ലോക മാസ്റ്റേഴ്സ് മീറ്റിൽ 4 മെഡൽ
എം ജെ ജേക്കബിന് ഉജ്വല വരവേൽപ്പ്

എം ജെ ജേക്കബിന് ഒലിയപ്പുറത്ത് നൽകിയ സ്വീകരണം
കൂത്താട്ടുകുളം
ലോക മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡൽ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായ എം ജെ ജേക്കബിന് നാടിന്റെ വരവേൽപ്പ്. ദക്ഷിണ കൊറിയയിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ 85 വയസ്സിൽ മുകളിലുള്ള വിഭാഗത്തിൽ 80 മീറ്റർ, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ സ്വർണവും ലോങ് ജംമ്പ്, 200 മീറ്റർ ഓട്ടം എന്നിവയിൽ വെങ്കലവും നേടിയാണ് എം ജെ തിരികെയെത്തിയത്.
106 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ രണ്ട് സ്വർണവും ഏഴ് വെങ്കലവുമായി ഒമ്പത് മെഡലുകൾ ഇന്ത്യ നേടി. 38-ാം സ്ഥാനത്ത് ഇന്ത്യയെ എത്തിച്ചതിൽ എം ജെ ജേക്കബ് എന്ന എൺപത്തഞ്ചുകാരന്റെ അർപ്പണ മനോഭാവമായിരുന്നു. മുൻ എംഎൽഎ എം ജെ ജേക്കബ് ആറാം തവണയാണ് ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നത്. ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ഫിൻലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ ലോക മീറ്റുകളിലും മെഡലുകൾ നേടി. കഴിഞ്ഞ ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ നാലു മെഡലുകൾ സ്വന്തമാക്കി.
മൂന്നു തവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, മൂന്നുതവണ കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർമാൻ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, പിറവം എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ സിപിഐ എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിജോ ജോർജ്, ജോൺസൺ കെ വർഗീസ്, കാക്കൂർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, മാസ്റ്റേഴ്സ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായ എം എസ് ജോസഫ്, അസൈനാർ, ചന്ദ്രബാബു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എം സി റോഡിൽ ഉപ്പുകണ്ടം കവലയിൽ നാട്ടുകാർ വൻ വരവേൽപ്പ് നൽകി. ഒലിയപ്പുറത്തെ എംജെയുടെ വീടു വരെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലിയോടെയാണ് ആനയിച്ചത്.









0 comments