ad
Deshabhimani

സിഖ് വികാരങ്ങളെ വ്രണപ്പെടുത്തി; രൺവീർ സിങ്ങിനും ‘ധുരന്ധർ’ നിർമാതാക്കൾക്കുമെതിരെ പരാതി

dhurandar
വെബ് ഡെസ്ക്

Published on Mar 25, 2026, 01:33 PM | 1 min read

മുംബൈ: ബോളിവുഡ് ചിത്രം "ധുരന്ധർ: ദി റിവഞ്ച്" സിനിമയുടെ അണിയറപ്രവർത്തകർക്കും നടൻ രൺവീർ സിങ്ങിനുമെതിരെ മുംബൈ പൊലീസിൽ പരാതി. സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഖ് സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാക്കൾ എന്നിവർക്കെതിരെയും നടപടി വേണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.


സിനിമയുടെ വിവാദ പോസ്റ്ററാണ് പരാതിക്ക് അടിസ്ഥാനം. സിഖ് സമൂഹത്തിന്റെ പവിത്രമായ ചിഹ്നങ്ങളായി കണക്കാക്കപ്പെടുന്ന തലപ്പാവ്, നീണ്ട താടി, കട (ബ്രേസ്‌ലെറ്റ്) എന്നിവ ധരിച്ചെത്തുന്ന രൺവീർ സിങ് കൈയിൽ സിഗരറ്റ് പിടിച്ചു നിൽക്കുന്ന പോസ്റ്ററും ദൃശ്യങ്ങളുമാണ് പ്രകോപനത്തിന് കാരണം. ഇത് തങ്ങളുടെ മതവികാരത്തെ ആഴത്തിൽ മുറിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.


അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിർമിച്ച പ്രൊപ്പഗണ്ട ചിത്രമാണ് 'ധുരന്ധർ' എന്ന വിമർശനം ഇതിനോടകം ശക്തമാണ്. ബിജെപി സർക്കാരിനെ പ്രശംസിക്കുന്നതിനൊപ്പം ഇതര രാഷ്ട്രീയ പാർടികൾക്കെതിരെയും സംഘടനകൾക്കെതിരെയും വ്യാജ പ്രചാരണങ്ങൾ കുത്തിനിറച്ചാണ് ചിത്രം പുറത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തിപ്പാടുന്ന രംഗങ്ങൾ ചിത്രത്തിലുടനീളമുണ്ടെന്നും ചരിത്ര വസ്തുതകളെ സിനിമ വളച്ചൊടിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


2025ൽ പുറത്തിറങ്ങിയ ആദിത്യ ധറിന്റെ 'ധുരന്ധർ' എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് പുതിയ ചിത്രം എത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 1000 കോടിയിലധികം രൂപ നേടിയിരുന്നു. കഴിഞ്ഞ മാർച്ച് 19ന് പുറത്തിറങ്ങിയ രണ്ടാം ഭാഗം ഇതുവരെയുള്ള കലക്ഷൻ 700 കോടി രൂപയാണ്. വൻ സാമ്പത്തിക നേട്ടം കൊയ്യുമ്പോഴും സിനിമ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home