print edition വിഴിഞ്ഞം തുറമുഖവും മുഖ്യമന്ത്രിയുടെ കള്ളക്കളികളും

എൽഡിഎഫ് സർക്കാരുകളുടെ ജനകീയ പ്രതിബദ്ധതയോടെയുള്ള വികസന നയത്തിന് മകുടോദാഹരണമായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇൗ തുറമുഖം കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും പുരോഗതിക്കും നിർണായകമാണെന്ന തിരിച്ചറിവിലാണ് നിശ്ചയിച്ചതിനേക്കാൾ ഏറെമുമ്പേ നിർമാണം പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തത്. രാജ്യത്തെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വികസന സാധ്യതകളുള്ള വിഴിഞ്ഞം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ നിലനിന്നാലേ നാടിന് യഥാർഥ നേട്ടമുണ്ടാകൂ. എന്നാൽ വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിയമങ്ങളും കരാറുകളുമെല്ലാം കാറ്റിൽപ്പറത്തി കോർപറേറ്റ് ഭീമന്മാർക്ക് തുറമുഖം തീറെഴുതി നൽകാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നത്. തുറമുഖ കമ്പനിയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന ദുരൂഹമായ ഓഹരി വിൽപ്പനയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പും കള്ളക്കളിയും ഇപ്പോൾ പുറത്തായിരിക്കുകയാണ്.
അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്സിക്ക് വിൽക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ തികച്ചും ആസൂത്രിതമാണ്. യുഡിഎഫ് സർക്കാരിന്റെ ധവളപത്രവും ബജറ്റും സ്വകാര്യവൽക്കരണ അജൻഡയുടെ ഭാഗമാണെന്ന എൽഡിഎഫ് വിമർശം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ഓരോ നടപടിയും. ഇതിനുപിന്നിലെ ദുരൂഹതകളും ഒത്തുകളികളും പുറത്തുവരുമ്പോൾ ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയും ഭരണപക്ഷനിരയും ശ്രമിക്കുന്നത്.
പുറത്തുവന്നിരിക്കുന്ന വിവരാവകാശരേഖകളും നിയമസഭാരേഖയിലെ വൈരുധ്യങ്ങളും മുഖ്യമന്ത്രിയുടെ കള്ളക്കളികളെ പൊളിക്കുന്നതാണ്. കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പച്ചക്കള്ളം പറഞ്ഞ് നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണ്. "മുൻകൂർ അനുമതി ഇല്ലാതെ അദാനി ഓഹരി കൈമാറ്റത്തിന് നീക്കം നടത്തിയിട്ടുണ്ടോ’ എന്ന് നിയമസഭയിൽ പ്രതിപക്ഷം ചോദിച്ചപ്പോൾ ‘ഇല്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനി മുൻകൂർ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അത് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ പരിശോധനയിലാണെന്നും വ്യക്തമാക്കി. എന്നാൽ തുറമുഖവകുപ്പ് ആഗസ്ത് മൂന്നിന് നൽകിയ വിവരാവകാശ മറുപടിയിൽ വിൽപ്പന മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുംമുമ്പ് മുൻകൂർ അനുമതി തേടിയുള്ള അപേക്ഷയോ കത്തോ നൽകിയിട്ടില്ലെന്നാണ് പറയുന്നത്. കരാർലംഘനമുണ്ടായിട്ടും അദാനി ഗ്രൂപ്പിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്നും വിവരാവകാശരേഖ പറയുന്നു. അദാനിയെ അതൃപ്തി അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെല്ലാം നുണയായിരുന്നെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. കൺസഷൻ കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടും അദാനിക്കെതിരെ ഔദ്യോഗികമായി കാരണംകാണിക്കൽ നോട്ടീസോ ശക്തമായ നടപടിയോ സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് കോർപറേറ്റുകളോടുള്ള സതീശന്റെ ദാസ്യവേലയാണ് വെളിപ്പെടുത്തുന്നത്.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ചാർട്ടേഡ് വിമാനത്തിൽ വി ഡി സതീശന്റെ വിവാദമായ മംഗളൂരു യാത്ര. കോൺഗ്രസ് നേതൃത്വം അറിയാതെ നടത്തിയെന്ന് പറയപ്പെടുന്ന ഈ യാത്രയിൽ അദാനി ഗ്രൂപ്പ് കമ്പനി പ്രസിഡന്റുമായും ബിജെപിയുടെ സഖ്യകക്ഷി നേതാക്കളുമായും എന്താണ് ചർച്ച ചെയ്തതെന്ന് ഇതുവരെയും തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് തികച്ചും ദുരൂഹമാണ്. ഇൗ കൂടിക്കാഴ്ചയിൽ രൂപപ്പെട്ടവയാണ് യുഡിഎഫ് സർക്കാരിന്റെ ‘വിസ്മയ പദ്ധതികൾ’ എന്ന വിമർശത്തിനും ഇതുവരെ മറുപടിയുണ്ടായില്ല. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പ് വിഭജനം നീണ്ടുപോയതിന് പ്രധാനകാരണം ധനം, തുറമുഖം, നിയമം എന്നിവ വിട്ടുകൊടുക്കില്ലെന്ന സതീശന്റെ വാശിയായിരുന്നു. തുറമുഖവും നിയമവും വിട്ടുകൊടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളുകയായിരുന്നു സതീശൻ.
ഉദ്യോഗസ്ഥതലത്തിലായിരുന്നു അടുത്ത ഇടപെടൽ. തനിക്ക് വേണ്ടപ്പെട്ടവരെ മർമപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിച്ചപ്പോൾ തടസ്സമുണ്ടാക്കുമെന്ന് കരുതുന്നവരെ നീക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച രത്തൻ കേൽക്കറെ തന്നെ തുറമുഖ സെക്രട്ടറിയുമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിലും മാറ്റംവരുത്തി. അനുമതി ലഭിക്കുമെന്ന ഉറപ്പിലാണ് അദാനി ഗ്രൂപ്പ് ഓഹരി വിറ്റഴിക്കലിന് നീക്കം തുടങ്ങിയതെന്ന് വ്യക്തം.
വിൽപ്പന യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖം പൂർണമായും എംഎസ്സിയുടെ കപ്പലുകൾക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുകയും കേരളത്തിന്റെ തുറമുഖം ഏക കോർപറേറ്റ് സ്ഥാപനത്തിന്റെ കുത്തകയായി മാറുകയും ചെയ്യും. വിപണിയുടെ ആണിക്കല്ലായ മത്സരക്ഷമത ഒറ്റയടിക്ക് തകരുകയും മറ്റ് ഷിപ്പിങ് കമ്പനികൾക്ക് തുറമുഖത്തിന്റെ സേവനം ലഭിക്കണമെങ്കിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്യും.
കേരളത്തിന്റെ പൊന്നുവിളയുന്ന തീരം കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണം. ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് ഈ കള്ളക്കളികൾ മൂടിവയ്ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. കേരളത്തിന്റെ താൽപ്പര്യങ്ങളും വികസന സ്വപ്നങ്ങളും തകർത്ത് വിഴിഞ്ഞം തുറമുഖം ആഗോള കുത്തകയ്ക്ക് കൈമാറാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ല. നിലവിലെ കരാർ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാനും തുറമുഖത്തിന്റെ കുത്തകവൽക്കരണം തടയാനും ശക്തമായ ജനകീയ പ്രതിരോധവും സർക്കാർ ഇടപെടലും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.









0 comments