ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്

കൊച്ചി: ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്രകഥാപാത്രമായ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ്‍. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കിയാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ താരത്തിന്റെ പ്രതികരണം. വിൻസിയുടെ വാക്കുകൾ: കുറച്ചുദിവസംമുമ്പ് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായ പരിപാടിയിൽ, എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട കമന്റുകൾ പലരും എനിക്ക് അയച്ചിരുന്നു. അത് വായിച്ചപ്പോൾ ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തോന്നി.
ഞാൻ ഭാഗമായ ഒരു സിനിമയിലെ കേന്ദ്രകഥാപാത്രമായ നടൻ ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹം വളരെ മോശമായ രീതിയിൽ എന്നോടും സഹപ്രവർത്തകയോടും പെരുമാറി. എന്റെ ഡ്രസിന്റെ ഷോൾഡറിന് ചെറിയ പ്രശ്നമുണ്ടായത് ശരിയാക്കാൻ പോയപ്പോൾ അടുത്തുവന്ന് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്നു പറഞ്ഞു. എല്ലാവരുടെയും മുന്നിൽവച്ച് അങ്ങിനെ പെരുമാറിയത് ബുദ്ധിമുട്ടുണ്ടാക്കി. സീൻ പരിശീലിക്കുന്നതിനിടെ വെള്ളപ്പൊടി തുപ്പുന്നത് കണ്ടു. അദ്ദേഹം സിനിമാസെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, സെറ്റിൽ മറ്റുള്ളവർക്ക് ഉപദ്രവകരമാകുന്നത് സഹിക്കാനാകില്ല. അത് സഹിച്ച് ജോലി ചെയ്യാനും കൂടെ അഭിനയിക്കാനും താൽപ്പര്യമില്ലായിരുന്നു. പ്രധാന നടനായതിനാൽ സിനിമ തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്നതും നേരിട്ട് കണ്ടു. അവർ എന്നോട് ക്ഷമ പറഞ്ഞതുകൊണ്ടാണ് സെറ്റിൽ തുടർന്നത്.
ഞാൻ പറഞ്ഞത് നല്ലരീതിയിൽ എടുത്തവർക്ക് നന്ദി. എന്നാൽ, ‘‘ഇങ്ങനെ പറയാൻ നിനക്ക് എവിടെയാണ് സിനിമ, നീയൊരു സൂപ്പർസ്റ്റാറാണോ ഇങ്ങനെ നിലപാട് എടുക്കാൻ? സിനിമ ഇല്ലാത്തതുകൊണ്ട്, ഇക്കാരണം പറഞ്ഞ് പുറത്തായെന്ന് പറയാനല്ലേ’’ എന്നൊക്കെയാണ് മറ്റു കമന്റുകൾ. സിനിമയിൽ അവസരങ്ങൾ കുറവാണെന്ന് പറയാൻ ധൈര്യമുള്ള വ്യക്തിയാണ് ഞാൻ. അടുത്തിടെ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിനിമയാണ് എന്റെ ജീവിതം, സിനിമ ഇല്ലെങ്കിൽ ഞാനില്ല എന്ന് കരുതുന്നില്ല. സൂപ്പർസ്റ്റാറായാലും സാധാരണക്കാരനായാലും ഒരു വ്യക്തിയുടെ നിലപാടിന് പ്രാധാന്യമുണ്ട്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാകണം –- വിൻസി പറയുന്നു.









0 comments