print edition വന്യജീവി ആക്രമണവും മന്ത്രിയുടെ പരിഹാസവും

സൂര്യനെല്ലി സിങ്കുകണ്ടത്ത് മക്കളുടെ മുന്നിൽ മാരി എന്ന യുവതിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. മലന്പുഴയിലും പെരുന്പാവൂരിലും വയനാട്ടിലും അതിരപ്പിള്ളിയിലും അടുത്തിടെ കാട്ടാന ആക്രമണമുണ്ടായി. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അഞ്ചുപേരാണ് സംസ്ഥാനത്ത് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണം തുടരുന്പോഴും വനംമന്ത്രിയുടെ ക്രൂരമായ പരിഹാസമാണ് കഴിഞ്ഞദിവസം കേരളം കണ്ടത്. ‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, ‘മന്ത്രിസഭ മാറിയതറിഞ്ഞ് ആനയിറങ്ങിയതാണോ എന്നറിയില്ല’ എന്നിങ്ങനെ പോകുന്നു വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രതികരണങ്ങൾ. ഇത് രണ്ടാംതവണയാണ് മന്ത്രി ഇൗ വിഷയത്തെ വളരെ ലാഘവത്തോടെ കണ്ട് പരിഹാസത്തോടെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാനത്തെ മലയോരമേഖലയിലും വനമേഖലയിലും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് അടുത്തകാലത്ത് വർധിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇത് തടയാൻ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ച മുൻ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തിയവരാണ് ഭരണത്തിൽ വന്നപ്പോൾ യഥാർഥ കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാൻപോലും തയ്യാറാകാതെ വിലകുറഞ്ഞ പരാമർശങ്ങളുമായി രംഗത്തുവരുന്നത്. വന്യജീവി ആക്രമണം തടയുന്നതിൽ പ്രധാന വില്ലനായി നിൽക്കുന്ന വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാൻ തയ്യാറാകാത്ത കേന്ദ്രസർക്കാരിനെതിരെ ഒരു വാക്കുപോലും ഇല്ലാതെയാണ് വനംമന്ത്രിയുടെ പ്രതികരണം.
ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിന് 1972ലെ വന്യജീവി സംരക്ഷണനിയമമാണ് പ്രധാന തടസ്സം. ഇതിൽ ഭേദഗതി വരുത്തണമെന്ന് മുൻ എൽഡിഎഫ് സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2024ൽ സംസ്ഥാന നിയമസഭതന്നെ പ്രമേയം പാസാക്കി അയച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോൾ രാജ്യത്താദ്യമായി സംസ്ഥാനം വന്യജീവി സംരക്ഷണ നിയമഭേദഗതിക്ക് ബിൽ അവതരിപ്പിക്കാൻ തയ്യാറായി. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭ അംഗീകാരം നൽകിയ കരടുബിൽ ഗവർണർ ഒപ്പിട്ടശേഷം രാഷ്‌ട്രപതിയുടെ അനുമതിക്ക് സമർപ്പിച്ചിരുന്നു. ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി.
കേന്ദ്രനിയമത്തിലെ അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഇതോടെ ഒഴിവാക്കപ്പെടുമായിരുന്നു. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ടായിരുന്നു. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അവയെ കർഷകന് കൊല്ലുന്നതിന് തടസ്സമില്ലാതാകും. വന്യജീവി ആക്രമണം തടയുന്നതിന് 2022ൽ 620 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ സമർപ്പിച്ചെങ്കിലും ഒന്നുപോലും കേന്ദ്രം അനുവദിച്ചില്ല.
എന്നാൽ, കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെന്റിൽ ശക്തമായ സമ്മർദം ചെലുത്താൻ തയ്യാറായില്ല. വന്യജീവി ആക്രമണം തടയുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്നും ഭരണമാറ്റമുണ്ടായാൽ ഉടൻ പരിഹാരമെന്നുമായിരുന്നു അന്ന് യുഡിഎഫ് പ്രചാരണം. എവിടെയെങ്കിലും വന്യജീവി ആക്രമണമുണ്ടായാൽ, നിലവിലുള്ള കേന്ദ്രനിയമം അനുസരിച്ചുതന്നെ മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വ്യാജപ്രചാരണംകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും യുഡിഎഫുകാർ മുന്നിലായിരുന്നു. വനമുള്ള എല്ലാ സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണം ഉണ്ടായിരുന്നെങ്കിലും കേരളത്തിൽമാത്രമുള്ള പ്രതിഭാസമെന്നമട്ടിൽ എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനായിരുന്നു യുഡിഎഫും ബിജെപിയും ശ്രമിച്ചത്.
ഭരണത്തിൽ വന്നശേഷവും കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല എന്നതാണ് മന്ത്രിയുടെ പരിഹാസം തെളിയിക്കുന്നത്. വന, മലയോര മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാൻ എന്തുകൊണ്ട് യുഡിഎഫ് സർക്കാരും സംസ്ഥാന വനംമന്ത്രിയും തയ്യാറാകുന്നില്ല? ഇക്കാര്യത്തിൽ മൗനം തുടരുന്നതിലെ ജാള്യമാണ് മന്ത്രിയുടെ പരിഹാസവാക്കുകളിൽ പ്രതിഫലിക്കുന്നത്. അത് തിരുത്താനും വന്യജീവി ആക്രമണത്തിന്റെ യഥാർഥ കാരണങ്ങൾ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനും സർക്കാർ തയ്യാറാകണം.










0 comments