന ഇ‍ൗ സിനിമ ഐഎഫ്‌എഫ്‌കെയിൽ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്ന്‌ തന്നെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home