print edition ഓണം കഴിഞ്ഞിട്ടും ‘വില’ കയറ്റത്തിൽതന്നെ

തിരുവനന്തപുരം: ഓണം കഴിഞ്ഞാലെങ്കിലും വില താഴുമെന്ന സാധാരണക്കാരുടെ പ്രതീക്ഷയിൽ ആണിയടിച്ച് യുഡിഎഫ് സർക്കാർ. വിപണിയിലെ സാധനങ്ങളുടെ തീവിലയിൽ മാറ്റമില്ല. ഓണത്തിന് രണ്ടുമാസം മുമ്പേ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലവർധന പിടിച്ചുനിർത്താൻ ഇപ്പോഴും സർക്കാരിനായിട്ടില്ല. വിവിധയിനം അരിയുടെ വിലയിൽ അഞ്ചുമുതൽ 10വരെ രൂപയുടെ വർധന ഉണ്ടായത് തുടരുകയാണ്.
ജയ, മട്ട, സുരേഖ, ഉണ്ട തുടങ്ങിയ ജനപ്രിയ അരിയിനങ്ങൾക്ക് അമ്പതിന് മുകളിലാണ് വില. പഞ്ചസാര, മല്ലി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഓണത്തിന് ശേഷവും കുത്തനെ ഉയരുകയാണ്. ആഗസ്‌തിൽ 58 രൂപവരെയുണ്ടായിരുന്നിടത്ത് ഓണം അടുത്തപ്പോൾ 60 കടന്ന പഞ്ചസാര നിലവിൽ കിലോ 65 രൂപയ്‌ക്കാണ് പൊതുവിപണിയിൽ വിൽക്കുന്നത്. സവാള വിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായത് 20 രൂപ വർധന. ആഗസ്‌ത് അവസാനം 45 ആയിരുന്നിടത്ത് 65 ആയാണ് കുതിച്ചത്. മല്ലിയുടെ വിലയിൽ 10 രൂപയും വർധിച്ചു. 210ൽ നിന്ന് വില നിലവിൽ 220 ആയി. കിഴങ്ങിന്റെ വിലയിൽ അഞ്ചുരൂപയും കൂടി.
അരിക്ക് വിപണിയിൽ വില കുതിച്ചുകയറിയപ്പോഴും സാധാരണക്കാർക്ക് ആശ്വാസമാകേണ്ട റേഷൻ കടകളിൽ ഒന്നര ഇരട്ടിയിലധികം വിലയിലാണ് ഇത്തവണ സർക്കാർ പ്രത്യേക അരി വിറ്റത്. കഴിഞ്ഞ വർഷം 10.90 രൂപയ്‌ക്ക് നൽകിയിരുന്ന അരി 26 രൂപയ്‌ക്കായിരുന്നു ഇത്തവണ വിൽപ്പന. വിപണിയിടപെടലുണ്ടായില്ലെന്ന വിമർശം ശക്‌തമായപ്പോൾ സപ്ലൈകോയിൽ റെക്കോഡ് വിൽപ്പന എന്ന വിറ്റുവരവ് കണക്കുയർത്തി പ്രതിരോധം തീർക്കാൻ ശ്രമിച്ച യുഡിഎഫ് സർക്കാർ വാദത്തിലെ പൊള്ളത്തരവും പുറത്തായി. ഇൗ വർഷം ഉത്രാടംവരെയുള്ള കണക്കിൽ ആകെ വിറ്റുവരവിന്റെ 36 ശതമാനം മാത്രമായിരുന്നു സബ്സിഡി വിൽപ്പന.
കഴിഞ്ഞ വർഷം ഇതേ സമയം 47 ശതമാനം വിറ്റുവരവും ലഭിച്ചത് സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയായിരുന്നു.









0 comments