ad
Deshabhimani

ന്യ‍ൂയോർക്കിൽ ചരിത്രം തിരുത്തി മംദാനി

wayanad housewife suicide
വെബ് ഡെസ്ക്

Published on Nov 06, 2025, 12:01 AM | 2 min read


അമേരിക്കൻ മുഖ്യധാരയിൽ ഒരു രാഷ്‌ട്രീയപാർടിയേ ഉള്ളൂവെന്ന്‌ നോം ചോംസ്‌കിയടക്കം ചില ചിന്തകർ പറയാറുണ്ട്‌. മാറിമാറി ഭരിക്കുന്ന ഡെമോക്രാറ്റിക്‌ പാർടിയും റിപ്പബ്ലിക്കൻ പാർടിയും യഥാർഥത്തിൽ ഒരേ കോർപറേറ്റ്‌ മുതലാളിത്ത താൽപ്പര്യങ്ങൾ നടപ്പാക്കുന്ന വലതുപക്ഷ പാർടികളാണെന്നാണ്‌ വിമർശം. അത്‌ ശരിയുമാണ്‌. പലപ്പോഴും ആഭ്യന്തരനയത്തിൽ ഡെമോക്രാറ്റിക്‌ പാർടി സ്വീകരിക്കുന്ന പുരോഗമനപരമായ ചില നിലപാടുകൾമാത്രമാണ്‌ അതിനെ അൽപ്പം വ്യത്യസ്‌തമാക്കുന്നത്‌. സാമ്രാജ്യത്വ താൽപ്പര്യത്തിലധിഷ്‌ഠിതമായ വിദേശനയത്തിൽ രണ്ടു പാർടികൾക്കും പൊതുവേ ഒരേ നിലപാടാണ്‌. എന്നാൽ സമീപകാലത്തായി അമേരിക്കൻ ജനത, വിശേഷിച്ച്‌ യുവത രാഷ്‌ട്രീയമായി ഇടത്തോട്ട്‌ തിരിയുന്നതായാണ്‌ അനുഭവങ്ങൾ കാണിക്കുന്നത്‌. ചൊവ്വാഴ്‌ച ന്യൂയോർക്ക്‌ മേയർ സ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ, സോഷ്യലിസമാണ്‌ തന്റെ രാഷ്‌ട്രീയം എന്നുറക്കെ പ്രഖ്യാപിച്ചിട്ടുള്ള യുവ ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി നേടിയ ഉജ്വലവിജയം അതിന്‌ അടിവരയിടുന്നതാണ്‌.


ന്യൂയോർക്ക്‌ സംസ്ഥാന നിയമസഭയിൽ ഒരംഗം മാത്രമായിരുന്നു മുപ്പത്തിനാലുകാരനായ മംദാനി. ഒരുവർഷംമുമ്പ്‌ മേയർ സ്ഥാനത്തേക്ക്‌ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമ്പോൾ കാര്യമായി അറിയപ്പെടുന്നയാളായിരുന്നില്ല. ഉഗാണ്ടയിൽ ജനിച്ച മംദാനിക്ക്‌ ഏഴുവർഷംമുമ്പ്‌ മാത്രമാണ്‌ അമേരിക്കൻ പൗരത്വം ലഭിച്ചത്‌. എന്നാൽ, മേയർ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതായി പ്രഖ്യാപിക്കുകയും തന്റെ ഇടതുപക്ഷ നിലപാടുകൾ പരസ്യമായി പറയുകയും ചെയ്‌തതോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും സുപരിചിതനായ ചെറുപ്പക്കാരനായി മംദാനി മാറി. ഇരു പാർടികളിലെയും വലതുപക്ഷ നേതാക്കൾ നടപ്പാക്കിവന്ന ജനവിരുദ്ധ, കോർപറേറ്റ്‌ അനുകൂല നയങ്ങൾക്ക്‌ ബദലായി മംദാനി പ്രഖ്യാപിച്ച ഇടതുപക്ഷനയങ്ങളാണ്‌ അദ്ദേഹത്തെ ജനപ്രിയനാക്കിയത്‌. വീട്ടുവാടകയ്‌ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ പാർപ്പിടങ്ങൾ നിർമിക്കുമെന്നും അതിസമ്പന്നരിൽനിന്ന്‌ അധികനികുതി ഈടാക്കുമെന്നും മറ്റുമായിരുന്നു സാമ്പത്തികനയ പ്രഖ്യാപനങ്ങൾ. അതോടൊപ്പം സയണിസ്റ്റ്‌ വിരുദ്ധ രാഷ്‌ട്രീയനിലപാട്‌ പ്രഖ്യാപിച്ച്‌ ഗാസയിലെ ഇസ്രയേലി നിഷ്‌ഠുരതയെ വിമർശിക്കുകയും ചെയ്‌തത്‌ അമേരിക്കൻ രാഷ്‌ട്രീയത്തിൽ ധീരമായ ഇടപെടലായിരുന്നു.


ഡെമോക്രാറ്റിക്‌–-റിപ്പബ്ലിക്കൻ പാർടികളുടെ രാഷ്‌ട്രീയനേതൃത്വം ഒരുപോലെ ഇസ്രയേലിന്റെ വംശഹത്യയെ സഹായിക്കുമ്പോൾ അതിനെതിരായ നിലപാട്‌ സ്വീകരിക്കുന്നതിന്‌ അസാമാന്യ ധീരതയും അതിന്‌ കരുത്തുപകരുന്ന ലോകവീക്ഷണവും വേണം. ബേണി സാൻഡേഴ്‌സ്‌ അടക്കം ഡെമോക്രാറ്റിക്‌ പാർടിയിലെ വിരലിലെണ്ണാവുന്ന സോഷ്യലിസ്റ്റുകൾ മംദാനിയെ പിന്തുണച്ചപ്പോൾ, ആ പാർടിയിലെ ഭൂരിപക്ഷം നേതാക്കളും അദ്ദേഹത്തിനെതിരായിരുന്നു. ആ എതിർപ്പുകളെക്കൂടി പരാജയപ്പെടുത്തിയാണ്‌ ജൂണിലെ പ്രൈമറിയിൽ പാർടിയുടെ സ്ഥാനാർഥിത്വം നേടിയത്‌. ന്യൂയോർക്ക്‌ സംസ്ഥാനത്തിന്റെ മുൻ ഗവർണർ ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ്‌ സീറ്റ്‌ നേടിയത്‌. തുടർന്ന്‌ സ്വതന്ത്രനായി മത്സരിച്ച കുമോയെ വൻഭൂരിപക്ഷത്തിന്‌ തോൽപ്പിച്ചാണ്‌ ഇപ്പോൾ ന്യൂയോർക്ക്‌ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്‌. വ്യാജ ചിത്രങ്ങൾ സൃഷ്‌ടിച്ചുംമറ്റും ജിഹാദി എന്ന വിദ്വേഷപ്രചാരണമായിരുന്നു എതിരാളികളുടെ പ്രധാന ആയുധം. മംദാനി ‘കമ്യൂണിസ്റ്റ്‌’ ആണെന്നായിരുന്നു പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആരോപണം. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള കേന്ദ്ര ധനവിഹിതങ്ങൾ വെട്ടിക്കുറയ്‌ക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം, കേരളത്തോട്‌ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന പകപോക്കലിനെ ഓർമിപ്പിക്കുന്നതായിരുന്നു. സ്വന്തം പാർടിയുടെ സ്ഥാനാർഥി ഉണ്ടായിട്ടുപോലും മംദാനിയെ തോൽപ്പിക്കാൻ കുമോയ്‌ക്ക്‌ വോട്ട്‌ ചെയ്യാൻ ട്രംപ്‌ അനുയായികളെ ആഹ്വാനം ചെയ്‌തു.


ട്രംപിനുകീഴിൽ തീവ്ര വലതുപക്ഷം ആക്രമണോത്സുകമായി അഴിഞ്ഞാടുന്ന അമേരിക്കയിൽ എല്ലാ പ്രതിലോമശക്തികളുടെയും സർവസന്നാഹങ്ങളെയും മംദാനി തോൽപ്പിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കൻ ക്യാമ്പസുകളിൽ ഉയർന്ന വൻപ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച ട്രംപിന്റെ മുഖത്തേറ്റ പ്രഹരമാണ്‌ ഇത്‌. ആധുനിക ഹിറ്റ്‌ലറായ നെതന്യാഹുവിനും അയാളുടെ സയണിസ്റ്റ്‌ അതിക്രമങ്ങൾക്കുമെതിരെ അമേരിക്കയിൽമാത്രമല്ല ജനരോഷം വളരുന്നത്‌.


പാശ്ചാത്യലോകത്താകെ വളരുന്ന എതിർപ്പിന്റെ മറ്റൊരു പ്രതിഫലനമായിരുന്നു കഴിഞ്ഞയാഴ്‌ച അയർലൻഡ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കണ്ടത്‌. അവിടെ ഭരണകക്ഷിയായ ഫിനെ ഗെയ്‌ൽ പാർടിയുടെ സ്ഥാനാർഥിയെ തോൽപ്പിച്ചാണ്‌ ഇസ്രയേലിന്റെ രൂക്ഷവിമർശകയായ കാതറിൻ കൊണോലി വിജയിച്ചത്‌. ഇടതുപക്ഷ പാർടികളുടെ പിന്തുണയോടെ മത്സരിച്ച കാതറിൻ 63 ശതമാനം വോട്ടാണ്‌ നേടിയത്‌. അയർലൻഡ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്‌. സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന്‌ പ്രത്യാശ നൽകുന്നതാണ്‌ ഈ യുദ്ധവിരുദ്ധ വോട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home