അതിർത്തിയും കാലവും കടന്നൊരു ഗസൽ; ജെൻസിക്ക് ഇടയിൽ വൈറലാകുന്ന 'സനൂൻ നഹർ വാലെ പൂൽ'

സംഗീതത്തിന് കാലമോ പ്രായമോ അതിർത്തിയോ ഇല്ലെന്നത് കേവലം കാല്പനികമായ വാചകമല്ലെന്ന് അടിവര ഇടുകയാണ് ഇന്ത്യൻ ജെൻസിക്ക് ഇടയിൽ വൈറലാകുന്ന 'സനൂൻ നഹർ വാലെ പൂൽ’ എന്ന ഗാനം. 1970കളിൽ നിറഞ്ഞുനിന്ന ഗസലാണ് പുതിയ കാലത്തിന്റെ പ്രധാന മാധ്യമമായ ഇൻസ്റ്റഗ്രാം റീൽസിലെ പ്രധാന ഹിറ്റ് എന്നതാണ് കൗതുകം. രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നിട്ടും അതിർത്തികൾ കടന്ന് പ്രചരിച്ച ചരിത്രമാണ് ഈ പാട്ടിനുള്ളത്.
ജെൻസി വിഷയത്തിലേക്ക് ആദ്യം വന്നാൽ, തങ്ങൾക്കുണ്ടാകുന്ന വേദനകൾ, വിഷമങ്ങൾ, സന്തോഷങ്ങൾ, ആകാംഷ എന്നിങ്ങനെയെല്ലാം വിഷ്വലി അവതരിപ്പിക്കാൻ ശ്രദ്ധകൊടുക്കുന്നവരാണ് അവർ. മുൻ തലമുറകൾ എഴുത്തിലൂടെയും കത്തിലൂടെയുമൊക്കെ ജീവിതാനുഭവങ്ങൾ കൈമാറിയിരുന്നെങ്കിൽ ഇവിടതല്ല സ്ഥിതി.
ഗാനത്തിലെ ഏറ്റവും വികാരഭരിതമായ വരികൾ ഉൾപ്പെടുന്ന 43 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗമാണ് പിള്ളേര് റീലുകൾക്ക് പശ്ചാത്തലമായി നൽകുന്നത്.
1973 സെപ്റ്റംബർ 14ന് പുറത്തിറങ്ങിയ ചിത്രം ദുഖ് സജ്നാ ദേ യിലാണ് ഈ ഗാനമുള്ളത്. സലീം ഇഖ്ബാൽ സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ എഴുതിയത് റൗഫ് ഷെയ്ഖ് ആയിരുന്നു. പുറത്തിറങ്ങിയ ഉടൻ തന്നെ അത് ആ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രണയഗാനങ്ങളിലൊന്നായി മാറുകയും ചെയ്തു.
റേഡിയോ പരിപാടികളിലൂടെ മാത്രം കേട്ടുകൊണ്ടിരുന്ന പാട്ട് ഇൻസ്റ്റയിലെ ട്രെൻഡിങ് ലിസ്റ്റിൽ എത്തിയതിൽ പാക്കിസ്ഥാനിലെ ഇതിഹാസ ഗായിക നൂർ ജഹാന്റെ ആലാപനത്തിന് നിർണായക പങ്കുണ്ട്.
നൂർ ജഹാന്റെ ശബ്ദം റീലുകളുടെ ഭംഗി കൂട്ടുന്നത് കേൾക്കുന്ന കുട്ടികളുടെ മാതാപിതാക്കളോ മുതിർന്നവരോ ഒരുനിമിഷമെങ്കിലും അഞ്ച് പതിറ്റാണ്ടുകൾ പിന്നിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകും, തീർച്ചയായും അവരുടെ സുവർണ കാലത്തെയും ഓർമ്മകളെയും ഒരിക്കൽക്കൂടി പരാതി നോക്കിയിട്ടുണ്ടാകും.
പുതിയ കാലത്തെ റിലേഷൻഷിപ്പുകളിലെ പ്രധാന വാക്കുകളായ ലവ് ബോംബിംഗും ഗോസ്റ്റിംഗും എന്നിവയ്ക്ക് പേര് നൽകുന്നതിന് വർഷങ്ങൾക്ക് മുന്നേ തന്നെ നൂർ ജഹാൻ പാട്ടിലൂടെ ഇവ വിശദീകരിച്ചെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിൽ ഒരാൾ പങ്കുവെച്ച അഭിപ്രായം.
ദക്ഷിണേഷ്യൻ സംഗീതലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിൽ ഒരാളായിരുന്ന നൂർ ജഹാൻ വിവിധ ഭാഷകളിലായി വ്യാപിച്ച കരിയറിന് ഉടമകൂടിയായിരുന്നു. ചെറുപ്പം മുതലേ വേദികളിൽ പാടിത്തുടങ്ങിയതിനാൽ ‘ബേബി നൂർ ജഹാൻ’ എന്ന പേരിലറിയപ്പെട്ടു. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് മുമ്പുള്ള ഇന്ത്യയിൽ ഗായികയും അഭിനേത്രിയുമായാണ് നൂർ ജഹാൻ ശ്രദ്ധനേടിയിരുന്നത് മറ്റൊരു ചരിത്രം.
വിഭജനത്തിന് ശേഷം അവർ പാകിസ്ഥാനിലേക്ക് താമസം മാറിയ ശേഷവും കലാരംഗത്ത് സജീവമായി തുടർന്നു.സിനിമാഗാനങ്ങൾ, ഗസലുകൾ, എന്നിവയ്ക്ക് ശബ്ദം നൽകി സാംസ്കാരിക പ്രതീകമായി മാറിയ അവർ ഇന്ത്യയുമായുള്ള ബന്ധം എക്കാലവും സൂക്ഷിച്ചിരുന്നു.










0 comments