ad
Deshabhimani

‘ഐ വാസ്‌ ജെൻ സീ, ബിഫോർ ജെൻ സീ’; നീരജ്‌ മാധവ്‌ മനസ്സ്‌ തുറക്കുന്നു

Neeraj Madhav mani photo.jpg
avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Aug 02, 2026, 12:01 AM | 2 min read


‘തസ്‌തികകൾ ഇഷ്ടമില്ലാത്തയാളാണ്‌ ഞാൻ. കലാകാരൻ എന്ന രീതിയിൽ എന്നെ തിരിച്ചറിഞ്ഞാൽ മതി. ഏതെങ്കിലും തസ്‌തികകളിൽ പെടുത്തിയാൽ അതിൽ ലോക്കാകും. അതിന്റെ ബാധ്യതകളും ഏറ്റെടുക്കേണ്ടിവരും’– നീരജ്‌ മാധവ്‌ മനസ്സ്‌ തുറക്കുന്നു.


എന്നും വിദ്യാർഥികൾക്കൊപ്പമാണെന്നായിരുന്നു ഡൽഹി പ്രക്ഷോഭത്തെക്കുറിച്ച്‌ ഞാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്‌. അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യത്ത്‌ നിൽക്കുന്പോൾ ഒരിക്കലും പറയാനുള്ളത്‌ പറയാൻ മടികാണിക്കാത്തയാളാണ്‌ ഞാൻ.

നീറ്റ്‌ പേപ്പർ ചോർച്ച എന്നതിനേക്കാളേറെ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തോടുള്ള പ്രതിഷേധമായിട്ടാണ്‌ ഇതിനെ കണ്ടിട്ടുള്ളത്‌. വളർന്നുവന്നപ്പോൾ സിസ്റ്റത്തിനകത്ത്‌ ഫിറ്റാകാൻ നല്ലവണ്ണം ബുദ്ധിമുട്ടി. ചോദ്യങ്ങൾ ചോദിക്കുന്പോൾ എന്തിനാണ്‌ ചോദിക്കുന്നതെന്ന സമീപനം എനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. പലപ്പോഴും അധികപ്രസംഗിയായി മുദ്രകുത്തിയിട്ടുണ്ട്‌. ‘ഐ വാസ്‌ ജെൻ സീ ബിഫോർ ജെൻ സീ’ എന്ന്‌ ഇപ്പോൾ തോന്നുന്നുണ്ട്‌. നമ്മുടെ സിസ്റ്റം ഒ‍ൗട്ട്‌ഡേറ്റഡാണെന്നും അതിൽ മാറ്റംവരുത്തണമെന്നുമാണ്‌ ജെൻ സീകൾ സമൂഹത്തോട്‌ പറഞ്ഞത്‌. യുവതലമുറയെ അംഗീകരിക്കുന്ന നിലയിലേക്ക്‌ സമൂ‍ഹം മാറിയെന്നത്‌ ഏറെ അഭിമാനം നൽകുന്നു.


​ഏലിയൻ കോമഡിയുമായി ‘പ്ലൂട്ടോ’


30ന്‌ റിലീസായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’യാണ്‌ പുതിയ ചിത്രം. ഏലിയൻ കോമഡിയാണ്‌ ചിത്രം. അടി കപ്യാരെ കൂട്ടമണി, സിഐഡി മൂസ പോലെയുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരുമായി പെട്ടെന്ന്‌ കണക്ടാകും. കോമിക്‌ ബുക്ക്‌ കഥകൾ വായിക്കുന്നപോലെയൊരു അനുഭവമാണ്‌ സിനിമ സമ്മാനിക്കുക. കോമഡി എന്റർടെയ്‌നറാണ്‌ ചിത്രം. ചെറിയൊരു സയന്റിഫിക്‌ ഫിക്‌ഷൻ എലമെന്റുമുണ്ട്‌. പല ഷോകളും ഹ‍ൗസ്‌ ഫുള്ളാണെന്നാണ്‌ ലഭിച്ച വിവരം. ഏലിയനാകുന്നത്‌ നടൻ അൽത്താഫാണ്‌.


Neeraj Madhav.jpg

സിനിമ റിവ്യൂ അവരുടെമാത്രം അഭിപ്രായം


സിനിമ റിവ്യൂവിൽ, പറയുന്ന വ്യക്തി കാണുന്പോഴുള്ള സാഹചര്യവും അതിനുമുന്പും പിൻപുമുള്ള അയാളുടെ മുൻവിധിയുമെല്ലാം കടന്നുവരാം. ഉദാഹരണത്തിന്‌ സ്‌പൈഡർമാൻ ബ്രാൻഡ്‌ ന്യൂ ഡേ സിനിമ കണ്ടശേഷം മലയാളസിനിമ കാണുന്നയാൾ അതിനെ താരതമ്യപ്പെടുത്തുക ബോളിവുഡ്‌ സിനിമയുമായിട്ടായിരിക്കും. എനിക്കുതന്നെ ആദ്യം ഒരു സിനിമ കാണുന്പോഴുള്ള അനുഭവമല്ല രണ്ടാമത്‌ കാണുന്പോൾ. എനിക്കിപ്പോൾ ഇഷ്ടമാകുന്നുണ്ടല്ലോ എന്ന്‌ തോന്നിയിട്ടുണ്ട്‌. സമൂഹവുമായി ഒത്തിരുന്ന്‌ സിനിമ കാണുന്പോൾ അവരുടെ റിയാക്‌ഷൻവരെ നമ്മുടെ അഭിപ്രായത്തെ സ്വാധീനിക്കാം. ആദ്യ ഷോ കണ്ട്‌ റിവ്യൂ പറയുന്നത്‌ അവരുടെമാത്രം അഭിപ്രായമാണ്‌. അതുമാത്രമാണ്‌ ശരിയെന്ന്‌ ഉറപ്പിക്കാനാകില്ല. റിവ്യൂ കണ്ട്‌ സിനിമയ്‌ക്ക്‌ പോയിട്ട്‌, നേരെ തിരിച്ചുള്ള അഭിപ്രായം തോന്നിയ നിരവധി സിനിമകളുണ്ട്‌. ‘പ്ലൂട്ടോ’ മുൻവിധികളോടെയല്ലാതെ കണ്ടാൽ ഇഷ്ടപ്പെടും.


പുതിയ ചിത്രങ്ങൾ


തൽക്കാലം വെബ്‌സീരീസുകൾ ഉടനെയില്ല. ഹിന്ദിയിൽനിന്ന്‌ ഇപ്പോഴും ഓഫറുകൾ വരുന്നുണ്ട്‌. ടൊവിനോ തോമസും നസ്രിയയും പ്രധാന വേഷം ചെയ്യുന്ന ‘എൽ ക്ലാസിക്കോ’യാണ്‌ പുതിയ ചിത്രം. ഹിന്ദിയിലും തമിഴിലുമായി ഇറങ്ങുന്ന എ എൽ വിജയ്‌ ചിത്രമാണ്‌ വേറൊന്ന്‌. മാധവനും കങ്കണ റണാവത്തുമാണ്‌ മുഖ്യവേഷങ്ങളിൽ.


ചിലർ പറഞ്ഞു, 
നീ അതിനൊന്നും ആയിട്ടില്ല


അവസരങ്ങൾ ചോദിച്ചപ്പോൾ അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇത്‌ കരിയറിന്റെ തുടക്കത്തിലല്ല, ഇടക്കാലത്താണ്‌. അവസരങ്ങൾ ചോദിക്കുന്പോൾ നിരസിക്കുന്ന രീതി ചിലപ്പോൾ ക്രൂരമാകാറുണ്ട്‌. വലിയ വേഷങ്ങളിലേക്ക്‌ സ്വയം ആഗ്രഹം ചോദിച്ച്‌ പോകുന്ന സമയത്ത്‌, നീ അതിനൊന്നും ആയിട്ടില്ലെന്ന പ്രതികരണം ലഭിച്ചത്‌ ഏറെ വിഷമമുണ്ടാക്കിയിട്ടുണ്ട്‌. ഒരാളുടെ മുന്നിൽ അവസരം ചോദിക്കുന്നത്‌ യാചിക്കുന്നതുപോലെയാണ്‌. അത്‌ വേറെ രീതിയിൽ കാണുന്നവരുമുണ്ട്‌. സെൻസിറ്റീവായ വ്യക്തിയാണ്‌ ഞാൻ.

സിനിമ ആരുടെയും കുത്തകയല്ല. സമൂഹമാധ്യമങ്ങളിൽ റീൽസ്‌ ഇടുന്നവർവരെ മുൻനിരയിലേക്ക്‌ വന്നുകഴിഞ്ഞു. ആദ്യസിനിമ ‘ബഡ്ഡി’യിൽ വന്നത്‌ മെറിറ്റിൽത്തന്നെയാണ്‌. ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്‌.അലഞ്ഞുനടന്ന്‌ കതകുകൾ തട്ടേണ്ടത്‌ എന്തിനാണെന്ന്‌ ചിന്തിക്കുന്നയാളാണ്‌ ഞാൻ. നമ്മുടെ കൈയിൽ സംഭവമുണ്ടെങ്കിൽ നമുക്കുതന്നെ അവസരങ്ങൾ സൃഷ്‌ടിക്കാമെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.


Neeraj Madhav 1.jpg


ചെയ്യുന്ന സിനിമയിൽ 
എക്‌സൈറ്റഡാകണം


ആർഡിഎക്‌സ്‌ സിനിമ കഴിഞ്ഞ്‌ ആ ലെവലിലേക്കോ അതിന്‌ സമാനമായതോ ആയ റോളുകൾ എന്റെ അടുത്തേക്ക്‌ എത്തിയില്ല. വലിയ പ്രോജക്ടുകളൊന്നും ഉണ്ടായില്ല. പല കഥകളും കേട്ടു. എല്ലാ ദിവസവും രാവിലെ ഷൂട്ടിങ്ങിന്‌ പോകുന്നതിന്‌ അപ്പുറത്ത്‌ ചെയ്യുന്ന സിനിമയിൽ എക്‌സൈറ്റഡാകാനാണ്‌ ഇഷ്ടം. ചെയ്യുന്ന സിനിമയിൽ എന്തെങ്കിലും ഒരു ഡ്രൈവിങ്‌ ഫാക്ടറുണ്ടാകണമെന്ന്‌ നിർബന്ധമുള്ളയാളാണ്‌ ഞാൻ. അത്തരം കഥകൾ ലഭിക്കാത്തതിനാലാണ്‌ ചെറിയൊരു ഇടവേളയുണ്ടായത്‌. നമ്മുടെ കീശ സുരക്ഷിതമാക്കാൻ പ്രേക്ഷകരോടുള്ള പ്രതിബദ്ധത കളയാൻ താൽപ്പര്യമില്ല.


വരുന്നു, പടക്കുതിര


പടക്കുതിര എന്ന പുതിയ സംഗീത ആൽബത്തിന്റെ പണിപ്പുരയിലാണ്‌ ഞാൻ. സിനിമാതിരക്കുകൾ കഴിഞ്ഞുമാത്രമേ ഇതിലേക്ക്‌ കടക്കൂ. നെറ്റ്‌ഫ്ലിക്‌സ്‌ പുറത്തിറക്കിയ ‘നമ്മ സ്റ്റോറീസ്‌’ എന്ന സംഗീത ആൽബത്തിൽ ഹനുമാൻ കൈൻഡിനെപ്പോലെയുള്ള പ്രമുഖർക്കൊപ്പം അണിനിരക്കാൻ സാധിച്ചത്‌ ഭാഗ്യമായി കരുതുന്നു. അതുപോലെ എക്‌സൈറ്റിങ്ങായ ഒരു കൊളാബ്‌ വരുന്നുണ്ട്‌. അതിനെക്കുറിച്ച്‌ ഞാൻ പിന്നീട്‌ പറയാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home