print edition അടി, തട, കള്ളക്കേസ്; അണികളെ ചവിട്ടുന്ന ‘വിസ്മയം’

തിരുവനന്തപുരം: അധികാരത്തിലേറിയ കോൺഗ്രസ് ഉണ്ടാക്കുന്ന അസാധാണ കലാപങ്ങൾക്കും കയ്യാങ്കളികൾക്കും വഴിതടയലുകൾക്കും പിന്നിൽ വമ്പൻ അഴിമതിയും കുതികാൽവെട്ടും. ചോദ്യം ചോദിച്ചാൽ, മിണ്ടരുതെന്നും പുറത്തിറക്കി വിടുമെന്നും പതിവായി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന് പറ്റിയ അനുയായികളാണ് പല എംഎൽഎമാരും. ചിറയിൻകീഴിൽ രമ്യ ഹരിദാസും ചാലക്കുടിയിൽ സനീഷ്‌കുമാർ ജോസഫും കാണിച്ചത് വാർത്തയായതിനാൽ ജനം അറിഞ്ഞെന്നുമാത്രം.
മുഖ്യമന്ത്രിയെ ഡിസിസി അംഗമായ ചേന്തി അനിൽ വഴിയിൽ തടഞ്ഞപ്പോൾ ഗുണ്ടയാണ് തടഞ്ഞതെന്ന് യുഡിഎഫ് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. സതീശനെ രക്ഷിക്കാനുള്ള തത്രപ്പാടിനിടെ, ഗുണ്ടാനേതാവ് എങ്ങനെ ഡിസിസിയിലെത്തിയെന്ന് ചോദിക്കാൻ മാധ്യമങ്ങൾ മറന്നു. ഡിസിസിയിൽ മാത്രമല്ല അതിനുമുകളിലും ഗുണ്ടകളുണ്ടെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീടുണ്ടായത്. ചേന്തി അനിലിനോട് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന് ആക്രോശിച്ചു മുഖ്യമന്ത്രി.
രമ്യ ഹരിദാസും പാളയം പ്രദീപും നടത്തുന്ന വൻ പണപ്പിരിവാണ് ചിറയിൻകീഴിലെ പ്രശ്നം. അത് ചോദ്യംചെയ്ത കോൺഗ്രസ് നേതാവിനെ വീട്ടിൽ ചെന്ന് അടിക്കാൻ പ്രദേശത്തുകാരല്ലാത്ത രമ്യയും പ്രദീപും ധൈര്യം കാണിച്ചെങ്കിൽ, അതിന് പിന്നിലുള്ള ബലം ചെറുതല്ല. രമ്യയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾതന്നെയാണ് രംഗത്തെത്തിയത് എന്നതും പ്രസക്തം.
പട്ടയം ശരിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സനീഷ്‌കുമാർ ജോസഫ് എംഎൽഎയ്‌ക്കെതിരെ പരാതി കൊടുത്തയാളെ പ്രതിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതിപ്പണം പങ്കുവയ്ക്കുന്നതിലുള്ള തർക്കമാണ് എല്ലാത്തിന്റെയും പിന്നിലുള്ളതെന്ന് വ്യക്തം. എങ്ങനെയാണ് കോൺഗ്രസ് കേരളത്തെ അഞ്ചുകൊല്ലം നയിക്കാൻ പോകുന്നത് എന്ന കൃത്യമായ സൂചനയാണിത്.









0 comments