ബിഗ് ബി @ 83; ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് പ്രായത്തെ വെല്ലുവിളിച്ച് മുന്നേറുന്ന അഭിനയ വിസ്‌മയം


ഹർഷിദ ബത്താലി
Published on Oct 11, 2025, 01:14 PM | 3 min read
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു യുഗമായി അടയാളപ്പെടുത്തുന്ന പേരാണ് അമിതാഭ് ബച്ചൻ. 83-ാം വയസ്സിലേക്ക് കടക്കുമ്പോഴും, 'ബിഗ് ബി' എന്ന ഈ ഇതിഹാസ താരത്തിന്റെ പ്രഭാവത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. നാലര പതിറ്റാണ്ടിലേറെയായി ബോളിവുഡിന്റെ മാത്രമല്ല, ലോക സിനിമയുടെ തന്നെ നെടുംതൂണായി അദ്ദേഹം നിലകൊള്ളുന്നു.
സിനിമയിലേക്ക് പ്രവേശിക്കും മുമ്പ് ഓൾ ഇന്ത്യ റേഡിയോയിൽ (ആകാശവാണി) ജോലിക്ക് ശ്രമിച്ചപ്പോൾ, ശബ്ദം പോരെന്ന് പറഞ്ഞ് അവര്‍ തിരിച്ചയച്ചു. എന്നാല്‍ ആ ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ശുദ്ധിയും അലകളും പേറിയാണ് അദ്ദേഹം ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക് നടന്നു കയറിയത്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ അതുല്യമായ ശബ്ദം സിനിമാലോകത്ത് ഒരു ട്രേഡ് മാർക്കായി മാറി.
1942 ഒക്ടോബർ 11-ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് അമിതാഭ് ബച്ചൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവാണ് പ്രശസ്ത ഹിന്ദി കവി ഹരിവംശ് റായ് ബച്ചൻ.
1969-ൽ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. 1971-ലെ 'ആനന്ദ്' എന്ന ചിത്രത്തിലെ ഡോക്ടർ ഭാസ്‌കർ എന്ന കഥാപാത്രം അദ്ദേഹത്തിന് ആദ്യമായി മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടിക്കൊടുത്തു. ബച്ചന്റെ കരിയറിൽ വഴിത്തിരിവായ ചിത്രം 1973-ൽ പുറത്തിറങ്ങിയ 'സഞ്ജീർ' ആയിരുന്നു.
ആംഗ്രി യങ് മാൻ: ഒരു യുഗപ്പിറവി
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടമായിരുന്നു 1970-കൾ. അന്നത്തെ സാമൂഹിക അസംതൃപ്തിയും യുവജനതയുടെ രോഷവും വെള്ളിത്തിരയിൽ ആവാഹിച്ച കഥാപാത്രങ്ങളെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. 'സഞ്ജീർ' എന്ന ചിത്രത്തിലെ സത്യസന്ധനും ക്ഷുഭിതനുമായ പൊലീസ് ഇൻസ്പെക്ടർ വിജയ് ഖന്ന, 1975-ലെ 'ദീവാർ'-ലെ വിജയ് വർമ്മ, 'ഷോലെ'-യിലെ ജയ് എന്നിവയൊക്കെ ഈ യുവത്വത്തിന്റെ പ്രതീകങ്ങളായി മാറി. ഈ കഥാപാത്രങ്ങളിലൂടെ അദ്ദേഹം 'ആംഗ്രി യങ് മാൻ' എന്ന വിശേഷണത്തിന് അർഹനായി. 70-കളിലും 80-കളിലും ബോളിവുഡ് സിനിമയിൽ അദ്ദേഹം ഒരു 'വൺ - മാൻ ഇൻഡസ്ട്രി' ആയി വാഴുകയായിരുന്നു.
പ്രണയ നായകനായും, ഹാസ്യ കഥാപാത്രങ്ങളായും അദ്ദേഹം തിളങ്ങി. 'കഭി കഭി', 'സിൽസില' തുടങ്ങിയ ചിത്രങ്ങളിൽ പ്രണയത്തിന്റെ തീവ്രത കാണിച്ചപ്പോൾ, 'ചുപ്‌കെ ചുപ്‌കെ' പോലുള്ള ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങൾ അനായാസം കൈകാര്യം ചെയ്തു. 1977-ൽ പുറത്തിറങ്ങിയ 'അമർ അക്ബർ ആന്റണി' അദ്ദേഹത്തിന് മികച്ച നടനുള്ള ആദ്യ ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു.
അതിജീവനത്തിന്റെ കഥയും രണ്ടാം വരവും
അമിതാഭ് ബച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു 1982-ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഗുരുതരമായ അപകടം. മരിച്ചേക്കാം എന്ന് തന്നെ ഡോക്ടർമാർ വിധിയെഴുതി. മരണത്തെ മുഖാമുഖം കണ്ട ആ ദിവസങ്ങൾ സിനിമാലോകത്തെയും ആരാധകരെയുമെല്ലാം ആശങ്കയിലാക്കി. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം ഗംഭീരമായ തിരിച്ചുവരവ് നടത്തി
ഒരുകാലത്ത് സിനിമകളിൽ നിന്നും ഒരിടവേളയെടുത്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചെങ്കിലും അത് അധികനാൾ നീണ്ടില്ല. പിന്നീട് സിനിമയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഒരിടക്കാലത്തേക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടിയില്ല. എന്നാൽ, 1990-കളിൽ കരിയറിൽ നേരിട്ട പ്രതിസന്ധികളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും മറികടന്ന് 2000-ത്തോടെ അദ്ദേഹം ശക്തമായി തിരിച്ചു വന്നു.
'കോൻ ബനേഗാ ക്രോർപതി'യും പുതിയ യുഗവും
2000-ത്തിൽ ആരംഭിച്ച ടെലിവിഷൻ ഗെയിം ഷോയായ 'കോൻ ബനേഗാ ക്രോർപതി' അദ്ദേഹത്തിന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവായി. ഓരോ ഇന്ത്യക്കാരന്റെയും സ്വീകരണമുറിയിലേക്ക് കടന്നുചെന്ന്, കുടുംബത്തിലെ ഒരംഗത്തെപ്പോലെ അദ്ദേഹം മാറുകയായിരുന്നു. ഒരു സാധാരണക്കാരനായി സംസാരിച്ച് ബിഗ് ബി ജനഹൃദയങ്ങളിലേക്ക് ആഴത്തിൽ വേരൂന്നി.
ഇതിന് ശേഷം സിനിമയിൽ കൂടുതൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ബ്ലാക്ക്' (2005), 'പാ' (2009), 'പികു' (2015), 'പിങ്ക്' (2016) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. 2010-ൽ മേജർ രവി സംവിധാനം ചെയ്ത 'കാണ്ഡഹാർ' എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും അഭിനയിച്ചു.
ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം (2019) നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്റെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ ജയ ബച്ചൻ (ജയ ഭാദുരി) . 1973-ലാണ് ഇരുവരുടെയും വിവാഹം. 'സഞ്ജീർ', 'അഭിമാൻ', 'ചുപ്‌കെ ചുപ്‌കെ', 'സിൽസില' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.










0 comments