‘വിയോജിക്കാം, അധിക്ഷേപിക്കരുത്’:എ ആർ റഹ്മാന് പിന്തുണയുമായി മക്കൾ

മുംബൈ: അഭിമുഖ വിവാദത്തിൽ എ ആർ റഹ്മാന് പിന്തുണയുമായി മക്കളായ ഖദീജയും റഹീമയും. സംഗീത സംവിധായകൻ കൈലാസ് മേനോൻ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കി റഹ്മാൻ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ‘വിയോജിക്കാം, അധിക്ഷേപിക്കരുത്’ എന്ന തലക്കെട്ടിൽ കൈലാസ് മേനോൻ പങ്കുവച്ച കുറിപ്പ് ഖദീജയും റഹീമയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നല്‍കിയത്.
കൈലാസ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം
‘വിയോജിക്കാം, അധിക്ഷേപിക്കരുത്. എ.ആർ റഹ്മാൻ തന്റെ മനസ്സിലുള്ളത് പറഞ്ഞതിനെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം മറന്നു. അദ്ദേഹത്തിന് തോന്നിയതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത് അദ്ദേഹത്തിന്റെ അവകാശമാണ്. നിങ്ങൾക്ക് അദ്ദേഹത്തോട് വിയോജിക്കാം, പക്ഷേ, അനുഭവം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയില്ല. വിയോജിപ്പിന് അപ്പുറത്തേക്ക് വ്യക്തിഹത്യയിലേക്ക് കാര്യങ്ങൾ കടന്നു.
ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ സമീപകാല കൃതികളെ പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെ ‘ഇരവാദമായി’ ചുരുക്കുന്നതും വിമർശനമല്ല. അഭിപ്രായപ്രകടനം എന്ന രീതിയിൽ ഈ നടത്തുന്നത് വിദ്വേഷ പ്രസംഗമാണ്.
ഇത് ഏതെങ്കിലുമൊരാളുടെ ശബ്ദമല്ല. ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിച്ച, രാജ്യത്തെ അന്തസ്സോടെ പ്രതിനിധീകരിച്ച, തന്റെ സൃഷ്ടികളിലൂടെ തലമുറകളെ രൂപപ്പെടുത്തിയ ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു കലാകാരൻ വ്യക്തിപരമായ വീക്ഷണം പ്രകടിപ്പിക്കുന്നതുകൊണ്ട് തമിഴ് സംസ്കാരത്തിനും ഇന്ത്യൻ സിനിമയ്ക്കും ആഗോള സംഗീതത്തിനും പതിറ്റാണ്ടുകളുടെ സംഭാവന ഇല്ലാതാകുന്നില്ല.
ഒരു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം നിങ്ങൾക്ക് ചർച്ച ചെയ്യാം. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തോട് നിങ്ങൾക്ക് വിയോജിക്കാം. അത് ന്യായമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറച്ചുവയ്ക്കാൻ പരസ്യമായി അപമാനിക്കുകയോ അദ്ദേഹത്തെ ആക്രമിക്കുകയോ ചെയ്യുന്നത് ന്യായമല്ല. അഭിപ്രായ സ്വാതന്ത്ര്യം റഹ്മാന്റെ വിമർശകർക്ക് ബാധകമാകുന്നതുപോലെ തന്നെ അദ്ദേഹത്തിനും ബാധകമാണ്. വിമർശനം നല്ലതാണ്, പക്ഷേ ബഹുമാനമില്ലാത്ത രോഷം അദ്ദേഹത്തെയല്ല, നമ്മളെയാണ് കൂടുതൽ വെളിവാക്കുന്നത്’.
ബോളിവുഡിൽ സമീപകാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ സംസാരിച്ചത്. ഹിന്ദി ചലച്ചിത്ര മേഖലയിലെ തന്റെ അവസരങ്ങൾ കുറഞ്ഞതിന് പിന്നിൽ കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടെ ഉണ്ടായ അധികാര മാറ്റങ്ങളും, ഒരുപക്ഷേ തനിക്ക് നേരിട്ട് അനുഭവപ്പെടാത്ത വർഗീയ വിവേചനങ്ങളും കാരണമായിട്ടുണ്ടാകാമെന്നാണ് റഹ്മാൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
ഇപ്പോൾ സർഗ്ഗാത്മകതയില്ലാത്ത ആളുകളുടെ കൈകളിലാണ് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം. ഈ മാറ്റം നേരിട്ടല്ല, പരോക്ഷമായാണ് പ്രകടമാകുന്നത്. സിനിമയിലേക്ക് തന്നെ നിശ്ചയിച്ചെങ്കിലും, മ്യൂസിക് കമ്പനികൾ അവരുടെ ഇഷ്ടക്കാരായ അഞ്ചോ ആറോ സംഗീതസംവിധായകരെ കൊണ്ടുവന്നു എന്ന് പിന്നീട് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റഹ്മാൻ തന്നെ സംഗീതമൊരുക്കിയ ഛാവ എന്ന ചിത്രം ജനങ്ങളിൽ ഭിന്നിപ്പിക്കുണ്ടാക്കുന്ന സിനിമയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നാലെ ബിജെപി, സംഘപരിവാർ നേതാക്കൾ റഹ്മാനെതിരെ രംഗത്തെത്തിയിരുന്നു. ജിഹാദിയെന്ന് വിളിച്ചും, മതം പറഞ്ഞ് അധിക്ഷേപിച്ചുമാണ് റഹ്മാനെതിരെ സൈബർ ആക്രമണം നടക്കുന്നത്.
ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പിന്നീട് എ ആർ റഹ്മാൻ പിന്നീട് വിശദീകരണവും നൽകിയിരുന്നു. ‘സംഗീതം എന്നത് നമ്മുടെ സംസ്കാരത്തെ ബന്ധിപ്പിക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള ഒരു മാർഗമാണ്. ഇന്ത്യ എന്റെ പ്രചോദനമാണ്, എന്റെ ഗുരുവും എന്റെ വീടുമാണ്. ചിലപ്പോൾ ചില കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.’ എന്നായിരുന്നു റഹ്മാന്റെ വാക്കുകൾ.










0 comments