പരിസ്ഥിതി ലോല പ്രദേശ കരട്‌പട്ടിക
ജനവാസ മേഖലയേയും കൃഷി ഭൂമിയേയും ഒഴിവാക്കണം

പ്രതിനിധി സമ്മേളന നഗരിയായ കെ വി രാമകൃഷ്‌ണൻ നഗറിൽ ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് പതാക ഉയർത്തുന്നു
കെ വി രാമകൃഷ്ണൻ നഗർ
പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കേന്ദ്ര കരടുപട്ടികയില്‍നിന്ന് ജനവാസ മേഖല, കൃഷി ഭൂമി, തോട്ടങ്ങൾ എന്നിവയെ പൂര്‍ണമായും ഒഴിവാക്കണമെന്ന് കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ 131 വില്ലേജുകളിലെ മലയോരത്തോട് ചേര്‍ന്ന 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ജില്ലയില്‍ പാണഞ്ചേരി, പീച്ചി, മാന്ദാമംഗലം, കുറ്റിച്ചിറ, പരിയാരം, മുള്ളൂര്‍ക്കര, കിള്ളിമംഗലം, തിരുവില്വാമല, പാമ്പാടി, കുറുമല, മണലിത്തറ, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്കര, ആറ്റൂര്‍, വിരുപ്പാക്ക, എങ്കക്കാട് എന്നിവയാണ് പരിസ്ഥിതി ലോലപ്രദേശം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച 98 വില്ലേജുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തുകയും ജനവാസ മേഖല, കൃഷി ഭൂമികള്‍, തോട്ടങ്ങള്‍ എന്നിവയെ പൂര്‍ണമായും ഒഴിവാക്കി റീ നോട്ടിഫൈ ചെയ്യണമെന്നും സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സമഗ്ര നെല്‍ക്കൃഷി വികസനത്തിനും നെല്‍കര്‍ഷക സംരക്ഷണത്തിനും അടിയന്തര പാക്കേജ് പ്രഖ്യാപിക്കുക, നെല്‍വില കിലോയ്‌ക്ക് 35 രൂപയായി പ്രഖ്യാപിക്കുക എന്നിവയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയും കാലാവസ്ഥ സന്തുലനവും കോള്‍ പുഞ്ചപ്പാടങ്ങളുടെ നിലനില്‍പ്പും മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സമഗ്ര നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.









0 comments