ad
Deshabhimani

print edition 75–ാം പിറന്നാൾ; സിനിമാമേളത്തിൽ മമ്മൂട്ടി; ആഘോഷിച്ച്‌ ആരാധകലോകം

MAMMOOTTY
വെബ് ഡെസ്ക്

Published on Sep 08, 2026, 12:51 AM | 1 min read

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 75–ാം പിറന്നാൾ ആഘോഷമാക്കി സിനിമാലോകവും ആരാധകരും. ഒക്‌ടോബർ ആറിന്‌ തിയറ്ററിലെത്തുന്ന തന്റെ പുതിയ തമിഴ്‌ ചിത്രത്തിന്റെ ടീസറും ചിത്രീകരണം നടക്കുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിലും പോസ്‌റ്ററും പുറത്തിറക്കി പിറന്നാൾദിനത്തിൽ ആരാധകരെ മമ്മൂട്ടി ആവേശംകൊള്ളിച്ചു. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമയിലെ സഹപ്രവർത്തകരുമടക്കം സമൂഹമാധ്യമത്തിലൂടെയും നേരിട്ടും പിറന്നാൾ ആശംസകളറിയിച്ചു. മമ്മൂട്ടിയുടെ അടുത്ത സഹപ്രവർത്തകർ സമൂഹമാധ്യമത്തിൽ, അദ്ദേഹത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങളും ആശംസയ്‌ക്കൊപ്പം പങ്കിട്ടു.


പിറന്നാൾദിനത്തലേന്ന്‌ അർധരാത്രിയോടെ മുൻ വർഷങ്ങളിലെപ്പോലെ നൂറുകണക്കിന്‌ ആരാധകർ കൊച്ചി എളംകുളത്തെ മമ്മൂട്ടിയുടെ വീടിനുമുന്നിൽ തടിച്ചുകൂടിയിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്ന മമ്മൂട്ടി, തിങ്കൾ പുലർച്ചെ 12. 01ന്‌ വീഡിയോകോളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ഇളകിമറിഞ്ഞു. പിറന്നാൾ ആശംസകൾ നേർന്ന്‌ അവർ പിറന്നാൾമധുരം പങ്കിട്ടു. മോഹൻലാൽ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കിട്ടു. ‘ഹാപ്പി ബർത്ത്‌ ഡേ ഡിയർ ഇച്ചാക്കാ, ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ, വിജയയാത്ര തുടരുക’ എന്ന വരികളും കുറിച്ചൂ.


തമിഴ്‌താരം ധനുഷിനൊപ്പം വേഷമിടുന്ന ‘ഓം: ചാപ്‌റ്റർ 1 – ദ ബ്ലഡ്‌വുഡ്‌’ എന്ന സിനിമയുടെയും മലയാള ചിത്രമായ മേളയുടെയും പോസ്‌റ്ററുകൾ ആരാധകർക്കുള്ള പിറന്നാൾസമ്മാനമായി മമ്മൂട്ടി സ്വന്തം സമൂഹമാധ്യമപേജിൽ പങ്കിട്ടു. മമ്മൂട്ടിയുടെ സെക്രട്ടറി എസ്‌ ജോർജിന്റെ ഉൾപ്പെടെ അടുപ്പക്കാരുടെ സമൂഹമാധ്യമപേജിലൂടെയാണ്‌ ‘ഓം’ സിനിമയുടെ ടീസർ പുറത്തുവന്നത്‌. നൂറുകണക്കിന്‌ ആരാധകർ ഇവ പങ്കിട്ടു. മമ്മൂട്ടി കന്പനിയുടെ ഒന്പതാമത്‌ സിനിമയാണ്‌ നിതിഷ്‌ സഹദേവ്‌ സംവിധായകനാകുന്ന ‘മേള’. 1980ൽ കെ ജി ജോർജ്‌ സംവിധാനംചെയ്‌ത ഇതേ പേരുള്ള ചിത്രത്തിലാണ്‌ മമ്മൂട്ടി അഭിനയപ്രാധാന്യമുള്ള ആദ്യ മുഴുനീളവേഷം അവതരിപ്പിച്ചത്‌.


മികച്ച നടനുള്ള ദേശീയ പുരസ്‌കാരനേട്ടത്തിന്റെകൂടി പശ്ചാത്തലത്തിലാണ്‌ എഴുപത്തിയഞ്ചാം പിറന്നാൾ കടന്നുവന്നതെങ്കിലും ചെന്നൈയിലെ വീട്ടിൽ വലിയ ആഘോഷമൊന്നും സംഘടിപ്പിച്ചിരുന്നില്ല. ഭാര്യ സുൾഫത്തും മകൻ ദുൽഖർ സൽമാനും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home