print edition പശ്ചിമ ബംഗാളിനെ കലാപഭൂമിയാക്കരുത്

പശ്ചിമ ബംഗാളിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയതിനുപിന്നാലെ ഉയർന്നുവന്ന അക്രമസംഭവങ്ങൾ, വർഗീയധ്രുവീകരണം, വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, മതനിരപേക്ഷ സാംസ്കാരിക പാരമ്പര്യത്തിനുനേരെഉണ്ടാകുന്ന വെല്ലുവിളികൾ എന്നിവയെല്ലാം ചേർന്ന് ബംഗാളിന്റെ രാഷ്ട്രീയഭൂപടത്തിൽ അപകടകരമായ മാറ്റം സംഭവിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നു.
വോട്ടർപ്പട്ടികയുടെ പേരിൽ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കി, പൗരത്വത്തെ മതപരമായ മാനദണ്ഡങ്ങളിലൂടെ പരിശോധിക്കുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്തരത്തിലുള്ള പ്രക്രിയകൾ ജനാധിപത്യത്തിന്റെ സർവസാധാരണ വോട്ടവകാശ സങ്കൽപ്പത്തെത്തന്നെ ദുർബലപ്പെടുത്തി.
വിവിധ മാധ്യമ റിപ്പോർട്ടുകൾപ്രകാരം തെരഞ്ഞെടുപ്പിനുപിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും ബിജെപി നേതാവുമായ ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സംസ്ഥാനത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കൂടുതൽ കലുഷമാക്കിയിരിക്കുകയാണ്.
വർഷങ്ങളായി ബംഗാളിൽ വളർന്നുവന്ന അക്രമരാഷ്ട്രീയത്തിന്റെ വിത്തുകൾ വിതച്ചതിൽ തൃണമൂൽ കോൺഗ്രസിന് വലിയ പങ്കുണ്ട്. രാഷ്ട്രീയവിരോധികളെ ശത്രുക്കളായി കാണുന്ന സമീപനമാണ് സംസ്ഥാനത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. 2006ലെ തെരഞ്ഞെടുപ്പോടെയാണ് ഇടതുപക്ഷത്തെ തകർക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട മഴവിൽ സഖ്യം വ്യാപകമായ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്.
ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും മാവോയിസ്റ്റുകളുമെല്ലാം സഖ്യത്തിലുണ്ടായിരുന്നു. 2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സിപിഐ എമ്മിനെയും ഇടതുപക്ഷപ്രവർത്തകരെയും ലക്ഷ്യമിട്ട് നടന്ന വ്യാപകമായ ആക്രമണങ്ങൾ ഇന്നും ജനമനസ്സിൽ മായാതെ നിൽക്കുന്നു. പാർടി ഓഫീസുകൾ പിടിച്ചെടുക്കൽ, പ്രവർത്തകരെ കൊലപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് തുടർച്ചയായി അരങ്ങേറിയത്.
ഇപ്പോൾ ബിജെപി അധികാരത്തിലെത്തിയതോടെ വീണ്ടും ആക്രമണങ്ങൾ വ്യാപിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ജനാധിപത്യസമൂഹത്തെ ഭീതിയിലാഴ്‌ത്തുന്നു. ന്യൂനപക്ഷവിഭാഗങ്ങളുടെ കടകൾ തകർക്കൽ, പ്രതിപക്ഷ പാർടി ഓഫീസുകൾ കൈയേറൽ, ‘ബുൾഡോസർ രാജ്’ എന്നിവ അരങ്ങേറുന്നു.
ഒരിക്കൽ നവോത്ഥാനചിന്തയുടെയും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും തൊഴിലാളി–കർഷക പോരാട്ടങ്ങളുടെയും കേന്ദ്രമായിരുന്ന ബംഗാളിനെ, ഇന്ന് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന ആശങ്ക ഉയരുന്നു. ബംഗാളിന്റെ ആത്മാവ് എന്നത് മതസൗഹാർദവും ഭാഷാപരമായ അഭിമാനവും കലാസാംസ്കാരികവൈവിധ്യവും മനുഷ്യകേന്ദ്രിതമായ രാഷ്ട്രീയവുമായിരുന്നു.
രബീന്ദ്രനാഥ ടാഗോർ മുതൽ കാസി നസ്രുൽ ഇസ്‌ലാം വരെയും ഇൗശ്വരചന്ദ്ര വിദ്യാസാഗർ മുതൽ സത്യജിത് റേ വരെയും നീളുന്ന ബംഗാളിന്റെ ചരിത്രധാര മനുഷ്യസ്നേഹത്തെയും യുക്തിചിന്തയെയും ഉയർത്തിപ്പിടിച്ചതായിരുന്നു. അതിനാൽ ബംഗാളിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയെ ഒരു തെരഞ്ഞെടുപ്പുഫലമായിമാത്രം കാണാനാകില്ല, മറിച്ച് ബംഗാളിന്റെ ചരിത്രസ്മൃതിയെത്തന്നെ പുനർരചിക്കാൻ ശ്രമിക്കുന്ന സാംസ്കാരിക അധിനിവേശമായാണ് വിലയിരുത്തേണ്ടത്.
അധികാരം ലഭിച്ചതിന്റെ പേരിൽ തെരുവിൽ ശക്തിപ്രകടനം നടത്തുകയും ജനങ്ങളിൽ ഭീതി വിതറുകയും ചെയ്യുന്നത് ഭരണഘടനാപരമായ ഭരണക്രമത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്. ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിരുന്ന മതനിരപേക്ഷ- ജനാധിപത്യ രാഷ്ട്രീയസംസ്കാരത്തെ തകർത്താണ് ബംഗാളിൽ തൃണമൂലും ഹിന്ദുത്വശക്തികളും വളർന്നുവന്നത്. അതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തെ കലാപാന്തരീക്ഷം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും നിയമവാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് -കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അടിയന്തരബാധ്യതയാണ്.
കേന്ദ്രസേനയും പൊലീസും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം അതീവഗൗരവത്തോടെ കാണണം. ആക്രമണത്തിനുപിന്നിൽ ആരായാലും രാഷ്ട്രീയപരമായ സംരക്ഷണം ലഭിക്കരുത്. ജനാധിപത്യത്തിൽ അധികാരമാറ്റം സാധാരണപ്രക്രിയയാണ്. അതിനെ ആഭ്യന്തരയുദ്ധത്തിന്റെ രൂപത്തിലേക്ക് നയിക്കാൻ അനുവദിക്കാനാകില്ല. ജനങ്ങളുടെ ജീവിതപ്രശ്‌നത്തെ മറന്ന് അധികാരപോരാട്ടം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് ബംഗാളിനെ ഇരുണ്ട ഭാവിയിലേക്കാണ് നയിക്കുക. ജനാധിപത്യബോധമുള്ള എല്ലാ ശക്തികളും അക്രമരാഷ്ട്രീയത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്.










0 comments