ഹോണടിച്ചതിന് കാർ തടഞ്ഞ് ഭീഷണി; സ്വകാര്യ ബസ് ക്ലീനർ അറസ്‌റ്റിൽ

മുഹമ്മദ് അൻസാർ കാർ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു
കൊച്ചി
ഹോണടിച്ചതിൽ പ്രകോപിതനായി കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ അറസ്‌റ്റിൽ. കണ്ണുർ സ്വദേശി മുഹമ്മദ് അൻസാറിനെ(23)യാണ് നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആഗസ്‌ത് ഒന്പതിന് ദേശാഭിമാനി ജങ്‌ഷനിലായിരുന്നു സംഭവം. പ്രവാസി മലയാളിയായ ഷാജി ജോസിനെയാണ് ഭീഷണിപ്പെടുത്തിയത്.
കാക്കനാട്–ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ‘ശക്തി’ ബസ് ഷാജിയും കുടുംബവും സഞ്ചരിച്ച കാറിനെ മറികടന്ന് വലതുവശത്ത് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയുമായിരുന്നു. തുടർന്ന് ഷാജി ഹോൺ മുഴക്കി. ഇതോടെ ബസ്സിലുണ്ടായിരുന്ന മുഹമ്മദ് അൻസാർ ചാടിയിറങ്ങി കാർ തടഞ്ഞു. വാഹനത്തിൽ ശക്തമായി ഇടിച്ചു. വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വധഭീഷണി മുഴക്കി. കാറിലുണ്ടായിരുന്നവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇതുവഴി വന്ന ഇരുചക്രവാഹനക്കാർ കാറിലുള്ള കുടുംബത്തിന്റെ കരച്ചിൽ കേട്ടു. ഇവർ ക്ലീനറെ കാറിന് മുന്നിൽനിന്ന് മാറ്റി. തുടർന്ന് ഷാജി ഇ മെയിൽ മുഖാന്തിരം പൊലീസിന് പരാതി നൽകി. ഇംഗ്ലണ്ടിലാണ് ഷാജി ജോലി ചെയ്യുന്നത്.
സംഭവശേഷം മുഹമ്മദ് അൻസാർ ഒളിവിൽ പോയി. അന്വേഷണത്തിൽ ഇയാൾ അലങ്കാർ ബസ്സിലെ ക്ലീനറാണെന്ന് വിവരം ലഭിച്ചു. ശനിയാഴ്‌ച കലൂർ ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അതിക്രമങ്ങളും തുടർക്കഥയാവുകയാണ്.










0 comments