print edition ഇല്ലാത്ത മെഡി. കോളേജിനായി നഴ്‌സിങ് സീറ്റുകൾ വെട്ടി


അഖില ബാലകൃഷ്ണൻ
Published on Sep 06, 2026, 01:30 AM | 1 min read
തിരുവനന്തപുരം: കടലാസിൽ മാത്രമുള്ള രണ്ടാം മെഡിക്കൽ കോളേജിനായി തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളേജിലെ അധിക ബാച്ചിലെ 100 ബിഎസ്‌സി നഴ്‌സിങ് സീറ്റുകൾ വെട്ടിച്ചുരുക്കി സർക്കാർ. സീറ്റുകൾ സംസ്ഥാനത്തെ മറ്റ് നഴ്‌സിങ് കോളേജുകളിലേക്ക് പുനർവിന്യസിക്കാനാണ് തീരുമാനം. ജനറൽ ആശുപത്രിവളപ്പിലെ അപെക്സ് ട്രോമ ട്രെയിനിങ് സെന്റർ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന നഴ്‌സിങ് അധിക ബാച്ചിന് ഇതോടെ പൂട്ടുവീഴും. കെ കരുണാകരന്റെ പേരിലുള്ള മെഡിക്കൽ കോളേജിനുവേണ്ടി കെട്ടിട സമുച്ചയം വിട്ടുകൊടുക്കണമെന്നാണ് നിബന്ധന. എന്നാൽ, മെഡിക്കൽ കോളേജിന് പ്രവർത്തനാനുമതിയോ സൗകര്യങ്ങളോ ലഭ്യമായിട്ടില്ല.
പുനർവിന്യാസത്തിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, ആരോഗ്യ സർവകലാശാല എന്നിവയുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ 100 സീറ്റുകളിലേക്ക് പ്രവേശനം തൽക്കാലം നിർത്തിവയ്‌ക്കുമെന്നും ഉത്തരവിലുണ്ട്. ഈ വർഷത്തെ എൽബിഎസ് അഡ്മിഷൻ ട്രയൽ അലോട്ട്മെന്റിൽവരെ സീറ്റുകൾ ഉൾപ്പെടുത്തിയിരുന്നു. പ്രവേശനനടപടി അവസാനഘട്ടത്തിലെത്തിനിൽക്കെയാണ് വിചിത്ര ഉത്തരവ്. വാടകയ്‌ക്കോ മറ്റ് സർക്കാർ സംവിധാനങ്ങളിലോ കെട്ടിടം കണ്ടെത്തി നഴ്‌സിങ് കോളേജ് നിലനിർത്താതെ, പൊതുമേഖലയിലെ സീറ്റുകൾ ഇല്ലാതാക്കുന്ന സർക്കാർ തീരുമാനം സ്വകാര്യമേഖലയ്‌ക്കുവേണ്ടിയാണെന്നും ആക്ഷേപമുയർന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്താകെ അഞ്ച് നഴ്‌സിങ് കോളേജുകൾ പുതുതായി അനുവദിച്ചപ്പോഴാണ് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിന് 100 അധിക സീറ്റ് നൽകിയത്. മൂന്നു ബാച്ച് വിദ്യാർഥികൾ ഇതിനകം പഠിച്ചിറങ്ങി.










0 comments