'കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റം'; 'ജനനായകൻ' ചോർന്ന സംഭവത്തിൽ നിയമനടപടിയുമായി നിർമാതാക്കൾ

ചെന്നൈ : വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ എച്ച്ഡി ക്വാളിറ്റിയിൽ ചിത്രത്തിന്റെ പ്രിന്റ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ കടുത്ത നടപടികളുമായി നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ്. ചിത്രം ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും ക്രിമിനൽ കുറ്റമാണെന്നും കൈവശമുള്ളവർ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും നിർമ്മാതാക്കൾ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഓൺലൈനിൽ പ്രചരിച്ചത്.
ചിത്രത്തിന്റെ ക്ലിപ്പുകളോ ഭാഗങ്ങളോ വാട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമപ്രകാരം ശിക്ഷാർഹമാണെന്നും, ഓരോ ഡിജിറ്റൽ നീക്കവും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫോറൻസിക് അന്വേഷണം ആരംഭിച്ചതായും കെവിഎൻ പ്രൊഡക്ഷൻസ് വ്യക്തമാക്കി. ലിങ്കുകൾ കൈമാറുന്നവരും കാണുന്നവരും ഉൾപ്പെടെയുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ക്രിമിനൽ നടപടികൾ സ്വീകരിക്കും. സിനിമയുടെ ഭാഗങ്ങൾ ലഭിക്കുന്നവർ അത് തുറന്നു നോക്കാനോ മറ്റുള്ളവർക്ക് അയക്കാനോ പാടില്ലെന്നും ലഭിക്കുന്ന സന്ദേശങ്ങൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്യണമെന്നും പൊതുജനങ്ങളോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. പകർപ്പവകാശ ഉടമസ്ഥരായ തങ്ങളുടെ അനുമതിയില്ലാതെ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ നിയമനടപടികൾ തുടരുമെന്ന് നിർമ്മാണ കമ്പനി അറിയിച്ചു.










0 comments