'ദൃശ്യം' വേറിട്ട അനുഭവം; വിനായക് ശശികുമാർ

കൊച്ചി : മോഹൻലാൽ-ജീത്തു ജോസഫ് സിനിമ ‘ദൃശ്യം’ സീരീസ് തനിക്ക് വേറിട്ട അനുഭവമായിരുന്നെന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ.'ദൃശ്യം3' റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിനായകിന്റെ പ്രതികരണം. ദൃശ്യം രണ്ടാം ഭാഗത്തിലെ ഗാനരചയിതാവായിരുന്നു വിനായക് ശശി കുമാർ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ചിത്രമാണ് ദൃശ്യം. ഈ അനുഭവം പിന്നീട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രില്ലർ സിനിമകൾ കണ്ട് ത്രില്ലടിക്കാനും ഇമോഷണൽ സിനിമകൾ കണ്ട് കരയാനും ഇഷ്ടമാണ്. ഇത് രണ്ടും കൂടി ഒരുമിച്ച് അനുഭവിച്ച സിനിമ ദൃശ്യമാണെന്നും വിനായക് പറയുന്നു. സിനിമയുടെ അവസാനം മോഹൻലാലിന്റെ മോണോലോഗ് കണ്ട് തിയേറ്ററിൽ ഇരുന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് ചിത്രമായ ദൃശ്യം മോഹൻലാലിന്റെ ബെഞ്ച് മാർക്ക് സിനിമകളിൽ ഒന്നാണ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തും. നാല് വർഷത്തിന് ശേഷം ജോർജ് കുട്ടി എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയായിരിക്കില്ല മൂന്നാം ഭാഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.










0 comments