‘ഇതാണ് അതിനുള്ള സമയം’; വൈകാരിക കുറിപ്പുമായി ഷറഫുദ്ദീൻ

കൊച്ചി: പുതിയ ചിത്രത്തിന്റെ റിലീസിന് മുമ്പ് വൈകാരിക കുറിപ്പുമായി നടൻ ഷറഫുദ്ദീൻ. തന്റെ ആദ്യ ചിത്രം നേരത്തിന്റെ പോസ്റ്ററിന് മുന്നിലിരിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ഷറഫ് തന്റെ സിനിമാ ജീവിതത്തെ ഓർത്തത്. 'ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം'- താരം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്ന് നിർമിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' വെള്ളിയാഴ്ച തീയേറ്ററിലെത്തുന്ന വേളയിലാണ് നടന്‍ ആരാധകരോട് പിന്തുണ ആവശ്യപ്പെട്ടത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.
ഫെയ്സ്ബുക്ക് കുറിപ്പ്
എല്ലാ പ്രിയപ്പെട്ടവർക്കും… ഞാൻ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ !
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
ഇടവേളകളിൽ കയ്യടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?
ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്.
The Pet Detective നാളെ റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം.
എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ ♥️
NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!










0 comments